കോഴിക്കോട്: ഓണമടുത്തതോടെ വിപണിയിൽ കോഴിവില തോന്നിയപോലെ. ഒരാഴ്ചക്കിടെ വർധിച്ചത് 50 രൂപ. കോഴിയിറച്ചിക്ക് ഒരിടത്ത് 200 എങ്കിൽ മറ്റു ചിലയിടത്ത് 230ഉം 240ഉം. ഇനിയും വിലയുയരുമെന്നുതന്നെയാണ് വിപണിയിലെ സൂചനകൾ. നഗരത്തിലെ നടക്കാവ് ഭാഗങ്ങളിൽ 200 രൂപയാണ് ഇറച്ചിവില. നഗരപ്രാന്തങ്ങളിലും മറ്റു ചിലയിടങ്ങളിലും 230ഉം 220ഉം ഒക്കെ വിലയുണ്ട്.
കേരളത്തിലെ ഉത്സവകാലങ്ങളിൽ കോഴിവില വർധിക്കുന്നത് പതിവാണെങ്കിലും ഇക്കുറി വില പതിവിലേറെ കൂകിപ്പായുമെന്നു തന്നെയാണ് കച്ചവടക്കാർ പറയുന്നത്. കഴിഞ്ഞ നോമ്പ്, പെരുന്നാൾ കാലത്ത് കോഴിയിറച്ചി വില റെക്കോഡ് ഭേദിച്ചിരുന്നു. ഇറച്ചി കിലോക്ക് 280 രൂപവരെ എത്തിയിരുന്നു. ഓണത്തിനും ഈ വിലയിൽ എത്തുമെന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന.
കേരളത്തിലെ ഉത്സവകാലം മുന്നിൽകണ്ട് തമിഴ്നാട്ടിലെ ഉൽപാദകർ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതുകൊണ്ടാണ് വിലയേറുന്നതെന്ന് കച്ചവടക്കാർ പറയുന്നു. കേരളത്തിലും തമിഴ്നാട്ടിലുമുള്ള ഫാമുകളിൽ ഉൽപാദനം കുറച്ചിരിക്കുകയാണ്. ഇതോടെ ആവശ്യം കൂടുന്നതിനനുസരിച്ച് വിലയും കുതിക്കുന്നു.
തമിഴ്നാട്ടിലെ പല്ലടത്തുനിന്നും നാമക്കലിൽനിന്നുമാണ് കോഴികൾ എത്തുന്നത്. പാലക്കാട് ജില്ലയിലെ അതിർത്തിയിലും ഫാമുകളുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും ഫാമുകളിൽ ആവശ്യത്തിന് കോഴികൾ ഉള്ളപ്പോൾ പൂഴ്ത്തിവെച്ച് കൃത്രിമക്ഷാമം സൃഷ്ടിക്കുകയാണെന്ന് ചിക്കന് വ്യാപാരി സമിതി ആരോപിച്ചു.
ജില്ല ഭരണകൂടം ഇടപെട്ട് പൂഴ്ത്തിവെപ്പുകാരെ കണ്ടെത്തി നടപടിയെടുത്ത് ഓണക്കാലത്ത് ന്യായവിലക്ക് കോഴിയിറച്ചി ലഭ്യമാക്കാനുള്ള അവസരം സൃഷ്ടിക്കണമെന്ന് ചിക്കന് വ്യാപാരി സമിതി ജില്ല പ്രസിഡന്റ് കെ.വി. റഷീദ് ആവശ്യപ്പെട്ടു.
0 Comments