മലപ്പുറം: കെഎസ്ആർടിസി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച രണ്ട് കോടി രൂപയുടെ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു. പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. യാർഡിന്റെയും കെട്ടിടത്തിന്റെയും അവശേഷിക്കുന്ന നിർമാണ പ്രവൃത്തികളാണ് നടക്കുന്നത്. പ്രവൃത്തികൾ ആറ് മാസത്തിനകം പൂർത്തീകരിക്കും. 90 ലക്ഷത്തിന്റെ കെ.എസ്.ആർ.ടി.സി ഫണ്ട് ഉപയോഗിച്ചുള്ള സിവിൽ - ഇലക്ട്രിക്കൽ പ്രവൃത്തികൾ കൂടി പൂർത്തീകരിക്കുന്നതോടെ ഏറെ നാളത്തെ സ്വപ്നം സാക്ഷാത്കരിക്കപ്പെടും.
മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സിന്റെ നിർമ്മാണ പ്രവൃത്തികൾ 2016 ജനുവരിയിൽ ആരംഭിച്ചെങ്കിലും ആദ്യ ഘട്ടമായി അനുവദിച്ച 7.90 കോടി ചെലവഴിച്ച് ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ നാലുനില കെട്ടിടത്തിന്റെയും ബസ് ബേയുടെയും പ്രവൃത്തികൾ മാത്രമാണ് ഇതുവരെ പൂർത്തീകരിക്കാൻ ആയത്. നാലു നിലകളിലുള്ള പ്രൊജക്ടിന്റെ തുടർ പദ്ധതി പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന സാഹചര്യമായിരുന്നു.
0 Comments