Flash News

6/recent/ticker-posts

ലോകത്തെ ഏറ്റവും വലിയ മൂക്കിന്റെ ഉടമ ഇനി ഓര്‍മ; മരണം 75ാം വയസില്‍.

Views
ഇസ്താംബൂൾ: ലോകത്തെ ഏറ്റവും വലിയ മൂക്കിന്റെ ഉടമയെന്ന ​ഗിന്നസ് റെക്കോർ‍ഡ് നേടിയ മെഹ്മെത് ഒസ്യുരെക് അന്തരിച്ചു. 75കാരനായ ഒസ്യൂരെക്കിന്റെ മരണവാർത്ത ​ഗിന്നസ് വേൾഡ് റെക്കോർഡ് (ജി.ഡബ്ല്യു.ആർ) അധികൃതരാണ് തങ്ങളുടെ വെബ്സൈറ്റിലൂടെ അറിയിച്ചത്. ഒസ്യൂരെക്കിന്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് അവർ അറിയിച്ചു.

തുർക്കി പൗരനായ ഒസ്യൂരെക്കിന്റെ മൂക്കിന് 3.46 ഇഞ്ച് (8.8 സെ.മീ) വലിപ്പമുണ്ടായിരുന്നു. അസുഖം ബാധിച്ച് ഹൃദയാഘാതം അനുഭവപ്പെട്ട അദ്ദേഹത്തിന് ഒരു ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരുന്നതായി ജി.ഡബ്ല്യു.ആർ പറഞ്ഞു. ഡോക്ടർമാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവരുടെ ശ്രമം പാഴാവുകയായിരുന്നു. ജന്മനാടായ ആർട്‌വിനിലാണ് അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടന്നത്. പ്രിയപ്പെട്ടവർ അദ്ദേഹത്തിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി.

2021 നവംബറിലാണ് ​ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതർ ഈ റെക്കോർഡ് സ്ഥിരീകരിച്ചത്. ജീവിച്ചിരിക്കുന്ന ഒരു പുരുഷന്റെ ഏറ്റവും നീളം കൂടിയ മൂക്ക് എന്ന ബഹുമതിക്ക് മുമ്പും രണ്ടു തവണ ഒസ്യൂരെക് അർഹനായിരുന്നു. 2001ലാണ് ആദ്യമായി അദ്ദേഹത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് തേടിയെത്തുന്നത്. തുടർന്ന് 2010ൽ ഇറ്റലിയിലെ 'ലോ ഷോ ഡീ റെക്കോർഡി'നും അദ്ദേഹം അർഹനായി.

ഒസ്യൂരെക് തന്റെ ജീവിതത്തോടുള്ള അഭിനിവേശത്താൽ അറിയപ്പെടുകയും എല്ലാവരാലും സ്നേഹിക്കപ്പെടുകയും ചെയ്തതായി ജി.ഡബ്ല്യു.ആർ പറയുന്നു. കൂടാതെ റെക്കോർഡ് കുറിച്ച മൂക്കിനാൽ താനെങ്ങനെ അനുഗ്രഹിക്കപ്പെട്ടു എന്നതിനെക്കുറിച്ചും അദ്ദേഹം പലപ്പോഴും സംസാരിച്ചു.

ഞങ്ങൾക്ക് വേദനയുണ്ട്. എന്റെ പിതാവ് വളരെ ദയയുള്ളവനായിരുന്നു, ആരെയും വ്രണപ്പെടുത്താതിരിക്കാൻ അദ്ദേഹം ശ്രമിച്ചു. മൂക്ക് കൊണ്ട് മാത്രമല്ല, തന്റെ ജീവിതവുമായും അദ്ദേഹം സമാധാനത്തിലായിരുന്നു'- ഒസ്യൂരെക്കിന്റെ മകൻ ബാരിസ് ടർക്കിഷ് ന്യൂസ് പോർട്ടലായ മൈനെറ്റിനോട് പറഞ്ഞു.

മണം പിടിക്കാനുള്ള തന്റെ കഴിവ് മറ്റ് ആളുകളിൽ നിന്ന് വ്യത്യസ്തമാണെന്ന് അദ്ദേഹം 2021ൽ ജിഡബ്ല്യുആർനോട് പറഞ്ഞിരുന്നു. "ഇവിടെ ഒരു മണമുണ്ട്' എന്ന് ‍ഞാൻ പറയുന്നു. 'ഞങ്ങൾക്ക് ആ മണം അനുഭവപ്പെടുന്നില്ല' എന്ന് മറ്റുള്ളവർ പറയുന്നു. 'നിങ്ങൾക്ക് ഇത് മണക്കില്ല, പക്ഷേ എനിക്ക് കഴിയും' എന്ന് ഞാൻ പറയുന്നു", "ചിലർ രക്തസാക്ഷികളാകുന്നു, ചിലർ പ്രധാനമന്ത്രിമാരാകുന്നു, ചിലർ റെക്കോർഡ് ഉടമകളാകുന്നു"- തുടങ്ങിയ എന്ന അദ്ദേഹത്തിന്റെ ഉദ്ധരണികളും ജി.ഡബ്ല്യു.ആർ പങ്കുവച്ചിട്ടുണ്ട്.


Post a Comment

0 Comments