ന്യൂഡല്‍ഹി: പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പിലെ വ്യക്തിഗത ചാറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുന്നതായി പ്രചാരണം. സ്വകാര്യ സന്ദേശങ്ങളില്‍ മൂന്ന് നീല ടിക്കുകള്‍ കണ്ടാല്‍ കേന്ദ്രസര്‍ക്കാര്‍ സന്ദേശങ്ങള്‍ നിരീക്ഷിക്കുന്നതായും രണ്ട് നീല ടിക്കുകളും ഒരു ചുവന്ന ടിക്കും ചേര്‍ന്ന് കണ്ടാല്‍ സന്ദേശം അയച്ച വ്യക്തിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കും എന്ന തരത്തില്‍ സോഷ്യല്‍മീഡിയയിലാണ് പ്രചാരണം നടക്കുന്നത്. ഇത് വ്യാജ പ്രചാരണമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
സന്ദേശങ്ങളില്‍ ഒരു നീല ടിക്കും രണ്ടു ചുവന്ന ടിക്കുകളും കണ്ടാല്‍ സന്ദേശം അയച്ചയാളുടെ ഡേറ്റ സര്‍ക്കാര്‍ പരിശോധിച്ച് വരുന്നതായും മൂന്ന് ചുവന്ന ടിക്കുകള്‍ കണ്ടാല്‍ ഉപയോക്താവിനെതിരെ നിയമനടപടി ആരംഭിച്ചതായും കോടതിയില്‍ നിന്ന് സമന്‍സ് ലഭിക്കുമെന്നുമാണ് മറ്റു വ്യാജ പ്രചാരണങ്ങള്‍. വാട്‌സ്ആപ്പ് ചുവന്ന ടിക്ക് ഉപയോഗിക്കുന്നില്ലെന്ന കാര്യം ഓര്‍മ്മിപ്പിച്ച് കൊണ്ട് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് ഈ പ്രചാരണങ്ങളെല്ലാം തള്ളിയത്. ഉപയോക്താവ് സന്ദേശം വായിച്ച് എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് രണ്ടു നീല ടിക്കുകള്‍. അതിനാല്‍ വാട്‌സ്ആപ്പ് സന്ദേശങ്ങളില്‍ ചുവന്ന ടിക്ക് എന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണ്. കൂടാതെ വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നില്ലെന്നും പിഐബി വ്യക്തമാക്കി.
0 Comments