Flash News

6/recent/ticker-posts

തീച്ചൂടില്‍ കേരളം; പത്തിടത്ത് 40 ഡിഗ്രിക്ക് മുകളിൽ ചൂട്, വൈദ്യുതി ഉപയോഗത്തിൽ റെക്കോഡ്

Views

തിരുവനന്തപുരം :മൂന്നു ഡിഗ്രിയിലേറെ ചൂട് ഉയർന്നതോടെ കേരളം തീച്ചൂളയിലായി. പലേടത്തും 39 ഡിഗ്രിവരെ ചൂട് ഉയർന്നിട്ടുണ്ട്. കാലാവസ്ഥാ വകുപ്പ് ഉൾനാടുകളിൽ സ്ഥാപിച്ച പുതിയ ഓട്ടേമേറ്റഡ് നിരീക്ഷണ കേന്ദ്രങ്ങളിലുൾപ്പെടെ പത്തിടത്ത് 40 ഡിഗ്രിക്ക് മുകളിൽ ചൂട് രേഖപ്പെടുത്തി. ദേശീയ കാലാവസ്ഥാവിഭാഗം പുറത്തുവിട്ട കണക്കനുസരിച്ച് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപലനില തൃശ്ശൂർ വെള്ളാനിക്കരയിൽ രേഖപ്പെടുത്തി (42.9 ഡിഗ്രി സെൽഷ്യസ്). മലമ്പുഴയിൽ 2016 ഏപ്രിലിൽ രേഖപ്പെടുത്തിയ 41.9 ഡിഗ്രി സെൽഷ്യസെന്ന റെക്കോഡാണ് തിരുത്തിയത്. വ്യാഴാഴ്ച പാലക്കാട്ട് 39 ഡിഗ്രിയായിരുന്നു.

വരുംദിവസങ്ങളിലും ചൂടിന് ശമനമുണ്ടാവില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴയ്ക്ക് അന്തരീക്ഷം തണുപ്പിക്കാനായിട്ടില്ല. അടുത്തദിവസങ്ങളിൽ കാര്യമായ മഴ പ്രതീക്ഷിക്കുന്നുമില്ല. നിർജലീകരണം ഒഴിവാക്കാനും പകൽ വെയിലേൽക്കുന്നത് ഒഴിവാക്കാനും ദുരന്തനിവാരണ അതോറിറ്റി വീണ്ടും മുന്നറിയിപ്പുനൽകി. പലേടത്തും വരുംദിവസങ്ങളിൽ താപനില സർവകാല റെക്കോഡിന് അടുത്തെത്താനുള്ള സാധ്യതയുണ്ട്.

ഇന്നും പൊള്ളും

വെള്ളിയാഴ്ചയും തൃശ്ശൂരും പാലക്കാട്ടും കണ്ണൂരും ചൂട് 39 ഡിഗ്രിവരെ ഉയരാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനൽകി. പതിവിലും മൂന്നുമുതൽ നാലു ഡിഗ്രിവരെ കൂടുതൽ. കോട്ടയത്തും കോഴിക്കോട്ടും 2-3 ഡിഗ്രി ഉയർന്ന് 37 ഡിഗ്രിവരെ എത്തും. 39 ഡിഗ്രി എന്നത് അസഹ്യവും സൂര്യാഘാതത്തിന് സാധ്യതയുമുള്ളതുമാണ്. പുലർകാലത്തെ ചൂടും ഇപ്പോൾ കൂടുതലാണ്.

ഒാട്ടേമാറ്റഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ കൂത്താട്ടുകുളം (എറണാകുളം), ചെമ്പേരി, ഇരിക്കൂർ (കണ്ണൂർ), കൊല്ലങ്കോട്, മലമ്പുഴ ഡാം, മണ്ണാർക്കാട്, ഒറ്റപ്പാലം, പോത്തുണ്ടി ഡാം (പാലക്കാട്), പീച്ചി (തൃശ്ശൂർ) എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച 40 ഡിഗ്രിക്ക് മുകളിൽ ചൂടെത്തിയത്. ബുധനാഴ്ച 14 സ്ഥലങ്ങളിൽ 40 ഡിഗ്രിക്ക് മുകളിലെത്തിയിരുന്നു. എന്നാൽ ഈ കേന്ദ്രങ്ങൾ പുതിയതായതിനാൽ അവിടങ്ങളിൽനിന്നുള്ള വിവരങ്ങൾ ആധികാരികമാണെന്ന് കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

താപസൂചിക

അന്തരീക്ഷത്തിലെ ഊഷ്മാവിന്റെ അളവുംകൂടി ചേർത്ത് ദുരന്തനിവാരണ അതോറിറ്റി പരീക്ഷണാടിസ്ഥാനത്തിൽ താപസൂചിക പ്രസിദ്ധീകരിച്ചിരുന്നു. ഒരു പ്രദേശത്ത് ശരിക്കും അനുഭവപ്പെടുന്ന ഉഷ്ണമാണ് താപസൂചിക. എന്നാൽ അനാവശ്യമായ ആശങ്ക സൃഷ്ടിക്കുന്നുവെന്ന പരാതികളെത്തുടർന്ന് താപസൂചിക ഇപ്പോൾ പ്രസിദ്ധീകരിക്കുന്നില്ല.

40 ഡിഗ്രി ആയാൽ ഉഷ്ണതരംഗം

ഒരുസ്ഥലത്തെ താപനില രണ്ടുദിവസം സ്ഥിരമായി 40 ഡിഗ്രിയോ അതിന് മുകളിലോ ആണെങ്കിൽ കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗം പ്രഖ്യാപിക്കും. 4.5 മുതൽ 6.4 ഡിഗ്രിവരെ താപനില ഉയർന്നാൽ ഉഷ്ണതരംഗവും അതിന് മുകളിലാണെങ്കിൽ തീക്ഷ്ണ താപതരംഗവും. മുമ്പ് പല വർഷങ്ങളിലും പാലക്കാട്ട് ഉഷ്ണതരംഗം പ്രഖ്യാപിച്ചിട്ടുണ്ട്.

വൈദ്യുതി ഉപയോഗത്തിൽ ദിവസേന റെക്കോഡ്

കടുത്ത വേനൽച്ചൂടിൽ കേരളത്തിലെ വൈദ്യുതോത്പാദനം അടുത്തടുത്ത രണ്ടുദിവസങ്ങളിൽ റെക്കോഡിട്ടു. വ്യാഴാഴ്ച കേരളം ഉപയോഗിച്ചത് 9.8 കോടി യൂണിറ്റ്. ബുധനാഴ്ചയിലെ 9.56 കോടി യൂണീറ്റിനെ മറികടന്നാണ് ഈ റെക്കോഡ്. കഴിഞ്ഞവർഷം ഏപ്രിൽ 28-ന് 9.28 കോടി യൂണിറ്റ് ഉപയോഗിച്ചിരുന്നു. അതാണ് അടുത്തടുത്ത ദിവസങ്ങളിൽ തുടർച്ചയായി തിരുത്തപ്പെട്ടത്. കഴിഞ്ഞവർഷത്തെക്കാൾ 500 മെഗാവാട്ട് അധികമാണ് ഇപ്പോൾ രാത്രിയിൽ വേണ്ടിവരുന്നത്.

വൈദ്യുതി ബോർഡിന്റെ അണക്കെട്ടുകളിൽ വെള്ളവും കുറവാണ്. 171.4 കോടി യൂണിറ്റ് ഉപയോഗിക്കാനുള്ള വെള്ളമാണ് ബാക്കിയുള്ളത്. കഴിഞ്ഞ നാലുവർഷങ്ങളിലെ ഏറ്റവും കുറവാണിത്.

3-4 ഡിഗ്രി ഉയരാം

തൃശ്ശൂർ, പാലക്കാട്, കണ്ണൂർ- സാധ്യത 39 ഡിഗ്രി

2-3 ഡിഗ്രി ഉയരാം

കോട്ടയം, കോഴിക്കോട്- സാധ്യത 37 ഡിഗ്രി




Post a Comment

0 Comments