Flash News

6/recent/ticker-posts

മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിലായി ആക്രമണം; മൂന്ന് പേർക്ക് പരിക്കേറ്റു

Views
മലപ്പുറം: ജില്ലയില്‍ വിവിധയിടങ്ങളിലായി ഉണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം ചങ്ങരംകുളം ചിറവല്ലൂർ കിഴക്ക്മുറിയിൽ സോഡ കുപ്പി കൊണ്ട് യുവാവിനെ തലക്ക് അടിച്ചു പരിക്കേൽപ്പിച്ചതായി പരാതി . ചിറവല്ലൂർ സ്വദേശി തിയ്യത്തേതിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ്‌ സുബൈറി( 29)നാണ് പരിക്കേറ്റത്. സംസാരിക്കാനാണെന്ന് പറഞ്ഞു വിളിച്ചു വരുത്തിയതിന് ശേഷം ഒരു പ്രകോപനവും ഇല്ലാതെ അരയിൽ സൂക്ഷിച്ചിരുന്ന സോഡ കുപ്പി കൊണ്ട് ആക്രമിക്കുകയായിരുവെന്നാണ് സുബൈർ പറയുന്നത്. അക്രമിയുമായി മുൻ വൈരാഗ്യം ഇല്ല, കൊലവിളി ഭീഷണി മുഴക്കിയാണ് അക്രമിച്ചത്. അക്രമി മദ്യലഹരിയിൽ ആയിരുന്നോ എന്ന് സംശയമുണ്ടെന്നും സുബൈർ പറഞ്ഞു. വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. പരിക്ക് പറ്റിയ സുബൈറിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുബൈറിൻ്റെ നെറ്റിയിൽ ഏഴ് തുന്നലുകൾ ഉണ്ട്.

ചങ്ങരംകുളത്ത് വിദ്യാർത്ഥിയെ രണ്ട് പേർ ചേർന്ന് മർദ്ദിച്ചതായി പരാതി. കുറ്റിപ്പുറം തൃശൂർ സംസ്ഥാന പാതയിൽ കോലിക്കരയിൽ വെച്ചാണ് സംഭവം. കോലിക്കര സ്വദേശി പുതുവീട്ടിൽ ബാവയുടെ മകൻ അൻസാറി(18)നെയാണ് രണ്ട് പേർ ചേർന്ന് ആക്രമിച്ചത്. ബന്ധുവിന്റെ ഫോൺ നമ്പർ അവശ്യപ്പെട്ടപ്പോൾ അത് നൽകുന്നതിലുണ്ടായ കാലതാമസത്തിന്റെ പേരിലാണ് മർദ്ദിച്ചതെന്നാണ് അൻസാർ പറയുന്നത്. മർദ്ദനത്തിൽ കയ്ക്കും, കഴുത്തിലും മുറിവേറ്റിട്ടുണ്ട്. അക്രമികൾ മൊബൈൽ ഫോൺ നശിപ്പിക്കുകയും 5,000 രൂപ കവർന്നതായും അൻസാർ പറഞ്ഞു. ആക്രമണത്തിൽ പരിക്ക് പറ്റിയ അൻസാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കൊണ്ടോട്ടിയിൽ ഒരാൾക്ക് വെട്ടേറ്റു. കൊണ്ടോട്ടി വെട്ടുകാട് സ്വദേശി എരണികുളം മൂസക്ക് ആണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ മൂസ കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മൂസയുടെ വീട്ടലെത്തിയ സുഹൃത്താണ് വിളിച്ചിറക്കി കൊണ്ടു പോയത്. തുടർന്ന് വീടിന് സമീപത്തുള്ള റോട്ടിൽ വെച്ച് സുഹൃത്തുക്കളായ അഞ്ചുപേർ ചേർന്ന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയ ഭാര്യ വിവരമറിയിച്ചതിന് തുടർന്ന് നാട്ടുകാരാണ് മൂസയെ ആശുപത്രിയിലെത്തിച്ചത്. കഴുത്തിനും വയറിനുമാണ് ഗുരുതരമായി പരിക്കേറ്റത്. ആന്തരികാവയവങ്ങൾക്ക് വരെ പരിക്കേറ്റ മൂസ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രദേശത്ത് ലഹരി മാഫിയ സംഘങ്ങളുടെ പ്രവർത്തനം സജീവമാണ്. ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുൻപ് പ്രദേശത്ത് ചെറിയ തോതിൽ സംഘർഷമുണ്ടായിരുന്നു. ആക്രമണത്തിലേക്ക് നയിച്ച കാരണം ഇതാണോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.



Post a Comment

0 Comments