പെരിന്തൽമണ്ണ : മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് രണ്ടര വർഷം മുൻപ് തുടങ്ങിയ പുലാമന്തോൾ-മേലാറ്റൂർ റോഡ് പുനരുദ്ധാരണ പ്രവൃത്തി പാതിവഴിയിലായിരിക്കുന്നത് സർക്കാരിന്റെ വികസനത്തോൽവിയുടെ അടയാളമാണെന്ന് നജീബ് കാന്തപുരം എം.എൽ.എ. പറഞ്ഞു. പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാനപാതയിലെ പുലാമന്തോൾ മുതൽ മേലാറ്റൂർ വരെയുള്ള 30.88 കിലോമീറ്റർ ഭാഗത്തിന്റെ പുനരുദ്ധാരണപ്രവൃത്തി അട്ടിമറിച്ചതിന്റെ ഉത്തരവാദിയും ഒന്നാംപ്രതിയും സംസ്ഥാന സർക്കാരാണ്. പ്രവൃത്തി ഏറ്റെടുത്ത് സമയബന്ധിതമായി പൂർത്തിയാക്കാത്ത കരാറുകാരെ കരിമ്പട്ടികയിൽപ്പെടുത്തണമെന്നും എം.എൽ.എ. പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നടപടിയില്ലാത്തപക്ഷം തിരുവനന്തപുരത്ത് മന്ത്രിമാരുടെ ഓഫീസുകൾക്കു മുൻപിൽ നിരാഹാരസമരം നടത്തുമെന്നും നിയമപരമായ നടപടികൾ ആലോചിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്നും എം.എൽ.എ. പറഞ്ഞു. 2021 ജനുവരിയിൽ തുടങ്ങിയ പ്രവൃത്തി രണ്ടുവർഷവും ഏഴുമാസവും പിന്നിടുമ്പോളും 52 ശതമാനമാണ് പൂർത്തിയായിട്ടുള്ളത്. ഇത്രകാലമായിട്ടും പ്രവൃത്തി പൂർത്തിയാക്കാൻ കഴിയാത്തത് പൊതു മരാമത്തു വകുപ്പിന്റെ കെടുകാര്യസ്ഥതയുടെയും പരാജയത്തിന്റെയും തെളിവാണ്. 144 കോടി രൂപയുടെ വലിയ പദ്ധതിയായിട്ടും പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിന് മോണിറ്ററിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയോ ബന്ധപ്പെട്ട വകുപ്പുകൾ പുരോഗതി കൃത്യമായി വിലയിരുത്തുകയോ ചെയ്തിട്ടില്ലെന്നത് വീഴ്‌ചയാണ്. റോഡിന്റെ വിഷയവുമായി ബന്ധപ്പെട്ട് പൊതു മരാമത്തുവകുപ്പ് മന്ത്രിയെ പത്തിലേറെത്തവണ കണ്ടിട്ടുണ്ട്. 14 തവണ ഉദ്യോഗസ്ഥരുടെ യോഗം വിവിധ സ്ഥലങ്ങളിൽ ചേർന്നിരുന്നു. രണ്ടു തവണ സബ്മിഷനിലൂടെ നിയമസഭയിലും വിഷയം ഉന്നയിച്ചുവെന്നും എം.എൽ.എ. പറഞ്ഞു.
0 Comments