കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ സെക്കന്റുകൾ മാത്രം മൈക്ക് തകരാറായതിന്റെ പേരിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്കിൽ ഹൗളിംഗ് വരുത്തി പൊതുസുരക്ഷയെ ബാധിക്കും വിധം പ്രതി പ്രവർത്തിച്ചുവെന്നായിരുന്നു എഫ്ഐആർ. പൊലീസ് സ്വമേധയാ എടുത്ത കേസിൽ പ്രതിയാരെന്ന് പറഞ്ഞിരുന്നില്ല. കേസെടുത്തതിന് പുറമെ മൈക്ക് ഓപ്പറേറ്റർ വട്ടിയൂർക്കാവിലെ എസ്‌വി സൗണ്ട്സ് ഉടമ രജ്ഞിത്തിൽ നിന്നും മൈക്കും ആംപ്ളിഫൈയറും കേബിളുകളും പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയും ചെയ്തത് വലിയ വിമര്‍ശനത്തിന് ഇടയാക്കി. മൈക്ക് ഒന്നാം പ്രതി കേബിൾ രണ്ടാം പ്രതി എന്നൊക്കെയുള്ള പരിഹാസവും കടുത്ത വിമർശനവും ഉയർന്നതോടെ നാണക്കേടിൽ നിന്നും തലയൂരാൻ മുഖ്യമന്ത്രി തന്നെ കേസില്‍ ഇടപെട്ടു. സുരക്ഷാ പരിശോധനയല്ലാതെ എല്ലാം അവസാനിപ്പിക്കണമെന്ന് പൊലീസിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ലിഫയറും ഉടമയ്ക്ക് തിരിച്ചുനൽകി.
0 Comments