പട്ടാമ്പി : അകകണ്ണിന്റെ വെളിച്ചത്തിൽ ഉയരങ്ങൾ താണ്ടിയ പട്ടാമ്പിയുടെ അഭിമാനം സി. ടി നാഫിയ മണ്ണാർക്കാട് എം. ഇ .എസ് കല്ലടി കോളേജിൽ അസിസ്റ്റന്റ് പ്രഫസറായി ജോയിൻ ചെയ്തു.ഫറൂഖ് കോളേജിൽ നിന്നും ബി.എ അറബിക്ക് ആന്റ് ഇസ്‌ലാമിക് ഹിസ്റ്ററിയിൽ ഒന്നാം റാങ്കോടെ ബിരുദം നേടിയ നാഫിയ മണ്ണാർക്കാട് എം. ഇ .എസ് കല്ലടി കോളേജിൽ ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദവും, യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ ജൂനിയർ റിസേർച്ച് ഫെലോഷിപ്പും കരസ്ഥമാക്കി അദ്ധ്യാപക യോഗ്യത (NET) നേടി. കാലിക്കറ്റ് യൂണിവേഴ്സിറ്റി മണ്ണാർക്കാട് എം. ഇ .എസ് കല്ലടി കോളേജിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിലെ ഗവേഷക വിദ്യാർത്ഥിനി കൂടിയാണ് നാഫിയ. കാഴ്ച പരിമിതി വെല്ലുവിളിയായെങ്കിലും ജീവിത യാത്രയിൽ നാഫിയ ഒരിക്കലും തളർന്നുപോയിട്ടില്ല. തന്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തതെല്ലാം അവൾ അകക്കണ്ണുകൾ കൊണ്ട് കാണുകയായിരുന്നു. ഈ ഉൾകാഴ്ചക്ക് മുമ്പിൽ കാഴ്ചയുള്ളവർ പോലും തോറ്റുപോവുകയാണ്. ജന്മനാൽ കാഴ്ച ശക്തി ഇല്ലാത്തിരുന്നിട്ടും പഠനത്തിൽ മികവുപുലർത്തിയ ഈ മിടുക്കി പാലക്കാട് ജില്ലയിലെ പട്ടാമ്പി വല്ലപ്പുഴ സ്വദേശി ചെട്ടിത്തൊടി മുസ്തഫയുടെയും നസീമയുടെയും മകളാണ്. ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ആസാം സെന്റർ അഡ്മിനിസ്ട്രേറ്ററും ദീർഘകാല അധ്യാപകനുമായ മുഹമ്മദ് നസീഫ് ഹുദവി, മിസ് രിയ, നിസാം എന്നിവർ സഹോദരങ്ങളാണ്. അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച് ഇക്കാലമത്രയും പഠിച്ചതെല്ലാം അടുത്ത തലമുറക്ക് പകർന്നുനൽകാൻ കഴിയുന്ന അധ്യാപികയായി മാറിയതിന്റെ സന്തോഷത്തിലാണ് നാഫിയയും കുടുംബവും നാട്ടുകാരുമെല്ലാം.
0 Comments