വളാഞ്ചേരി മർക്കസ് നീതി പാലിക്കണമെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വളാഞ്ചേരി മർക്കസിന്റെ നിലവിലെ സ്ഥിതികൾക്ക് എതിരെ ശക്തമായി പ്രതിഷേധം ഉയർത്തുന്നത്. മർക്കസ് അധികാരികളോട് പന്ത്രണ്ടോളം ചോദ്യങ്ങൾ ഉന്നയിച്ചാണ് സത്താർ പന്തല്ലൂർ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-
1983-ൽ കെ.ടി മാനു മുസ്ല്യാരുടെ അധ്യക്ഷതയിൽ അബൂദാബിയിൽ വെച്ച് ചേർന്ന യോഗത്തിൽ വെച്ചാണ് മർക്കസു തർബിയത്തിൽ ഇസ്ലാമിയ എന്ന ഇസ്ലാമിക സ്ഥാപനസമുച്ചയം സ്ഥാപിക്കാൻ തീരുമാനിച്ചത്.
സമസ്ത പ്രസിഡൻറും പട്ടിക്കാട് ജാമിഅ: പ്രിൻസിപ്പലുമായിരുന്ന ശൈഖുനാ കെ.കെ അബൂബക്കർ ഹസ്രത്തായിരുന്നു സ്ഥാപകൻ.
1986-ൽ പ്രഥമ സ്ഥാപനം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു.
പിന്നീട് മർക്കസ് ദ്രുതഗതിയിൽ പടർന്നു പന്തലിച്ചു.
പ്രവിശാലമായ കാമ്പസിൽ ഇന്നിപ്പോൾ പതിനാല് സ്ഥാപനങ്ങൾ പ്രവർത്തിച്ച് വരുന്നു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സ്ഥാപനം പ്രവർത്തിച്ച് വന്നിരുന്നത്. ഇക്കാര്യം മർക്കസ് കമ്മിറ്റിയുടെ ഭരണഘടനയിൽ തന്നെ ഉണ്ടായിരുന്നു.
ഇന്ന് നിലവിലുള്ള ഭരണഘടന പ്രകാരം തന്നെ കമ്മിറ്റിയിൽ മൂന്നിലൊന്ന് സമസ്ത ജില്ലാ കമ്മിറ്റി അംഗങ്ങളായിരിക്കണം. മർക്കസിൻ്റെ നാല്പതോളം ഏക്കർ സ്ഥലം പൂർണ്ണമായും കാശ് കൊടുത്ത് വാങ്ങിയതാണ്.
ഒരു സെൻ്റ് സ്ഥലം പോലും വഖ്ഫായോ സംഭാവനയായോ ആരും നൽകിയതല്ല.
സ്ഥലം വാങ്ങാൻ അഡ്വാൻസ് നൽകിയത് വന്ദ്യരായ കെ.കെ അബൂബക്റ് ഹസ്രത്ത് നൽകിയ 500 ( അഞ്ഞൂറ്) രൂപയാണ്.
ഈ പണം നൽകിയത് വന്ദ്യരായ കോട്ടുമല അബൂബക്റ് മുസ്ല്യാരുടെ വിശുദ്ധ കരങ്ങൾ കൊണ്ടായിരുന്നു.
സുന്നത്ത് ജമാഅത്തിനെയും സമസ്തയെയും അതിരറ്റ് സ്നേഹിച്ച UAE -യിലെ ആയിരക്കണക്കിന് മലയാളികളും ഉദാരമനസ്കരായ അറബ് സഹോദരന്മാരുമായിരുന്നു മർക്കസ് യാഥാർത്യമാക്കിയതിലെ സാമ്പത്തിക സ്രോതസ്സ്.
ഇതു വരെ അവിടെ നടന്നു വന്ന മുഴുവൻ സ്ഥാപനങ്ങൾ സമസ്തയുടെതും സമസ്ത അംഗീകരിക്കുന്നവയുമായിരുന്നു.
സമസ്തയുടെ മദ്രസയും അൽബിർറ് പ്രീ ഇസ്ലാമിക് സ്കൂളും ഇന്നും അവിടെ പ്രവർത്തിച്ച് വരുന്നു. പട്ടിക്കാട് ജാമിഅ: നൂരിയ്യയോട് അഫിലിയേറ്റ് ചെയ്ത ശരീഅത്ത് കോളേജാണ് അവിടെ ഉണ്ടായിരുന്നത്.
പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങൾ പ്രസിഡൻ്റും സമസ്ത കേന്ദ്ര മുശാവറാ മെമ്പർ ആദൃശ്ശേരി ഹംസക്കുട്ടി മുസ്ല്യാർ ജനറൽ സെക്രട്ടറിയുമായ ഭരണ സമിതിയാണ് മർക്കസിന് നേതൃത്വം നൽകുന്നത്.
സമസ്ത നേരിട്ട് മുൻകയ്യെടുത്ത് സ്ഥാപിച്ച മർക്കസ് സമസ്തയുടെ താൽപര്യങ്ങൾ സംരക്ഷിക്കാതെ
ഇന്ന് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നുവെന്നത് വേദനാജനകമാണെന്ന് പറയാതെ നിർവ്വാഹമില്ല.
എന്താണ് അവിടെ സംഭവിച്ച് കൊണ്ടിരിക്കുന്നത്..?
ആരാണിതിന് പിന്നിൽ..? ചില സംശയങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.
1) സമസ്ത വേണ്ടെന്ന് വെച്ച വാഫി-വഫിയ്യ കോഴ്സ് നിർത്തൽ ചെയ്യാനും പകരം തത്തുല്ല്യമായ സമസ്തയുടെ കോഴ്സുകൾ ഈ അധ്യായന വർഷം തുടങ്ങാനും പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളുടെ അധ്യക്ഷതയിൽ (8-5-2023 ന് ) ചേർന്ന യോഗത്തിൽ എടുത്ത തീരുമാനം എന്ത് കൊണ്ട് സ്ഥാപനത്തിൽ നടക്കാതെ പോയി..?
2) സമസ്തയുടെ SNEC ഉൾപ്പെടെയുള്ള കോഴ്സുകൾ മർക്കസിൽ ആരംഭിക്കുന്നതിന് രൂപരേഖ തയ്യാറാക്കുന്നതിന് വേണ്ടി ചുമതലപ്പെടുത്തിയ എട്ടംഗ സമിതി ധാരണയുണ്ടാക്കി നടപ്പാക്കുന്നതിന് മുമ്പ് തന്നെ ഈ വഫിയ്യാ പെൺകുട്ടികൾക്ക് മർക്കസിൽ കടന്ന് കൂടാൻ അനുമതി കൊടുത്തതാര്..?
3) മർക്കസിൽ സമസ്തയുടെ SNEC സിലബസ് എങ്ങിനെ നടപ്പാക്കാമെന്ന് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ നിശ്ചയിക്കപ്പെട്ട സമിതി
വഫിയ്യാ പെൺകുട്ടികളെ അവിടെ നിന്ന് മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റാനും സമസ്തയുടെ ഷീ സ്ട്രീം തുടങ്ങാനും തീരുമാനിക്കുകയും ചെയ്തു.
എന്നിട്ടും ഈ ശിപാർശ എന്ത് കൊണ്ട് മർക്കസ് കമ്മിറ്റി നടപ്പാക്കുന്നില്ല...? ആരാണിതിന് തടസ്സം...?
4) പിന്നീട് കോടതി വിധി വന്നുവെന്നാണ് ചിലർ പറയുന്നത്. മെയ് 8-ന് നിർത്തൽ ചെയ്ത വഫിയ്യാ കോളേജ് പുന:സ്ഥാപിക്കണമെന്ന് ജൂൺ 7-ന് വന്ന കോടതി വിധിയിൽ പറഞ്ഞിട്ടേയില്ല.
5) കോടതി വിധിയിൽ എന്താണ് പറഞ്ഞത് എന്ന് നോക്കാതെ ഈ കോളേജിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിയത് ആരാണ്..?
6) വന്ദ്യരായ പണ്ഡിതന്മാരെ ഘരാവോ ചെയ്തും മുഖത്തേക്ക് വിരൽ ചൂണ്ടി കയർത്ത് സംസാരിക്കുകയും ചെയ്ത പെൺകുട്ടികൾക്ക് കൂടി നമ്മുടെ കോളേജിൽ യാതൊരു തടസ്സവുമില്ലാതെ തുടർപഠനം നടത്താൻ കഴിയുന്നതെന്ത് കൊണ്ട്..?
7) കോടതി വിധി വന്ന ശേഷവും മർക്കസ് പ്രസിഡൻ്റ് ആദരണീയനായ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സമസ്തയുടെ എസ്.എൻ.ഇ.സി കോഴ്സ് തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ടെന്ന് FB യിലൂടെ അറിയിക്കുന്നു. പാണക്കാട് തങ്ങളുടെ തീരുമാനം നടപ്പാക്കുന്നതിന് ആരാണ് തടസ്സം നിൽക്കുന്നത്..?
8) മർക്കസ് കമ്മിറ്റി അപേക്ഷിച്ചത് പ്രകാരമാണ് എസ്.എൻ.ഇ.സിയുടെ ഷീ സ്ട്രീം തുടങ്ങാൻ ഇൻസ്പെക്ഷൻ സമിതി ശുപാർശ ചെയ്തത്.
പരിശോധനാ സമിതി മർക്കസിൽ എത്തുമ്പോൾ, അവിടെ മർക്കസ് ഭാരവാഹികളായ ഹംസക്കുട്ടി മുസ്ല്യാർ, ആസാദ്,
കാടാമ്പുഴ മൂസഹാജി,
കെ.കെ.എസ്.തങ്ങൾ, കെ.വി ഹംസ മുസ്ല്യാർ തുടങ്ങിയവരെല്ലാം സന്നിഹിതരായിരുന്നു.
നാല് ഭാരവാഹികൾ അപേക്ഷയിൽ ഒപ്പുവെച്ചിട്ടുമുണ്ട്.
185 പെൺകുട്ടികൾക്ക് മർക്കസിൽ അഡ്മിഷൻ നൽകുകയും അധ്യാപികമാരെ നിയമിക്കുകയും,
ഷീ സ്ട്രീം പ്രാഥമിക പ്രവർത്തനം ആരംഭിക്കുകയും ചെയ്തതാണ്. ജൂണിൽ ക്ലാസ് ആരംഭിക്കാൻ കഴിഞ്ഞില്ല. ജൂലായ് ആദ്യത്തിലും നടക്കില്ലെന്ന് കണ്ടപ്പോൾ ഈ കുട്ടികൾക്ക് സമസ്ത താൽക്കാലിക സൗകര്യം മറ്റൊരിടത്ത് ചെയ്തിരിക്കുകയാണ്. സമസ്തയുടെ സ്ഥാപനങ്ങൾ ഇങ്ങനെ ചെയ്യുന്നത് നീതീകരിക്കാനാകുമോ..?
9) മർക്കസിൻ്റെ ഭരണഘടനയിൽ നിന്ന്, 'സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ' എന്നത് വെട്ടിമാറ്റിയത് ആരാണ്..? ആ കറുത്ത ശക്തികളെ കണ്ടെത്തേണ്ടതല്ലേ..?
10) ഈ വെട്ടിമാറ്റലിലൂടെ തന്നെയല്ലേ സി.ഐ.സി യും ചിലർ സ്വന്തമാക്കി കൊണ്ട് നടക്കുന്നത്. സി.ഐ.സിയുടെ ആസ്ഥാനം മർക്കസിലായിരുന്നു എന്നത് സ്മരണീയമാണ്.
11) സമസ്ത കേന്ദ്ര മുശാവറ ആദർശ വ്യതിയാനവും സംഘടനാ വിരുദ്ധ പ്രവർത്തനവും മൂലം മാറ്റി നിർത്തിയ ഹക്കീം ഫൈസിയെ വീണ്ടും മർക്കസിൽ കൊണ്ടു വന്ന കറുത്ത കരങ്ങൾ ഏതാണ്...?
12) സമസ്തയുടെ സ്ഥാപനങ്ങൾ ഭരണഘടന മാറ്റിയും മറ്റും പിടിച്ചെടുക്കാനും സമസ്തയെ കാൽചുവട്ടിലാക്കാനും ചിലർ നടത്തുന്ന ശ്രമങ്ങൾ പുറത്ത് കൊണ്ടുവരേണ്ടിയിരിക്കുന്നു.
സമസ്തയുടെ സ്ഥാപിത ലക്ഷ്യമായ ആദർശ കണിശത പറ്റില്ലെന്നാണിവർ പറയുന്നത്. ഇത് വകവെച്ച് കൊടുക്കാനാവില്ല.
പ്രവർത്തകർ ജാഗരൂകരാവുക.
തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ചാണ് സത്താർ പന്തല്ലൂർ പോസ്റ്റ് അവസാനിപ്പിക്കുന്നത്
0 Comments