കൊച്ചി : കേരള ഹൈക്കോടതിയിൽ തീർപ്പാക്കാനുള്ള കേസുകളുടെ എണ്ണം രണ്ടു ലക്ഷത്തോട് അടുക്കുമ്പോഴും ജഡ്‌ജിമാരുടെ ഒഴിവുകൾ നികത്താൻ നടപടിയില്ല. നിലവിൽ 14 ജഡ്‌ജിമാരുടെ ഒഴിവുകളാണുള്ളത്. പല ഘട്ടങ്ങളിലായി ഹൈക്കോടതി കൊളീജിയം നിയമനത്തിനായി ഒമ്പതു പേരുകൾ ശുപാർശ ചെയ്തെങ്കിലും ഇക്കാര്യത്തിൽ സുപ്രീംകോടതി കൊളീജിയത്തിന്റെ തീരുമാനം വൈകുകയാണ്.
കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ ജസ്റ്റിസ് എസ്.വി.എൻ. ഭട്ടി ചീഫ് ജസ്റ്റിസായിരിക്കെ നടപടികൾ സ്വീകരിച്ചിരുന്നു. ഓരോബെഞ്ചും നിലവിലുള്ള കേസുകൾക്കുപുറമേ നിശ്ചിത എണ്ണം പഴയ കേസുകൾകൂടി പരിഗണിക്കണമെന്ന അദ്ദേഹം തുടങ്ങിവച്ച രീതി ഇപ്പോഴും തുടരുന്നുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളിലേറെയും അഞ്ചുമുതൽ പത്തുവർഷംവരെ പഴക്കമുള്ളവയാണ്. 54,890 സിവിൽ കേസുകളും 11,104 ക്രിമിനൽ കേസുകളുമാണ് ഈ വിഭാഗത്തിലുള്ളത്. ഇതിനുപുറമേ മുപ്പതുവർഷത്തിലേറെ പഴക്കമുള്ള 17കേസുകളും നിലവിലുണ്ട്.
കേരള ഹൈക്കോടതിയിൽ 35സ്ഥിരം ജഡ്‌ജിമാരും 12 അഡിഷണൽ ജഡ്‌ജിമാരുമടക്കം 47 ജഡ്ജിമാരാണ് വേണ്ടതെങ്കിലും 31സ്ഥിരം ജഡ്‌ജിമാരും രണ്ട് അഡിഷണൽ ജഡ്ജിമാരുമടക്കം 33പേരാണ് നിലവിലുള്ളത്. ഒഴിവുകൾ നികത്താൻ ഏഴ് ജില്ലാ ജഡ്‌ജിമാരുടെ പേരുകളുൾപ്പെട്ട പട്ടിക ഹൈക്കോടതി കൊളീജിയം സുപ്രീംകോടതിക്ക് കഴിഞ്ഞ മാർച്ചിൽ സമർപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് എസ്.വി.എൻ. ഭട്ടി, ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ എന്നിവരുൾപ്പെട്ട കൊളീജിയമാണ് പേരുകൾ ശുപാർശ ചെയ്തത്.
ചീഫ് ജസ്റ്റിസായിരുന്ന മണികുമാറും ജസ്റ്റിസ് ഭട്ടിയും നൽകിയ ലിസ്റ്റിൽനിന്ന് രണ്ടുപേരെ ഒഴിവാക്കി മറ്റു രണ്ടുപേരുകൾ കൂട്ടിച്ചേർത്ത് ജസ്റ്റിസ് വിനോദ്ചന്ദ്രൻ മറ്റൊരു പട്ടിക സുപ്രീംകോടതി കൊളീജിയത്തിന് നൽകി. എം.ബി. സ്നേഹലത, പി.ജെ. വിൻസെന്റ്, സി. കൃഷ്‌ണകുമാർ, ജോൺസൺ ജോൺ, ജി. ഗിരീഷ്, സി. പ്രതീപ്‌കുമാർ, ഹൈക്കോടതി രജിസ്ട്രാർ ജനറലായിരുന്ന പി. കൃഷ്‌ണകുമാർ എന്നിവരുടെ പേരുകളാണ് ചീഫ് ജസ്റ്റിസും ജസ്റ്റിസ് ഭട്ടിയും ശുപാർശചെയ്തത്. ഇവരിൽ പി.ജെ. വിൻസെന്റ്, സി. കൃഷ്ണകുമാർ എന്നിവരെ ഒഴിവാക്കി കെ.വി. ജയകുമാർ, പി. സെയ്തലവി എന്നിവരുടെ പേരുകളാണ് ജസ്റ്റിസ് വിനോദ്ചന്ദ്രന്റെ ലിസ്റ്റിലുണ്ടായിരുന്നത്. ഈ ഭിന്നതമൂലം സുപ്രീംകോടതി രണ്ടു ലിസ്റ്റിലും തീരുമാനമെടുത്തില്ല.
ഇതിനുമുമ്പ് സഞ്ജിത അറയ്ക്കൽ, അരവിന്ദ്കുമാർ ബാബു എന്നീ അഭിഭാഷകരുടെ പേരുകൾ ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തിരുന്നെങ്കിലും ഇതിലും തീരുമാനമുണ്ടായില്ല.
0 Comments