കോഴിക്കോട് : സി.പി.എമ്മിലെ അഡ്വ. കെ.എം. സക്കീറിനെ വഖഫ് ബോര്‍ഡ് ചെയര്‍മാനാക്കുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി സമസ്ത മുശാവറ അംഗം ഡോ.ബഹാവുദ്ദീൻ നദ്‍വി. വഖഫ് ചെയര്‍മാൻ പദവിയില്‍ മതനിരാസ വക്താക്കളെയും ദൈവത്തെ തള്ളിപ്പറയുന്നവരെയും നിയമിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ പ്രത്യേകം താത്പര്യം കാണിക്കുന്നതിനു പിന്നില്‍ കമ്യൂണിസത്തിന്റെ ഒളിയജണ്ടയാണെന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു. ഇസ്‌ലാമിക നിയമ സംഹിതകളും പ്രമാണങ്ങളും സംബന്ധിച്ച് പൊതുവെയും വഖ്ഫ് നിയമങ്ങളെക്കുറിച്ച് സവിശേഷമായും കൃത്യമായ പരിജ്ഞാനമുള്ളവരായിരിക്കണം വഖ്ഫ് ചുമതലകള്‍ ഏല്പിക്കപ്പെടേണ്ടത്. മത വിഷയങ്ങളില്‍ അവഗാഹവും കാഴ്ചപ്പാടും ഇസ്‌ലാമിക ജീവിതരീതികളുമുള്ള വ്യക്തികളാണ് കേരളത്തിലെ വഖ്ഫ് ചെയര്‍മാന്‍ പദവി വഹിച്ചിരുന്നത്. ഈ സ്ഥാനത്ത് മതനിരാസ വക്താക്കളും ദൈവത്തെ തള്ളിപ്പറയുന്നവരുമായവരെ നിയമിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ പ്രത്യേകം താത്പര്യം കാണിക്കുന്നതിനു പിന്നിലെ അജണ്ട വ്യക്തമാണ് -ഡോ. ബഹാവുദ്ദീൻ നദ്‍വി കുറ്റപ്പെടുത്തുന്നു. ഏകസിവില്‍ കോഡ് വിഷയം സി.പി.എം മുസ്‍ലിംകളുടെ വിഷയമാക്കി മാറ്റുന്നുവെന്നും മൂന്നരപ്പതിറ്റാണ്ട് മുമ്ബ് കേരളത്തിലിരുന്ന് ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിനനുകൂലമായി വാദിച്ചവര്‍ ഇപ്പോള്‍മുതലക്കണ്ണീരൊഴുക്കുന്നതിനു പിന്നിലെ അജണ്ട വേറെയാണെന്നും നേരത്തെ ബഹാവുദ്ദീൻ നദ്‍വി വിമര്‍ശനമുന്നയിച്ചിരുന്നു. സി.പി.എമ്മുമായി സമസ്തക്ക് ഒരു നിലക്കും ഒത്തുപോവാനാവില്ലെന്ന് പിന്നീട് പരസ്യപ്രസ്താവന നടത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് വഖഫ് ബോര്‍ഡ് ചെയര്‍മാൻ വിഷയത്തില്‍ ഡോ. ബഹാവുദ്ദീൻ നദ്‍വി രംഗത്ത് വന്നിരിക്കുന്നത്. അതേ സമയം ഡോ. ബഹാവുദ്ദീൻ നദ്‍വിയുടെ വിമര്‍ശനത്തില്‍ അമര്‍ഷവും അദ്ഭുതവും രേഖപ്പെടുത്തി ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ രംഗത്തുവന്നു. അഡ്വ. മുഹമ്മദ് സക്കീറിനെ കുറിച്ച് നദ്‍വി രേഖപ്പെടുത്തിയ അഭിപ്രായം തീര്‍ത്തും തെറ്റാണെന്നും അദ്ദേഹം മതനിഷേധിയോ ഇസ്‍ലാമിക ആരാധന അനുഷ്ഠിക്കാത്ത വ്യക്തിയോ അല്ലെന്നും ജലീല്‍ ഫസ്ബുക്കില്‍ മറുപടിയുമായെത്തി. കടുത്ത ചോദ്യങ്ങള്‍ ജലീല്‍ ബഹാവുദ്ദീൻ നദ്‍വിയോട് ഉന്നയിക്കുന്നുണ്ട്. തെറ്റിദ്ധാരണ തിരുത്തി ക്ഷമാപണം നടത്തണമെന്നാവശ്യപ്പെട്ടാണ് ജലീല്‍ ദീര്‍ഘമായ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ആഗസ്റ്റ് 18 നാണ് വഖഫ് ബോര്‍ഡ് ചെയര്‍മാൻ തെരഞ്ഞെടുപ്പ്.
0 Comments