Flash News

6/recent/ticker-posts

കരിപ്പൂർ വിമാനത്താവളത്തിൽ ആദ്യ വിമാനം പറന്നിറങ്ങിയിട്ട് 35 വർഷം പൂർത്തിയാകുന്നു

Views

മലപ്പുറം: പിന്നാക്ക അവസ്ഥയിലായിരുന്ന ഒരു പ്രദേശത്തിനും ജനങ്ങൾക്കും സ്വപ്നങ്ങളിലേക്ക് പറന്നുയരാൻ അവസരം ഒരുക്കിയ മലബാറിന്റെ കവാടത്തിന് 35ന്റെ ചെറുപ്പം. പ്രതിസന്ധികളെ എല്ലാം യാത്രികർ നൽകിയ പിന്തുണ കൊണ്ട് മാത്രം അതിജീവിച്ച മലബാറിന്റെ സ്വന്തം വിമാന താവളത്തിൽ 1988 ഏപ്രിൽ 13ന് വിഷുത്തലേന്നാണ് ആദ്യവി മാനം പറന്നിറങ്ങിയത് മുംബൈയിൽ നിന്ന് പറന്ന് ഉയർന്ന ഇന്ത്യൻ എയർലൈൻസ് വിമാനമാണ് കരിപ്പൂരിന്റെ മണ്ണിൽ ആദ്യമായി ലാൻഡ് ചെയ്തത്. പ്രതിവർഷം മൂന്ന് മില്യണിന് മുകളിൽ യാത്രക്കാരുള്ള വിമാനത്താവളം, വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ഉൾപ്പെടെ നിരവധി പ്രതിസന്ധികളെ നേരിടുകയാണ്.

വലിയ വിമാനം ഇനി എന്ന്?

ഒന്നര പതിറ്റാണ്ടോളം കരിപ്പൂരിൽ നിന്ന് സർവിസ് നടത്തിയ വലിയ വിമാനങ്ങൾ ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധി. 2002 മുതൽ തുടങ്ങിയ വലിയ വിമാന സർവിസുകൾ 2015 മേയ് ഒന്നിനാണ് റികാർപറ്റിങ് പ്രവൃത്തിയുടെ പേരിൽ നിർത്തിയത്, പിന്നീട് നിരന്തര സമ്മർദത്തിന്റെ ഭാഗമായി 2018 ഡിസംബറിലാണ് സർവീസ് പുനരാരംഭിച്ചത്. എന്നാൽ, 2020 ആഗസ്റ്റ് ഏഴിന് കരിപ്പൂരിൽ ഉണ്ടായ എയർഇന്ത്യ എക്സ്പ്രസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും സർവിസിന് നിയന്ത്രണം ഏർപ്പെടുത്തുക ആയിരുന്നു. തുടക്കത്തിൽ മഴക്കാലത്തേക്ക് മാത്രമായിരുന്ന നിയന്ത്രണം പിന്നീട് അനന്തമായി നീളുകയായിരുന്നു.

അപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷം പരിഗണിക്കാമെന്ന വാഗ്ദാനവും നടന്നില്ല. കാരണങ്ങൾ അധികൃതർ തന്നെ കണ്ടെത്തി നിരോധനം നീട്ടുകയായിരുന്നു. ഒടുവിൽ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വികസനം പൂർത്തിയായതിന് ശേഷം അനുമതി നൽകാമെന്നാണ് വാഗ്ദാനം.

ഗൾഫ്, ആഭ്യന്തര സെക്ടറിൽ കൂടുതൽ സർവീസ്

ഗൾഫ് സെക്ടറിന് പുറത്തേക്ക് സർവിസ് ആരംഭിക്കുന്നതിനോടൊപ്പം ഗൾഫ് നാടുകളിലേക്ക് കൂടുതൽ വിമാനങ്ങളും വേണം. നേരത്തെ ഉണ്ടായിരുന്ന സൗദി എയർ ലൈൻസ്, ഇത്തിഹാദ്, എമിറേറ്റ്സ് സർവീസ് നിർത്തിയതോടെ ഗൾഫ് സെക്ടറിലും യാത്രാ പ്രശ്നങ്ങളുണ്ട്. കൂടാതെ, എയർഇന്ത്യ സർവിസ് നിർത്തിയതും തിരിച്ചടിയാണ്. ഇത് പരിഹരിക്കാൻ അടിയന്തര ഇടപെടലുണ്ടാകണം.

നിലവിൽ ബജറ്റ് എയർ ലൈനുകളാണ് അധികവും ഈ സെക്ടറുകളിൽ സർവിസ് നടത്തുന്നത്. നേരത്തെ, യൂറോപ്പിലേക്കും കൂടുതൽ കണക്ടിവിറ്റി ലഭിച്ചിരുന്നുവെങ്കിൽ ഇപ്പോൾ കുറവാണ്. ഇതിന് ഇത്തിഹാദ് അടക്കമുള്ള കമ്പനികൾ സർവീസ് പുനരാരംഭിക്കേണ്ടതുണ്ട്.

ആഭ്യന്തര സെക്ടറിൽ കൊച്ചിയെയും തിരുവനന്തപുരത്തെയും അപേക്ഷിച്ച് കുറഞ്ഞ സർവിസ് മാത്രമാണ് കരിപ്പൂരിലെങ്കിലും വൻ തിരക്കാണ് അനുഭവ പെടുന്നത്. കൂടുതൽ ആഭ്യന്തര സർവീസുകളും ആരംഭിക്കണം

ഭൂമിയേറ്റെടുക്കൽ ഒച്ചിഴയും വേഗത്തിൽ

റെസ വികസനത്തിന് 14.5 ഏക്കർ ഭൂമി ഈ വർഷം മാർച്ചിനകം കൈമാറും എന്നായിരുന്നു സംസ്ഥാന സർക്കാർ നേരത്തെ അറിയിച്ചിരുന്നത്. സാമൂഹികാഘാത പഠനം പൂർത്തിയായെങ്കിലും തുടർ നടപടികൾ ഒച്ചിഴയും വേഗത്തിലാണ്. ഭൂമി വിമാന താവള അതോറിറ്റിക്ക് കൈമാറി റൺവേയുടെ രണ്ട് അറ്റങ്ങളിലും റെസ 90 മീറ്ററിൽ നിന്ന് 240 മീറ്ററായി ദീർഘിപ്പിച്ചാൽ മാത്രമേ വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കൂ. ഭൂമി വിട്ടു നൽകുന്നവർക്ക് മികച്ച നഷ്ടപരിഹാര പാക്കേജ് നൽകി നടപടി പൂർത്തിയാക്കണം എന്നാണ് ആവശ്യം. ഇതിനായി 74 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്.

ചരിത്രം

മലബാറിന് സ്വന്തമായി ഒരു വിമാന താവളമെന്ന മുദ്രാവാക്യവുമായി കെ.പി. കേശവ മേനോന്റെ നേതൃത്വത്തിൽ 1977ൽ നടന്ന വാഹന പ്രചാരണ ജാഥയോടെയാണ് ആവശ്യം ഉയർന്നത്. അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി പുരുഷോത്തമ ലാൽകൗഷിക് പദ്ധതിക്ക് അനുമതി നൽകി. ഇത് നീണ്ടതോടെ വീണ്ടും പ്രതിഷേധമായി. 1982ൽ വ്യോമയാന മന്ത്രി എ.പി. ശർമ കരിപ്പൂരിന് തറക്കല്ലിട്ടു. ആറ് വർഷങ്ങൾക്ക് ശേഷം മാർച്ച് 23നാണ് സൂപ്പർ ടെക്സോ എന്ന ഫയർ വിഭാഗത്തിന്റ വിമാനം പരീക്ഷ പറക്കലിനായി കരിപ്പൂരിൽ  ഇറങ്ങുന്നത്. ഏപ്രിൽ 13ന് ആദ്യയാത്ര വിമാനം എത്തിയപ്പോൾ മലബാറിലെ ഗൾഫ് മലയാളിയുടെ സ്വപ്നവും ആകാശത്തോളം ഉയർന്നു. മുംബൈയിലേക്കുള്ള ഇടത്താവളമായി നിർമിച്ച കരിപ്പൂരിൽ നിന്ന് 1992ൽ ആദ്യ അന്താരാഷ്ട്ര സർവിസ് ഷാർജയിലേക്ക് തുടങ്ങി. റൺവേ വികസനം 1996ൽ പൂർത്തീകരിച്ചതിന് ശേഷം ജിദ്ദ, ഹജ്ജ് സർവിസുകൾ തുടങ്ങി. 2003 ഒക്ടോബറിൽ രാത്രി കാല സർവിസ് തുടങ്ങി. 2006 ഫെബ്രുവരി ഒന്നിന് അന്താരാഷ്ട്ര വിമാന താവളമായി.


Post a Comment

0 Comments