Flash News

6/recent/ticker-posts

അമ്മ മരിച്ചെന്നുപറഞ്ഞ് തിരക്കിട്ട് പോകാൻ ശ്രമം: യുവതിയുടെ നടപ്പിൽ സംശയം; പിടിച്ചത് വൻ സ്വർണക്കടത്ത്

Views
നെടുമ്പാശ്ശേരി: അമ്മ മരിച്ചുപോയെന്നും കാണാനെത്തിയതാണെന്നും പറഞ്ഞ് പരിശോധന ഒഴിവാക്കി 25.75 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി കൊച്ചി വിമാനത്താവളത്തില്‍ പിടിയില്‍. ഇന്‍ഡിഗോ വിമാനത്തില്‍ ബഹ്റൈനില്‍നിന്ന് എത്തിയ ആലപ്പുഴ സ്വദേശിനി രജുലയാണ് 518 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
കസ്റ്റംസിന്റെ ഡ്യൂട്ടി സമയം മാറുന്ന നേരത്താണ് ഇവര്‍ എത്തിയത്. തിരക്കുകൂട്ടി ഗ്രീന്‍ ചാനലിലൂടെ കടന്നുപോകാന്‍ ശ്രമിച്ച ഇവരുടെ നടത്തത്തില്‍ സംശയം തോന്നി കസ്റ്റംസ് പിടികൂടി വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്
ഷൂസിനുള്ളില്‍ കറുത്ത കവറില്‍ പൊതിഞ്ഞ് 275 ഗ്രാം സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചിരുന്നു. കൂടാതെ 253 ഗ്രാം തൂക്കം വരുന്ന അഞ്ച് വളകളും ഒരു മാലയും ഇവര്‍ അണിഞ്ഞിരുന്നതായും കണ്ടെത്തി. അമ്മ മരിച്ചതിനെത്തുടര്‍ന്നല്ല രജുല ഇപ്പോള്‍ വന്നത്. മരണവുമായി ബന്ധപ്പെട്ട് വിദേശത്തുനിന്ന് എത്തുന്നവരെ കൂടുതല്‍ പരിശോധന കൂടാതെ ഗ്രീന്‍ ചാനലിലൂടെ കടത്തിവിടാറുണ്ട്. ഇത് മുതലാക്കിയാണ് യുവതി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.



Post a Comment

0 Comments