Flash News

6/recent/ticker-posts

കുട്ടികളെ വാഹനത്തിൽ തനിച്ചാക്കിയാൽ 5000 ദിർഹം വരെ പിഴയും തടവും; ദുബായ് പോലീസിന്റെ മുന്നറിയിപ്പ്

Views
യുഎഇ : കനത്തചൂടിൽ വാഹനത്തിൽ കുട്ടികളെ തനിച്ചിരുത്തി പോകുന്നവർക്ക് 5000 ദിർഹം വരെ പിഴ ചുമത്തുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ്. കുറ്റത്തിന്റെ തോതനുസരിച്ച് പിഴസംഖ്യ 10,000 ദിർഹം വരെയായേക്കാം. തടവുശിക്ഷയും ലഭിച്ചേക്കാം. നിർത്തിയിട്ട വാഹനത്തിൽ രണ്ട് വയസ്സുള്ള മകനെ തനിച്ചിരുത്തി ഡോർ ഓട്ടോമാറ്റിക്കായി ലോക്ക് ചെയ്ത് പോകുന്ന രക്ഷിതാവിന്റെ വീഡിയോ സഹിതമാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്.

താക്കോലുകൾ കാറിനകത്തുപ്പെട്ടു. വാഹനത്തിൽ സീറ്റ് ബെൽറ്റിട്ട് തനിച്ചിരിക്കുന്ന കുഞ്ഞിനെ വീഡിയോയിൽ കാണാം. പോലീസ് വാതിൽ പൊളിച്ച് കുഞ്ഞിനെ രക്ഷിക്കുന്നതാണ് വീഡിയോയിലെ ഉള്ളടക്കം. ഷോപ്പിങ്ങിനോ മറ്റാവശ്യങ്ങൾക്കോ കുട്ടികളെയും കൊണ്ടുപോകുമ്പോൾ അവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയെന്ന് കുടുംബാംഗങ്ങൾ ഉറപ്പാക്കണം. ഇത്തരം മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ കുട്ടികളിൽ ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.

ചിലപ്പോൾ മരണം വരെ സംഭവിക്കാം. യു.എ.ഇയിൽ ഇത്തരം അപകടത്തിൽപെട്ട് ഒട്ടേറെ കുട്ടികൾ മരിച്ച സാഹചര്യത്തിലാണ് പോലീസിന്റെ നിർദേശം. കഴിഞ്ഞവർഷം ജനുവരി മുതൽ ജൂലായ് വരെ ലോക്ക് ചെയ്ത കാറുകളിൽ അപകടകരമായ രീതിയിൽ കണ്ടെത്തിയ 36 കുട്ടികളെ ലാൻഡ് റെസക്യൂ സംഘം രക്ഷപ്പെടുത്തിയിരുന്നു. കുറഞ്ഞ സമയത്തേക്കാണെങ്കിൽ പോലും എ.സി. ഓൺ ചെയ്ത് കുട്ടികളെ കാറിലിരുത്തി പുറത്തേക്ക് പോകുന്നതും അപകടമാണ്.

സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന സ്ഥലത്ത് 10 മിനിറ്റ് കാർ പാർക്ക് ചെയ്യുമ്പോൾ കാറിനകത്തെ താപനില 10 ഡിഗ്രി വർധിക്കും. ഈ സമയത്തെ താപനില അനുസരിച്ച് കാറിനകത്തെ ചൂട് താങ്ങാവുന്നതിലും കൂടുതലായിരിക്കും. കുട്ടികൾക്ക് വളരെ വേഗത്തിൽ സൂര്യാഘാതമേൽക്കുകയും ചെയ്യും. എ.സി പ്രവർത്തിപ്പിച്ച് ചെറുതായി വിൻഡോ ഗ്ലാസ് തുറന്നാലും കാറിനുള്ളിൽ അതിവേഗം ഊഷ്മാവ് കൂടും. 45 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെയാണ് കഴിഞ്ഞ ദിവസങ്ങളിലെ രാജ്യത്തെ ചൂട്.

ചിലയിടങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ചൂടെത്തിയിരുന്നു. ഈ അവസ്ഥ അടുത്ത മാസവും തുടർന്നേക്കുമെന്നാണ് വിവരം. വാഹനമോടിക്കുന്നവരും അതീവജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. സേഫ് സമ്മർ ബോധവത്കരണ പരിപാടിയോട് അനുബന്ധിച്ച് അബുദാബി പോലീസ് വാഹനമോടിക്കുന്നവർക്ക് ആവശ്യമായ ജാഗ്രതാ നിർദേശം നൽകുന്നുണ്ട്.



Post a Comment

0 Comments