മലപ്പുറം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗത്തിലേക്ക് അപ്രതീക്ഷിതമായി എത്തി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയില്‍ ആയുര്‍വേദ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രാഹുല്‍ മലപ്പുറത്ത് നടന്ന അനുസ്മരണ യോഗത്തിലേക്കെത്തിയത്. രോഗം ബുദ്ധിമുട്ടിക്കുന്ന വേളയില്‍ താന്‍ തടഞ്ഞിട്ടും ഭാരത് ജോഡോ യാത്രയില്‍ നടന്ന ആളാണ് ഉമ്മന്‍ ചാണ്ടിയെന്ന് അദ്ദേഹത്തെ അനുസ്മരിച്ച് കൊണ്ട് രാഹുല്‍ പറഞ്ഞു.
'മാസങ്ങള്‍ക്ക് മുമ്പ് കേരളത്തിലൂടെ ഭാരത് ജോഡോ യാത്ര കടന്നുപോയി. എനിക്കറിയാമായിരുന്നു ഉമ്മന്‍ ചാണ്ടിജിക്ക് സുഖമില്ല എന്നതും അപകടകരമായ അസുഖമാണ് അദ്ദേഹത്തിനെന്നും. എന്നാല്‍ അദ്ദേഹം എനിക്കൊപ്പം നടക്കണമെന്ന് പറഞ്ഞ് വിളിച്ചു. ആള്‍ക്കൂട്ടത്തിനിടയില്‍ ഇറങ്ങി നടക്കുമ്പോള്‍ ആരോഗ്യത്തിന് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹത്തോട് പറഞ്ഞു. യാത്രയ്ക്കിടയില്‍ അങ്ങയെ വന്ന് കണ്ടോളാമെന്നും പറഞ്ഞു. എന്നാല്‍ അദ്ദേഹം അതെല്ലാം നിരസിച്ചു. ഭാരത് ജോഡോയില്‍ നടക്കുമെന്ന് അദ്ദേഹം തീര്‍ത്ത് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം വന്നു, നടന്നു. കൈപിടിക്കാന്‍ ശ്രമിച്ചെങ്കിലും ഒറ്റയ്ക്ക് നടക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്' രാഹുല്‍ പറഞ്ഞു.ഉമ്മന്‍ ചാണ്ടിയെ പോലുള്ള നേതാക്കളെ ആവശ്യമുള്ള നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. എങ്ങിനെ മനുഷ്യനെ സഹായിക്കാമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഉമ്മന്‍ ചാണ്ടിയെന്ന് യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ച എല്‍ജെഡി അധ്യക്ഷന്‍ എം.വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി, ചാണ്ടി ഉമ്മന്‍ തുടങ്ങിയവരും അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.
0 Comments