Flash News

6/recent/ticker-posts

മരിച്ചടക്ക് കഴിഞ്ഞ് ഏഴാം ദിവസം ആന്റണിയെത്തി, സ്വന്തം കല്ലറ കാണാൻ

Views
സ്വന്തം കല്ലറ കാണാന്‍ ആന്റണി എത്തി. അതും മരിച്ചടക്ക് കഴിഞ്ഞ് ഏഴാം നാള്‍. ആലുവ ചുണങ്ങുംവേലിയിലാണ് സംഭവം. അവിവാഹിതനായ ആന്‍റണി (68) മൂവാറ്റുപുഴയിലായിരുന്നു താമസിച്ചിരുന്നത്. വല്ലപ്പോഴും മാത്രം വീട്ടില്‍ എത്തുന്ന ആളായിരുന്നു ആന്‍റണി. കഴിഞ്ഞദിവസം നാട്ടിൽ എത്തിയപ്പോഴാണ് താന്‍ മരിച്ച് ഏഴ് ദിവസം ആയതിന്റെ ചടങ്ങുകള്‍ പള്ളിസെമിത്തേരിയിൽ നടക്കുന്നുണ്ടെന്ന് ആന്റണി ആറിഞ്ഞത്. ആന്റണി നാട്ടിൽ ബസ് ഇറങ്ങിയപ്പോൾ സംസ്കാരചടങ്ങുകളില്‍ പങ്കെടുത്ത അയൽക്കാരൻ സുബ്രഹ്മണ്യനാണ് 'പരേതന്‍' ജീവനോടെ ഉണ്ട് എന്ന സത്യം ആദ്യം തിരിച്ചറിഞ്ഞത്. സുബ്രഹ്മണ്യന്‍ പറഞ്ഞാണ് ആന്റണി തന്റെ 'മരണവാർത്ത' അറിയുന്നതും. ഇതോടെ പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെയുള്ളവര്‍ എത്തി ആന്റണി ജീവനോടെ ഉണ്ട് എന്ന് ഉറപ്പിച്ചു.

ഏഴ് ദിവസം മുൻപ് അങ്കമാലിക്കടുത്തു വെച്ച് മരണപ്പെട്ട ആളുമായി ആന്റണിക്കുണ്ടായിരുന്ന രൂപസാദൃശ്യമാണ് കാര്യങ്ങൾ മാറ്റിമറിച്ചത്. മരണപ്പെട്ട അജ്ഞാതന്റെ മൃതദേഹം കണ്ട് ആന്റണിയാണെന്ന് സംശയം തോന്നിയ ആളാണ് പൊലീസിനെയും ബന്ധുക്കളെയും വിവരം അറിയിച്ചത്. അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിയ ബന്ധുക്കളും മൃതദേഹം ആന്റണിയുടേത് ആണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം ബോഡി ബന്ധുക്കള്‍ക്ക് വിട്ടു നൽകുകയായിരുന്നു. ചുണങ്ങംവേലി സെന്‍റ് ജോസഫ് പള്ളി സിമത്തേരിയിൽ പരേതന്റെ ശവസംസ്കാരശുശ്രൂഷകള്‍ നടന്നു. തിങ്കളാഴ്ച ആന്റണി മരിച്ച് ഏഴുദിവസം ആയതിന്റെ ചടങ്ങുകളും നടന്നുകൊണ്ടിരിക്കുമ്പോഴാണ് ആന്റണിയുടെ തിരിച്ചു വരവ്. ജനനവും മരണവും രേഖപ്പെടുത്തി, പൂക്കള്‍ കൊണ്ട് അലങ്കരിച്ച സ്വന്തം കല്ലറയുടെ മുന്നിലും ആന്‍റണി എത്തി.

മരണപ്പെട്ടത് തന്റെ രൂപസാദൃശ്യമുള്ള കോട്ടയം സ്വദേശി രാമചന്ദ്രൻ എന്നയാൾ ആയിരിക്കാമെന്ന് ആന്റണി സംശയം പ്രകടിപ്പിച്ചു. അലഞ്ഞുനടക്കുന്ന സ്വഭാവക്കാരനായ രാമചന്ദ്രനെ മുൻപ്‌ ആന്റണി പരിചയപ്പെട്ടിട്ടുണ്ട്. ആന്റണി മടങ്ങിയെത്തിയ സ്ഥിതിക്ക് കല്ലറയിൽ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റുമെന്ന് അങ്കമാലി പൊലീസ് പറഞ്ഞു. മരിച്ചത് ആര് എന്ന് അറിയാന്‍ വിശദമായ അന്വേഷണം നടത്തും.



Post a Comment

0 Comments