Flash News

6/recent/ticker-posts

'ഇന്ത്യ'യുടെ മൂന്നാം യോ​ഗം ഓ​ഗസ്റ്റ് 15 ന് ശേഷം മുംബൈയിൽ; സംസ്ഥാനതലത്തിലെ സഖ്യങ്ങൾ ചർച്ചയായേക്കും

Views
വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ മൂന്നാം യോ​ഗം ഓ​ഗസ്റ്റ് 15 ന് ശേഷം നടക്കും. മുംബൈയിലായിരിക്കും സഖ്യത്തിന്റെ നിർണ്ണായക യോ​ഗം നടക്കുക. ഏതൊക്കെ സംസ്ഥാനങ്ങളിൽ സഖ്യസാധ്യതകൾ ഉണ്ടെന്ന് യോ​ഗത്തിൽ പരിശോധിച്ചേക്കും. 11 അം​ഗ കോർഡിനേഷൻ കമ്മിറ്റിക്കും അന്ന് അന്തിമ തീരുമാനമായേക്കുമെന്നാണ് സൂചന. കക്ഷികൾക്കിടയിലെ സീറ്റ് വിഭജനമായിരിക്കും യോ​ഗത്തിലെ മറ്റൊരു പ്രധാന അജണ്ട.

സഖ്യത്തിന്റെ കൺവീനറെയും മുംബൈയിൽ പ്രഖ്യാപിക്കും. പ്രചരണം, റാലികളുടെ മേൽനോട്ടം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി അഞ്ച് കമ്മിറ്റികളെ കൂടി യോ​ഗത്തിൽ തീരുമാനിക്കും. 2024 ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പ്രചരണം ആരംഭിക്കുന്നതിന് മുൻപ് തന്നെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി നിരവധി യോ​ഗങ്ങൾ നടത്താനും സഖ്യം ആലോചിക്കുന്നുണ്ട്.

അതേസമയം കേരളത്തിൽ 'ഇന്ത്യ' സഖ്യമുണ്ടാവില്ലെന്നറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാലും സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രം​ഗ​ത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് മൂന്നാം യോ​ഗം നിർണ്ണായകമാകുന്നത്. ഡൽഹിയിൽ ആം ആദ്മിയുമായി കോൺ​ഗ്രസ് സഖ്യത്തിന് നിന്നേക്കില്ല എന്ന സൂചനകളുമുണ്ട്.

വിശാലപ്രതിപക്ഷ സഖ്യത്തിലുൾപ്പെട്ട 26 പാർട്ടികളുടെ രണ്ടാം യോ​ഗം ജൂലൈ 18ന് ബെം​ഗളുരുവിൽ നടന്നിരുന്നു. യോ​ഗത്തിലാണ് സഖ്യത്തിന് 'ഇന്ത്യ'(ഇന്ത്യൻ നാഷണൽ ഡെവലപ്പ്മെൻ്റൽ ഇൻക്ലൂസീവ് അലയൻസ്) എന്ന പേര് നൽകാൻ തീരുമാനമായത്. സഖ്യത്തിന്റെ ആദ്യ യോ​ഗം പട്നയിലായിരുന്നു നടന്നത്.


Post a Comment

0 Comments