തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പുതുക്കിയ പ്രതിപ്പട്ടിക നാളെ പൊലീസ് കോടതിയിൽ സമർപ്പിക്കും. രണ്ട് ഡോക്ടർമാരേയും രണ്ട് നഴ്സുമാരേയും പ്രതിയാക്കിയാണ് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കുറ്റപത്രം തയാറാക്കുന്നത്. കേസിൽ ഉൾപ്പെട്ട ആരോഗ്യ പ്രവർത്തകരെ വിചാരണ ചെയ്യാൻ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചു കഴിഞ്ഞാൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടിയിലേക്ക് കടക്കും.
2017 നവംബർ 30നു മെഡിക്കൽ കോളജിൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ സംഘത്തിലെ അസിസ്റ്റന്റ് പ്രഫസർ, ജൂനിയർ റസിഡന്റ്, 2 നഴ്സുമാർ എന്നിവരാണു പ്രതിപ്പട്ടികയിൽ വരുന്നത്. ഇതോടൊപ്പം ഹർഷിനയുടെ പരാതി പ്രകാരം നിലവിലെ എഫ്ഐആറിൽ ഉൾപ്പെട്ട മാതൃശിശു സംരക്ഷണ കേന്ദ്രം മുൻ സൂപ്രണ്ട്, 2017, 2022 കാലത്ത് യൂണിറ്റ് മേധാവികളായിരുന്ന 2 ഡോക്ടർമാർ എന്നിവരുടെ പേരുകൾ ഒഴിവാക്കാനും കുന്നമംഗലം കോടതിയിൽ റിപ്പോർട്ടു നൽകും.
മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം മെഡിക്കൽ കോളജ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അഞ്ചുമാസം കൊണ്ടാണു പൊലീസ് അന്വേഷണം നടത്തി കോടതിക്കു റിപ്പോർട്ട് നൽകുന്നത്. മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയ്ക്കിടെയാണു ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന പൊലീസ് കണ്ടെത്തൽ ജില്ലാതല മെഡിക്കൽ ബോർഡ് തള്ളിയിരുന്നു. എന്നാൽ തുടർ നടപടികളുമായി മുന്നോട്ടു പോകാം എന്നായിരുന്നു പൊലീസിന് ലഭിച്ച നിയമോപദേശം.
0 Comments