Flash News

6/recent/ticker-posts

സംസ്ഥാന ജൂനിയര്‍ ഫുട്‌ബാള്‍: മലപ്പുറം വീണ്ടും ചാമ്പ്യൻമാർ

Views
കൊച്ചി: സംസ്ഥാന ജൂനിയര്‍ ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആതിഥേയരെ മലർത്തിയടിച്ച് നിലവിലെ ജേതാക്കളായ മലപ്പുറം വിജയകിരീടം നിലനിർത്തി. 4-2 നാണ് ആതിഥേയരായ എറണാകുളത്തെ മലപ്പുറം തോൽപ്പിച്ചത്. 2-1ന് പിന്നില്‍നിന്ന ശേഷമാണ് കിരീടപ്പോരാട്ടം വിജയിച്ചത്. മത്സരത്തിന്‍റെ അഞ്ചാം മിനിറ്റില്‍ തന്നെ ബോസ് തോങ്ബാമിന്‍റെ ഗോളില്‍ മലപ്പുറം ലീഡ് നേടി. രണ്ട് മിനിറ്റുകള്‍ക്കം കെവിന്‍ അനോജിലൂടെ എറണാകുളം തിരിച്ചടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മധവേഷ് കൃഷ്ണയിലൂടെ ലീഡ് പിടിച്ച എറണാകുളത്തെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു പിന്നീട് മലപ്പുറത്തിന്‍റേത്. കളം നിറഞ്ഞ് കളിച്ച നിലവിലെ ചാമ്പ്യന്‍മാര്‍ കൃത്യമായ ഇടവേളകളില്‍ ഗോള്‍ നേടി ജയം ഉറപ്പാക്കുകയായിരുന്നു. സിനാന്‍ ജലീല്‍ ഇരട്ടഗോള്‍ നേടി. ഗോള്‍വേട്ടക്കാരന്‍ അക്ഫല്‍ അജാസ് കലാശക്കളിയിലും ഗോള്‍വല ചലിപ്പിച്ചു.

രാവിലെ നടന്ന ലൂസേഴ്‌സ് ഫൈനലില്‍ കാസർകോട് 4-3ന് തൃശൂരിനെ തോല്‍പ്പിച്ചു. കാസർകോടിനായി അബ്ദുല്ല റൈഹാന്‍ ഹാട്രിക് നേടി. കാസർകോടിന്‍റെ ഉമര്‍ അഫാഫ് ആണ് ടൂര്‍ണമെന്‍റിലെ മികച്ച താരം. മികച്ച ഗോള്‍കീപ്പര്‍ നിരഞ്ജന്‍ എ (കോഴിക്കോട്), മികച്ച ഡിഫന്‍ഡര്‍ ധ്യാന്‍കൃഷ്ണ എസ് (എറണാകുളം) മികച്ച മിഡ്ഫീല്‍ഡര്‍ അജ്‌സല്‍ റബീഹ് (മലപ്പുറം) എന്നിവരാണ് മറ്റു പുരസ്‌കാര ജേതാക്കള്‍. അരീക്കോട് ഓറിയന്‍റ് സ്‌കൂള്‍ അധ്യാപകന്‍ സി.ഷാനിലാണ് മലപ്പുറം ടീമിനെ പരിശീലിപ്പിച്ചത്. ഇസ്മാഈല്‍ ചെങ്ങര മാനേജര്‍.

കൊച്ചി മേയര്‍ എം.അനില്‍കുമാര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. എറണാകുളം ജില്ല ഫുട്‌ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് പി.വി. ശ്രീനിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജു ചൂളയ്ക്കല്‍, കെ.എഫ്.എ വൈസ് പ്രസിഡന്‍റ് പി.പൗലോസ്, മുന്‍ ഇന്ത്യന്‍ താരം സി.സി. ജേക്കബ്, ജോസ് ലോറന്‍സ്, ഡെറിക് ഡി കോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.



Post a Comment

0 Comments