സംസ്ഥാന നേതൃത്വത്തിന്റെ തെറ്റുകള്‍ ഇനിയും ചൂണ്ടിക്കാട്ടുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. താന്‍ പറഞ്ഞ പരാതികള്‍ തനിക്ക് വേണ്ടിയല്ല. പാര്‍ട്ടിക്ക് വേണ്ടിയാണ്. നേതൃത്വം ഇനി തെറ്റുകള്‍ ചെയ്യില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നും ശോഭാ പറഞ്ഞു.
ആര് ചവിട്ടിത്താഴ്ത്തിയാലും താഴെ വീഴില്ല. തനിക്കെതിരെ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും ശോഭാ പറഞ്ഞു. കഴിഞ്ഞ കുറച്ചു കാലമായി ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ നിശിത വിമര്‍ശനമാണ് ശോഭാ സുരേന്ദ്രന്‍ നടത്തി വരുന്നത്.
തര്‍ക്കം ഒത്തുതീര്‍ക്കാനെന്ന വിധം കഴിഞ്ഞ മൂന്ന് വര്‍ഷമായി സംഘടനാ ചുമതലയൊന്നുമില്ലാതിരുന്ന ശോഭ സുരേന്ദ്രന് പുതിയ ചുമതല നല്‍കിയിരുന്നു. ബിജെപിയുടെ കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള പ്രഭാരിയായാണ് ശോഭ സുരേന്ദ്രനെ നിയമിച്ചത്. എന്നാല്‍ അതുകൊണ്ടൊന്നും തന്റെ വിമര്‍ശനം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന സന്ദേശമാണ് ഇന്നത്തെ പ്രതികരണത്തിലൂടെ ശോഭാ സുരേന്ദ്രന്‍ നല്‍കിയിരിക്കുന്നത്.
പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ വെല്ലുവിളിച്ച് നേരത്തെ ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. തന്നെ പുറത്താക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനു വെച്ച വെള്ളം വാങ്ങി വയ്ക്കണമെന്നും ശോഭ പ്രതികരിച്ചിരുന്നു. ഇത് തന്റെ കൂടി പാര്‍ട്ടിയാണ്. മുന്നോട്ടുള്ള വഴിയില്‍ ആരെങ്കിലും തടസ്സം സൃഷ്ടിച്ചാല്‍ അത് എടുത്തുമാറ്റി മുന്നോട്ടുപോകാന്‍ അറിയാമെന്നും അവര്‍ പറഞ്ഞിരുന്നു
0 Comments