താനൂർ : ചാഞ്ചേരി പറമ്പ്, കണ്ണന്തളി ഭാഗങ്ങളിലുണ്ടായ തെരുവ് നായ
അക്രമത്തിൽ 2 വിദ്യാർഥികൾക്ക് ഗുരുതര പരുക്ക്.
പി.ജഹാംഗീർ ബാബുവിൻ്റെ മകൻ അമീൻ (6), ടി.പി.നൗഷാദിൻ്റെ മകൻ മുഹമ്മദ് റിസാൻ(12) എന്നിവർക്കാണ് കടിയേറ്റത്. വൈകിട്ട് 4.45നാണ് നായയുടെ വിളയാട്ടം.
കണ്ണന്തളിയിൽ അമീൻ വീട്ടു മുറ്റത്ത് കളിക്കുകയായിരുന്നു. പൊടുന്നനെ നായ ചാടി വീണ് കടിക്കുകയായിരുന്നു. ഉടൻ തിരൂർ ഗവ.ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും തലക്ക് സാരമായ പരുക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഒന്നര കിലോമീറ്റർ അകലെ ചാഞ്ചേരി പറമ്പിലെ മുഹമ്മദ് റിസാൻ കൂട്ടുകാരനൊന്നിച്ച് സമീപത്തെ കടയിൽ പോയി വരുമ്പോഴാണ് കടിയേറ്റത്. കൈക്കാണ് പരുക്ക്. പനങ്ങാട്ടൂർ അൽ നൂർ സ്കൂൾ വിദ്യാർഥിയാണ്. തിരൂർ ഗവ.ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
2 വർഷം മുൻപ് ഈ മേഖലയിൽ ഒരു ദിവസം തന്നെ 13 ആളുകൾക്ക് നായ കടിയേറ്റിരുന്നു. പിന്നീടും ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് ഇന്നലത്തെ സംഭവം. നാട്ടുകാർ പരക്കെ ഭയവിഹ്വലതയിലാണ്
0 Comments