കരിപ്പൂർ: മലബാർ പ്രവാസികളുടെ ആശാകേന്ദ്രമായ കരിപ്പൂർ വിമാനത്താവളത്തിലേക്ക് സർവീസുകൾ പ്രഖ്യാപിച്ച് അബുദാബി ആസ്ഥാനമായ ഇതിഹാദ് എയർ. അടുത്ത വർഷം ജനുവരി ഒന്നു മുതൽ കരിപ്പൂരിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് ഇത്തിഹാദ്. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകത്തെ മുൻനിര വിമാന കമ്പനികളിൽ ഒന്നായ ഇത്തിഹാദ് എത്തുന്നതോടെ ഈ റൂട്ടിൽ മത്സരം കടുക്കാൻ ഇടയാക്കും.
ജനുവരിയിലാണ് സർവ്വീസുകൾ തുടങ്ങുന്നതെങ്കിലും ഇതിനകം തന്നെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. A321 വിമാനം ഉപയോഗിച്ച് നടത്തുന്ന സർവ്വീസുകൾ ജിസിസിയിലെ മറ്റു രാജ്യങ്ങളിലെ പ്രവാസികൾക്കും അനുഗ്രഹമാകും. കരിപ്പൂരിൽ നിന്നും രാത്രി 9.30 ന് യാത്ര തിരിക്കുന്ന ഇത്തിഹാദ് വിമാനം 12.05 ന് അബുദാബിയിൽ ഇറങ്ങും. അബുദാബിയിൽ നിന്ന് പുലർച്ചെ 02.40 ന് പുറപ്പെടുന്ന വിമാനം രാവിലെ 07:55 ന് കരിപ്പൂരിൽ ഇറങ്ങും.
കൊറോണക്ക് മുൻപ് വരെ എത്തിഹാദ് അബുദാബി - കരിപ്പൂർ -അബുദാബി റൂട്ടിൽ ദിവസവും 3 സർവീസുകൾ നടത്തിയിരുന്നു. നിലവിൽ ബജറ്റ് എയർലൈൻസ് ആയ എയർ അറേബ്യ കരിപ്പൂർ - അബുദാബി സർവ്വീസ് നടത്തുന്നുണ്ട്. കരിപ്പൂർ - ഷാർജ സർവ്വീസിന് പുറമെയാണ് ഈ സർവ്വീസ്. ശൈത്യകാല സമയക്രമം തുടങ്ങുന്ന ഒക്ടോബർ മുതൽ ദിവസവും 3 സർവീസുകൾ അബുദാബി - കരിപ്പൂർ -അബുദാബി റൂട്ടിൽ ഉണ്ടാവും.
കരിപ്പൂരിൽ നിന്നും ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് അബുദാബിയിൽ നിന്ന് എത്തിഹാദ് എയർവെയ്സ് വഴി തുടർ യാത്രകളും അതു പോലെ തന്നെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും കരിപ്പൂരിലേക്ക് അബുദാബി വഴി എളുപ്പത്തിൽ എത്തിച്ചേരാനുമാകും. സഊദി അറേബ്യ ഉൾപ്പെടെ മറ്റു ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്കും ഇത്തിഹാദിന്റെ വരവ് അനുഗ്രഹമാകും. മത്സരം വരുന്നതോടെ ടിക്കറ്റ് നിരക്ക് വർധിക്കാതെയിരിക്കാനും ഇതിഹാദിന്റെ വരവ് സഹായകമാകുമെന്നാണ് കരുതുന്നത്.
ഒറ്റ ടിക്കറ്റിൽ രണ്ട് സെക്ടറുകളിലേക്ക് യാത്ര ചെയ്യാനുള്ള സംവിധാനവുമായി യുഎഇയുടെ ഇത്തിഹാദ് എയർവേയ്സും എമിറേറ്റ് എയർലൈനും അടുത്തിടെ കരാറിൽ എത്തിയിരുന്നു.
വിനോദ സഞ്ചാരം ശക്തിപ്പെടുത്താനും ആഗോള മത്സരം നേരിടാനും ലക്ഷ്യമിട്ടുള്ള കരാർ ഇരു വിമാനക്കമ്പനികളും പരസ്പരം കൈകോർത്താണ് നടപ്പിലാക്കുന്നത്. കരാർ അനുസരിച്ച് എമിറേറ്റ് എയർലൈന്റെ ടിക്കറ്റ് ഉപയോഗിച്ച് ഇത്തിഹാദ് എയർവേയ്സിലും ഇത്തിഹാദിന്റെ ടിക്കറ്റിൽ എമിറേറ്റ്സിന്റെ എയർലൈനിലും യാത്ര ചെയ്യാം.
നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന സേവനത്തിൽ ചൈനയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമാണ് ഇത്തരത്തിൽ യാത്ര ചെയ്യാൻ അവസരം. ഭാവിയിൽ കൂടുതൽ രാജ്യങ്ങളിലേക്ക് യുഎഇ സേവനം നീട്ടും. പ്രവാസികൾക്ക് കൂടുതൽ പ്രയോജനം ലഭിക്കുന്നതാണ് ഈ കരാർ.
0 Comments