റിയാദ് : കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ അൽ അഹ്സയിലുണ്ടായ തീപിടിത്തത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത് നാലുപേര്‍. തീപിടിത്തം ഉണ്ടായ സമയത്തിന് മുമ്പ് ഇവര്‍ നാലുപേരും പുറത്തേക്ക് പോയിരുന്നു. ഇതാണ് ദാരുണമായ അപകടത്തില്‍ നിന്ന് ഇവരെ രക്ഷിച്ചത്. മരിച്ചവരെ വിരലടയാള പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ രണ്ടു പേരുടെ വിവരങ്ങൾ ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
ആകെ പത്ത് പേരാണ് അപകടത്തില്‍ മരിച്ചത്. ഇതില്‍ ഒരാള്‍ മലയാളിയാണ്. തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട്താമസിക്കുന പൂന്തുറ സ്വദേശി നിസാം എന്ന അജ്മൽ ഷാജഹാൻ ആണ് മരണപ്പെട്ട മലയാളി. മരിച്ചത് അഞ്ച് ഇന്ത്യക്കാരും മൂന്ന് ബംഗ്ലാദേശി സ്വദേശികളുമാണന്നാണ് വിവരം. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ദാരുണമായ തീപിടിത്തമുണ്ടാകുന്നത്. അൽഅഹ്‌സയിലെ ഇൻഡസ്ട്രിയൽ സിറ്റിയിൽ സ്ക്രാപ്യാർഡിന് അടുത്ത് സ്ഥിതി ചെയ്യുന്ന സോഫകളുടെ അപ്ഹോൾസ്റ്ററി വർക്ഷോപ്പിനാണ് തീപിടിച്ചത്.
ഷോർട്സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക വിവരം. വർക്ക് ഷോപ്പിന്‍റെ മുകളിലുള്ള താമസസ്ഥലത്ത്ഉറങ്ങിക്കിടന്നവരാണ് മരണപ്പെട്ടത്. മലയാളിയായ സ്ഥാപന ഉടമ ഉള്‍പ്പെടെ 14 പേരാണ് ഇവിടെ ജോലിചെയ്തിരുന്നത്. അതിൽ മൂന്നുപേർ സുഹൃദ് സന്ദർശനങ്ങൾക്കായി നേരത്തെ തന്നെ പുറത്തുപോയിരുന്നു. ഒരാൾ ‘അസർ’ നമസ്കാരത്തിനായി മൂന്നരയോട് കൂടി പുറത്തേക്ക് പോവുകയും ചെയ്തു.
അന്തരീക്ഷത്തിലെ കടുത്ത ചൂടും കാറ്റും പെട്ടന്ന് തീപടരാൻ സഹായിക്കുന്ന സ്പോഞ്ച്, പശ ഉള്‍പ്പെടെയുള്ള ദ്രാവകങ്ങളുടെ സാന്നിധ്യം എന്നിവ അപകടത്തെ കൂടുതൽ തീവ്രമാക്കി. തീപടർന്ന് നിമിഷങ്ങൾക്കം ഇത് കെട്ടിടം മുഴുവൻ വ്യാപിക്കുകയായിരുന്നു. കടുത്ത പുക നിറഞ്ഞതോടെ മുകളിലെ മുറിയിലുള്ളവർക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല. പുകയും ചൂടും തിരിച്ചറിഞ്ഞ് രണ്ടുപേർ വാതിൽ തുറന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ തീയിൽ അകപ്പെട്ട് പൂർണ്ണമായും കത്തിക്കരിയുകയായിരുന്നു.
വിജനമായ സ്ഥലവും ജോലി ആരംഭിക്കുന്നതിന് മുമ്പുള്ള സമയവുമായതിനാൽ അധികം പേരും ഉച്ച ഉറക്കത്തിലായിരുന്നു. പത്തിലധികം അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇപ്പോഴും ഈ സ്ഥലം പൂർണ്ണമായും സുരക്ഷാ സേനയുടെ വലയത്തിലാണ്. വിരലടയാളം പതിച്ചപ്പോൾ ഇന്ത്യക്കാരാണന്ന്സ്ഥിരീകരിച്ചവർ ബംഗാളികളാണന്നാണ് സമീപ കടകളിലുള്ളവരുടെ വിശദീകരണം. വെസ്റ്റ് ബംഗാൾ സ്വദേശികളെ ബംഗ്ലാദേശികളായി തെറ്റിദ്ധരിച്ചതാണോ, ഇവർ വ്യാജ ഇന്ത്യൻ പാസ്പോർട്ടിൽ എത്തിയതാണോ എന്നത് വ്യക്തമല്ല. മൃതദേഹങ്ങൾ അൽഹസ സെൻട്രൽആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
0 Comments