കൊച്ചി: അജ്ഞാത നമ്പറുകളിൽ നിന്ന് അസഭ്യവർഷവും കൊലവിളിയും നടത്തുന്നുവെന്ന നടൻ സുരാജ് വെഞ്ഞാറമൂടിൻറെ പരാതിയിൽ കേസെടുത്ത് സൈബർ പൊലീസ്. കഴിഞ്ഞ മൂന്ന് ദിവസമായി തൻറെ ഫോണിലേക്ക് വാട്സ്ആപ്പിലടക്കം അസഭ്യവർഷം നടത്തുന്നുവെന്നാരോപിച്ചാണ് നടന്റെ പരാതി. കാക്കനാട് സൈബർ ക്രൈം പൊലീസ് ആണ് കേസെടുത്തത്. മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
വിദേശത്തുനിന്നടക്കം ഭീഷണി കോളുകൾ എത്തിയതോടെയാണ് സുരാജ് പരാതി നൽകിയത്. താരത്തിൻറെ ഫോൺ നമ്പർ ഫേയ്സ്ബുക്ക് പേജിൽ പ്രസിദ്ധപ്പപ്പെടുത്തി തെറിവിളിക്കാൻ ആഹ്വാനം ചെയ്തയാൾക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ നഗ്‌നരാക്കി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സുരാജ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് സൈബർ ആക്രമണം തുടങ്ങിയത്.
അതേസമയം, കൊച്ചി പാലാരിവട്ടത്ത് അലക്ഷ്യമായി വാഹനമോടിച്ചതിന് സുരാജിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സുരാജ് സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റതിനെത്തുടർന്ന് താരത്തിന്റെ കാർ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചു. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സിൽ സുരാജ് പങ്കെടുക്കണമെന്ന് എംവിഡി അറിയിച്ചു.
0 Comments