Flash News

6/recent/ticker-posts

കുഴിമന്തി കഴിച്ചതിനു പിന്നാലെ ഛര്‍ദ്ദിയും പനിയും വയറിളക്കവും, ആശുപത്രിയിലെത്തിച്ച 4 കുട്ടികളില്‍ ഒരാള്‍ക്ക് ഷിഗല്ല

Views
മലപ്പുറം:  കുഴിമന്തിയും മയോണൈസും കഴിച്ചതിനുപിന്നാലെ ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ നാലു കുട്ടികളില്‍ ഒരാള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുഴിമന്തിയും മയോണൈസും കഴിച്ചതിനുപിന്നാലെ വീട്ടിലെ നാലു കുട്ടികള്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും പനിയുമുണ്ടാവുകയായിരുന്നു.

തുടര്‍ന്ന് നാലു പേരെയും ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ രണ്ടു സഹോദരങ്ങള്‍ക്കും അച്ഛന്റെ സഹോദരിയുടെ മകള്‍ക്കും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയില്‍ അസ്വസ്ഥതകള്‍ മാറി. അവര്‍ വീട്ടിലേക്ക് മടങ്ങിയെങ്കിലും നാലു വയസുകാരന്റെ അവസ്ഥ മോശമാവുകയായിരുന്നു. നാലുവയസ്സുകാരനെ കടുത്ത പനിയും വയറിളക്കവും കാരണം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.

കണ്ണുതുറക്കാനോ സംസാരിക്കാനോ കഴിയാത്ത സ്ഥിതിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി. മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിയുടെ നാലു വയസുകാരനായ മകനാണ് രോഗം സ്ഥിരീകരിച്ചത്. ‌കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കുട്ടികള്‍ മഞ്ചേരിയിലെ ഒരു കടയില്‍നിന്ന് കുഴിമന്തിയും മയോണൈസും കഴിച്ചത്. അന്നു രാത്രിതന്നെ കുട്ടികള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും പനിയും ഉണ്ടായി. സ്ഥാപനത്തിന്റെ പേരില്‍ നിയമനടപടി ആവശ്യപ്പെട്ട് കുട്ടികളുടെ മാതാവ് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ക്ക് പരാതി നല്‍കി. 



Post a Comment

0 Comments