കൊണ്ടോട്ടി : പരാധീനതകളുടെ നടുവിലാണെങ്കിലും രാജ്യത്ത് ലാഭത്തിൽ മൂന്നാംസ്ഥാനത്തെത്തി കരിപ്പൂർ വിമാനത്താവളം. 95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവർഷം കരിപ്പൂർ (കോഴിക്കോട്) വിമാനത്താവളത്തിന്റെ ലാഭം. ലോക്സഭയിൽ എസ്.ആർ. പാർഥിപൻ എം.പി.യുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി വി.കെ. സിങ് നൽകിയ മറുപടിയിലാണ് വിമാനത്താവളങ്ങളുടെ ലാഭ നഷ്ടക്കണക്ക് വിശദമാക്കിയത്.
എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളിൽ കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിലുള്ള വിമാനത്താവളമാണ് ഒന്നാംസ്ഥാനത്ത്. 482.30 കോടിയാണ് കൊൽക്കത്തയുടെ ലാഭം. ചെന്നൈ വിമാനത്താവളത്തിൽ 169.56 കോടിയും ലാഭം ഉണ്ടായി.
കഴിഞ്ഞ സാമ്പത്തികവർഷം 17 വിമാനത്താവളങ്ങൾ മാത്രമാണ് ലാഭം രേഖപ്പെടുത്തിയത്. 15 എണ്ണത്തിൽ ലാഭവും നഷ്ടവുമില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കോവിഡ് പ്രതിസന്ധിമൂലം രണ്ടു വർഷം മാത്രമാണ് കോഴിക്കോട് വിമാനത്താവളം നഷ്ടത്തിലായത്. അഞ്ചുവർഷത്തിനിടെ മിക്ക വിമാനത്താവളങ്ങളും നഷ്ടത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽ 201819 വർഷം 73.11 കോടി, 1920ൽ 69.14 കോടി എന്നിങ്ങനെയാണ് ലാഭം. കോവിഡ് പ്രതിസന്ധി ബാധിച്ച 202021ൽ 59.57 കോടിയും 2122ൽ 22.63 കോടിയും നഷ്ടമുണ്ടായി. പുണെ 74.94 കോടി, ഗോവ 48.39 കോടി, തിരുച്ചിറപ്പള്ളി 31.51 കോടി എന്നിവയാണ് കാര്യമായി ലാഭമുണ്ടാക്കിയ മറ്റു വിമാനത്താവളങ്ങൾ. 115.61 കോടി നഷ്ടം രേഖപ്പെടുത്തിയ അഗർത്തലയാണ് നഷ്ടക്കണക്കിൽ മുന്നിലുള്ളത്.
ലാഭകരമായ വിമാനത്താവളങ്ങൾ സ്വകാര്യവത്കരിച്ചതോടെയാണ് എയർപോർട്ട് അതോറിറ്റിക്ക് കീഴിലുള്ളവയുടെ നഷ്ടക്കണക്ക് കൂടിയത്. തിരുവനന്തപുരം വിമാനത്താവളം 110.15 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞവർഷം രേഖപ്പെടുത്തിയത്. സ്വകാര്യ പൊതു പങ്കാളിത്തത്തിലുള്ള കൊച്ചി 267.17 കോടി രൂപ ലാഭം നേടിയപ്പോൾ കണ്ണൂർ 131.98 കോടി രൂപ നഷ്ടത്തിലാണ്.
0 Comments