കൊച്ചി: 22 പേരുടെ മരണിനിടയാക്കിയ താനൂർ ബോട്ടപകട കേസിൽ നാല് പ്രതികൾക്ക് ജാമ്യം. ഒന്നാം പ്രതി ബോട്ടുടമ നാസര്‍, ഏഴാം പ്രതി ശ്യാംകുമാര്‍, എട്ടാം പ്രതി ബിലാല്‍, ഒന്‍പതാം പ്രതി സവാദ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. താനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
പതിനൊന്നാം പ്രതി സെബാസ്റ്റ്യൻ ജോസഫ്, പന്ത്രണ്ടാം പ്രതി വി വി പ്രസാദ്, പത്താം പ്രതി മുഹമ്മദ് റിന്‍ഷാദ് എന്നിവർക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. താനൂര്‍ പൂരപ്പുഴയിലാണ് ബോട്ട് അപകടത്തിൽ പെട്ടത്. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. താനൂരിൽ ബോട്ട് മുങ്ങി മരിച്ച 22 പേരിൽ 15 പേരും കുട്ടികളായിരുന്നു. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും മരിച്ചു. പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്രാങ്കും ലാസ്‌കറുമടക്കം 24 പേർക്ക് കയറാവുന്ന ബോട്ടിൽ 52 പേർ കയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ. 2023 മേയ് ഏഴിനായിരുന്നു അപകടം നടന്നത്.
0 Comments