കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവള വികസനത്തിന് ഏറ്റെടുക്കുന്നത് 12.506 ഏക്കര്‍ ഭൂമി. ഏഴേക്കര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച പള്ളിക്കല്‍ വില്ലേജില്‍നിന്ന് 5.566 ഏക്കറും ഏഴരയേക്കര്‍ തീരുമാനിച്ച നെടിയിരുപ്പില്‍നിന്ന് 6.94 ഏക്കറുമാണ് ഏറ്റെടുക്കുന്നത്.
അതിര്‍ത്തി നിര്‍ണയിച്ച് ഏറ്റെടുക്കുന്ന മുഴുവന്‍ ഭൂമിയും അളന്നുതിട്ടപ്പെടുത്തിയതോടെയാണ് കൃത്യമായ വിസ്തീര്‍ണം വ്യക്തമായത്.
റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ(റെസ)യുടെ നീളം 90 മീറ്ററില്‍നിന്ന് 240 മീറ്ററായി വിപുലീകരിക്കുന്നതിനാണ് ഭൂമി ഏറ്റെടുക്കുന്നത്. 18.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനായിരുന്നു തീരുമാനം. പള്ളിക്കല്‍ വില്ലേജില്‍ കുമ്മിണിപ്പറമ്പ് റോഡിനു പടിഞ്ഞാറുവശത്ത് പള്ളിയും കബറിസ്താനും ഒഴിവാക്കിയതോടെ ഏറ്റെടുക്കുന്നത് 14.5 ഏക്കറായി ചുരുങ്ങി.
വിമാനത്താവള അതോറിറ്റി അധികൃതര്‍ അതിര്‍ത്തി നിര്‍ണയിച്ചുനല്‍കിയ സ്ഥലം അളന്നപ്പോള്‍ പ്രതീക്ഷിച്ചതിലും രണ്ടേക്കര്‍ കുറവാണെന്നു കണ്ടെത്തി. സ്ഥലം സന്ദര്‍ശിച്ച് അളക്കാതെയാണ് അതോറിറ്റി അതിര്‍ത്തി നിര്‍ണയിച്ചത്.
നിശ്ചയിച്ചതിനേക്കാള്‍ രണ്ടേക്കര്‍ കുറഞ്ഞത് വിമാനത്താവളവികസനത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.
കഴിഞ്ഞദിവസം നെടിയിരുപ്പ് പാലക്കപ്പറമ്പ് അങ്കണവാടിയില്‍ നടന്ന പ്രത്യേക ക്യാമ്പ് കഴിഞ്ഞതോടെ മുഴുവന്‍ ഭൂവുടമകളും രേഖകള്‍ കൈമാറിക്കഴിഞ്ഞു.
ഭൂമി വിട്ടുനല്‍കാന്‍ കൂടുതല്‍ ആളുകള്‍ തയ്യാര്‍:
ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായി മുപ്പതോളംപേര്‍ അധികൃതരെ സമീപിച്ചിട്ടുണ്ട്. ഭാഗികമായി ഏറ്റെടുത്ത ഭൂമിയുടെ ബാക്കിഭാഗവും വിട്ടുനല്‍കാന്‍ തയ്യാറായാണ് കുടുതല്‍പേരും അധികൃതരെ ബന്ധപ്പെട്ടത്. വഴി നഷ്ടപ്പെട്ടതും ഉയര്‍ന്ന നഷ്ടപരിഹാരത്തുകയുമെല്ലാം മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.
നഷ്ടപരിഹാരം 8.37 കോടി രൂപവരെ:
ഭൂമി വിട്ടുനല്‍കിയതിന് ഏറ്റവുമധികം നഷ്ടപരിഹാരത്തുക ലഭിക്കുന്നത് പള്ളിക്കല്‍ വില്ലേജിലെ ഭൂവുടമയ്ക്കാണ്. ഒരേക്കറിനടുത്ത് ഭൂമിയും വീടും വാടക ക്വാര്‍ട്ടേഴ്സുമെല്ലാം നഷ്ടപ്പെടുന്ന ഇയാള്‍ക്ക് 8.37 കോടി രൂപ ലഭിക്കും. ഒരുകോടി രൂപയിലേറെ ലഭിക്കുന്ന ഒട്ടേറെയാളുകളുണ്ട്.
നെടിയിരുപ്പില്‍ ഇരുപത്തിനാലും പള്ളിക്കലില്‍ പന്ത്രണ്ടുമടക്കം 36 വീടുകളാണ് ഏറ്റെടുക്കുന്ന ഭൂമിയിലുള്ളത്. കൂടാതെ, പള്ളിക്കലില്‍ രണ്ടു ക്വാര്‍ട്ടേഴ്‌സുകളും മൂന്നുകെട്ടിടങ്ങളും ഏറ്റെടുക്കുന്നുണ്ട്. പുനരധിവാസ പാക്കേജിനും നഷ്ടപരിഹാരത്തിനുമായി 70.2 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പട്ടയമില്ലാത്ത ഭൂമിയില്‍ താമസിക്കുന്ന കുമ്മിണ്ണിപ്പറമ്പ് കുറുപ്പംചാലില്‍ രമണിയുടെയും ഭര്‍ത്തൃസഹോദര ഭാര്യ പിറുങ്ങയുടെയും കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിച്ചശേഷം നഷ്ടപരിഹാരം നല്‍കും. ഇവരുടെ മക്കളുടെ വീടുകളടക്കം നാലു വീടുകള്‍ക്ക് പുനരധിവാസ പാക്കേജ് പ്രകാരമുള്ള ആശ്വാസധനവും അനുവദിക്കുമെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു.
0 Comments