Flash News

6/recent/ticker-posts

സിയായയുടെ കൺമണികൾക്ക് നിങ്ങൾക്കും പേരിടാം; പൊതുജനങ്ങൾക്ക് അവസരം നൽകി കേന്ദ്ര സർക്കാർ

Views
ഭോപ്പാൽ: കുനോ ദേശീയ പാർക്കിൽ ജനിച്ച നാല് ചീറ്റ കുഞ്ഞുങ്ങൾക്ക് പേരിടാൻ പൊതുജനങ്ങൾക്ക് അവസരം നൽകി കേന്ദ്ര സർക്കാർ. നമീബിയൻ ചീറ്റയായ സിയായ ജന്മം നൽകിയ കുഞ്ഞുങ്ങൾക്ക് പേരിടാനാണ് പൊതുജനങ്ങൾക്ക് അവസരം നൽകിയിരിക്കുന്നത്. പേര് നിർദേശിക്കാൻ താത്പര്യമുളളവർക്ക് കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റ് പരിശോധിക്കാം. പേരിടൽ മത്സരത്തിൽ പങ്കെടുക്കുന്നവർക്കുളള നിർദേശങ്ങളും സർക്കാർ നൽകിയിട്ടുണ്ട്.

'കുനോ കുഞ്ഞുങ്ങൾക്ക് പേരിടാനുള്ള സമയമായി!' പേരിടൽ മത്സരത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

'#MyGovContest-ൽ പങ്കെടുത്ത് കുനോ നാഷണൽ പാർക്കിൽ ജനിച്ച നാല് ചീറ്റക്കുട്ടികൾക്ക് പേര് നൽകുക. ഈ മഹത്തായ ജീവികളോട് നമുക്ക് കുറച്ച് സ്നേഹം കാണിക്കാം!,' നാല് ചീറ്റ കുഞ്ഞുങ്ങൾക്ക് പേരിടാനുള്ള മത്സരം ആരംഭിച്ചുകൊണ്ട് കേന്ദ്രം ട്വീറ്റ് ചെയ്തു.

ഏപ്രിൽ 30 ആണ് പേര് നിർദേശിക്കാനുളള അവസാന തീയതി. മത്സരത്തിൽ പങ്കെടുക്കാൻ https://www.mygov.in/task/name-four-newly-born-cheetah-cubs-kuno/ എന്ന ലിങ്കിൽ പ്രവേശിക്കാം. പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷമേ പേരുകൾ നിർദേശിക്കാവു.

നേരത്തെ ആശയെന്ന പെൺചീറ്റ ​ഗർഭിണിയായിരുന്നുവെങ്കിലും പിന്നീട് ​ഗർഭമലസിയിരുന്നു. കഴിഞ്ഞ ദിവസം സാഷയെന്ന ചീറ്റപ്പുലി ചത്തിരുന്നു. ഇതിന് പിന്നാലെയാണ് സിയായ പ്രസവിച്ച വാർത്ത പുറത്തുവന്നത്. വൃക്കയിലുണ്ടായ അണുബാധയാണ് സാഷയുടെ മരണകാരണം. ജനുവരി 23നാണ് രോഗലക്ഷങ്ങൾ പ്രകടമായി തുടങ്ങിയത്. തുടർന്ന് സാഷയെ ദിവസേന പരിശോധിച്ചു. പരിശോധനയിൽ സാഷയ്ക്ക് ക്ഷീണത്തിന്റെയും ബലഹീനതയുടെയും ലക്ഷണങ്ങൾ കണ്ടു. കൂടാതെ മെഡിക്കൽ പരിശോധനയിൽ ചീറ്റയ്ക്ക് നിർജലീകരണം ഉണ്ടെന്നും വൃക്ക സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും കണ്ടെത്തിയിരുന്നു.



Post a Comment

0 Comments