മലപ്പുറം : തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ച് അക്കൗണ്ട് ഉടമയോട് കൈമലർത്തിയ ബാങ്കിന് പണികൊടുത്ത് ഉപഭോക്തൃ കമ്മിഷൻ വിധി. ബാങ്കിങ് സേവനത്തിലെ വീഴ്ചയ്ക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ചതിലൂടെ നഷ്ടപ്പെട്ട 2.5 ലക്ഷം രൂപ 12% പലിശ സഹിതവും നൽകാനാണ് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധി.
മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശിയായ പേരാപുറത്ത് മൊയ്തീൻ കുട്ടി നൽകിയ പരാതിയിൽ മഞ്ചേരി എച്ച്.ഡി.എഫ്.സി ബാങ്കിനെതിരേയാണ് വിധി. പരാതിക്കാരന് നഷ്ടമായ രണ്ടരലക്ഷം രൂപ 2018 ഏപ്രിൽ ആറു മുതൽ 12% പലിശ സഹിതം നൽകാനും ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുമാണ് കമ്മിഷൻ ഉത്തരവിട്ടത്.
2018 ഏപ്രിൽ ആറിന് ബിസിനസ് ആവശ്യാർത്ഥം രണ്ടര ലക്ഷം രൂപ കോഴിക്കോട്ടുള്ള അബ്ദുൽസലാമിന്റെ ഇന്ത്യൻ ഓവർസീസ് ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുന്നതിനാണ് പരാതിക്കാരൻ മഞ്ചേരി എച്ച്.ഡി.എഫ്.സി ബാങ്കിനെ സമീപിച്ചത്. അക്കൗണ്ട് നമ്പർ കൃത്യമായി എഴുതി നൽകിയെങ്കിലും പണം തെറ്റായ അക്കൗണ്ടിലേക്കാണ് ബാങ്കിൽനിന്നും ക്രെഡിറ്റായത്. തുടർന്ന് പരാതിയുമായി ബാങ്കിനെയും മഞ്ചേരി പോലീസിനെയും സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. ബാങ്ക് സ്വന്തം വീഴ്ചകൾക്ക് കൈമലർത്തി ഉത്തരവാദിത്തത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതോടെ പരാതിക്കാരൻ ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു.
അതിനിടെ, പണം തെറ്റായി ലഭിച്ച അക്കൗണ്ട് ഉടമയായ കോഴിക്കോട് കുന്ദമംഗലം സ്വദേശി ശൈലേഷ് എന്നയാളെ ഉപഭോക്തൃ കമ്മിഷൻ വിളിച്ചുവരുത്തി വിചാരണ ചെയ്തപ്പോൾ പണം അക്കൗണ്ട് വഴി കൈപ്പറ്റിയത് ചെലവഴിച്ചു പോയെന്നായിരുന്നു മറുപടി.
ബാങ്കിന്റെ സേവനത്തിൽ വീഴ്ചയുണ്ടായെന്ന് കണ്ടതിനെ തുടർന്നാണ് പരാതിക്കാരന് നഷ്ടമായ സംഖ്യ പലിശയടക്കം നല്കാനും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവായി പതിനായിരം രൂപയും നല്കാൻ ബാങ്കിനോട് കമ്മിഷൻ ഉത്തരവിട്ടത്. ഉത്തരവ് ഒരുമാസത്തിനകം നടപ്പാക്കാനും നിർദേശിച്ചു.
പണം തെറ്റായ വിധത്തിൽ കൈപ്പറ്റിയ ആളിൽനിന്നും തുക ഈടാക്കാൻ ബാങ്കിന് നടപടി സ്വീകരിക്കാമെന്നും കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി മുഹമ്മദ് ഇസ്മയിൽ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വ്യക്തമാക്കി.
0 Comments