Flash News

6/recent/ticker-posts

തീർത്ഥാടനത്തിന് പോയ ഏഴ് മലയാളികളെ ഇസ്രായേലിൽ കാണാതായെന്ന്

Views
മലപ്പുറം : മലയാളി തീര്‍ത്ഥാടക സംഘത്തിലെ ഏഴ് പേരെ ഇസ്രായേലില്‍ കണാതായതായി യാത്രയൊരുക്കിയ മലപ്പുറത്തെ ട്രാവല്‍ ഏജൻസി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മലപ്പുറം എസ്.പിക്കും പരാതി നല്‍കി.ജൂലൈ 25ന് പുറപ്പെട്ട യാത്രാസംഘത്തില്‍പെട്ട രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേരാണ് അപ്രത്യക്ഷരായത്. ഇവര്‍ ബോധപൂര്‍വം മുങ്ങിയതാണെന്നും കണ്ടെത്താൻ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നുമാവശ്യപ്പെട്ടാണ് പരാതി. മലപ്പുറത്തെ ഗ്രീൻ ഒയാസിസ് ടൂര്‍സ് ആൻഡ് ട്രാവല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ജോര്‍ഡൻ, ഇസ്രായേല്‍, ഈജിപ്ത് യാത്ര സംഘടിപ്പിച്ചത്. ജറുസലേമില്‍ ബൈത്തുല്‍ മുഖദ്ദിസ് സന്ദര്‍ശനത്തിനിടെയാണ് ഏഴ് പേരെ കാണാതായത്. തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ് കാണാതായവര്‍. നസീര്‍ അബ്ദുല്‍ റസാഖ് (കുന്നില്‍ വീട്, കുളമുട്ടം, പി.ഒ മൂങ്ങോട്), ഷാജഹാൻ അബ്ദുല്‍ ഷുക്കൂര്‍ (പാകിസ്താൻമുക്ക്, പി.ഒ മിതിര്‍മല, തിരുവനന്തപുരം), ഹകീം അബ്ദുല്‍ റസാഖ് (അഹമ്മദ് മൻസില്‍, കുളമുട്ടം, മണമ്ബൂര്‍, തിരുവനന്തപുരം), ഷാജഹാൻ കിതര്‍ മുഹമ്മദ് (ഒലിപ്പില്‍ കുളമുട്ടം തിരുവനന്തപുരം), ബീഗം ഫന്റാസിയ (ഷഫീഖ് മൻസില്‍ പാലക്കല്‍, കടയ്ക്കല്‍, കൊല്ലം), നവാസ് സുലൈമാൻ കുഞ്ഞ് (ഷാഹിനാസ് സ്ന്നേഹതീരം പുനുകന്നൂര്‍ ചിറയടി, പെരുമ്ബുഴ കൊല്ലം), ഭാര്യ ബിൻസി ബദറുദ്ദീൻ ഷാഹിനാസ് (സ്ന്നേഹതീരം പുനുകന്നൂര്‍ ചിറയടി, പെരുമ്ബുഴ കൊല്ലം) എന്നിവരെയാണ് വെള്ളിയാഴ്ച മുതല്‍ കാണാതായത്. ഇവര്‍ അനധികൃതമായി കടന്നുകളഞ്ഞതാണെന്നാണ് സാഹചര്യത്തെളിവുകള്‍ നല്‍കുന്ന സൂചനയെന്ന് ട്രാവല്‍സ് അധികൃതര്‍ പറയുന്നു. യാത്രാസംഘത്തിലെ ബാക്കിയുള്ളവരെ ഇസ്രായേലിലെ ടൂര്‍ ഏജന്റ് തടഞ്ഞ് വെച്ചിരിക്കയാണ്. കാണാതായവരെ കണ്ടെത്തിയില്ലെങ്കില്‍ പിഴയായി ഓരോ അംഗത്തിനും 15,000 ഡോളര്‍ വീതം അടയ്ക്കണം എന്ന നിബന്ധനയാണ് ടൂര്‍ ഏജൻസി ആവശ്യപ്പെട്ടിരിക്കുന്നത്. നാളെയാണ് സംഘം ഇസ്രായേലില്‍ നിന്ന് തിരിക്കേണ്ടത്. ഹോട്ടലില്‍ നാളെ കൂടി താമസിക്കാനുള്ള അനുവാദമേയുള്ളൂ. ടൂര്‍ ഏജൻസി യാത്രാസംഘത്തെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതായി ട്രാവല്‍സ് ഉടമകള്‍ പൊലിസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. സുലൈമാൻ എന്നയാളാണ് കാണാതായ ഏഴ് പേര്‍ക്കും വേണ്ടി ഫെഡറല്‍ ബാങ്ക് അടൂര്‍ ശാഖയില്‍ നിന്ന് ഓണ്‍ലൈനായി പണമടച്ചത്. സുലൈമാനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭ്യമാവുന്നില്ലെന്ന് ഗ്രീൻ ഒയാസിസ് ടൂര്‍സ് ആൻഡ് ട്രാവല്‍സ് മാനേജിങ് ഡയറക്ടര്‍ ജലീല്‍ മങ്കരത്തൊടി അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ സമാനമായി സംഘടിപ്പിച്ച യാത്രയില്‍ നാല് പേരെ ഇതുപോലെ കാണാതായിരുന്നു. അവരെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് പരാതി നല്‍കിയിരുന്നു. ഇവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വാര്‍ത്ത സമ്മേളനത്തില്‍ ട്രാവല്‍സ് സി.ഒ.ഒ ഇര്‍ഫാൻ നൗഫല്‍, മാനേജര്‍ മുസ മുരിങ്ങേതില്‍ എന്നിവരും സംബന്ധിച്ചു.  


Post a Comment

0 Comments