കോട്ടയം: ബുധനാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളിയിൽ ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചാരണം അവസാന ദിനത്തിലേക്ക് നീങ്ങുമ്പോൾ മൂന്ന് മുന്നണിയുടെയും സ്ഥാനാർത്ഥികളും പ്രവർത്തകരും വലിയ ആത്മവിശ്വാസത്തിലാണ്. മൂന്നു മണിയോടെ മൂന്നുമുന്നണിയുടെയും പ്രവർത്തകർ പാമ്പാടിയിൽ കൊട്ടിക്കലാശത്തിനായി ഒത്തുചേരും. കൊട്ടിക്കലാശം വലിയ ശക്തി പ്രകടനം ആക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് യുഡിഎഫും എൽഡിഎഫും എൻഡിഎയും.
പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് മുഴുവൻ സമയ റോഡ് ഷോയിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് ശ്രദ്ധ കേന്ദ്രീകരിക്കുക. വാകത്താനത്ത് നിന്നാണ് റോഡ് ഷോ തുടങ്ങുക. ശേഷം എട്ട് പഞ്ചായത്തുകളും പിന്നിട്ട് വൈകിട്ട് നാലിന് പാമ്പാടിയിൽ അവസാനിക്കും. പാമ്പാടിയിലാണ് പ്രചാരണത്തിന്റെ കൊട്ടിക്കലാശവും തീരുമാനിച്ചിരിക്കുന്നത്.
യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ഇന്ന് പ്രവർത്തകർക്ക് ഒപ്പം വോട്ടർമാരെ നേരിൽ കാണും. കൊട്ടിക്കലാശത്തിന് മുന്നോടിയായി ആണിത്. പാമ്പാടി കേന്ദ്രീകരിച്ച് ആണ് കൊട്ടിക്കലാശം. മണ്ഡലത്തിനു പുറത്തുള്ള നേതാക്കൾ ഇന്ന് അഞ്ച് മണിയോടെ പുതുപ്പള്ളി വിടും. നാളെ നിശബ്ദ പ്രചരണം ആണ്.
എൻഡിഎ സ്ഥാനാർഥി ലിജിൻലാൽ രാവിലെ പ്രമുഖ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കും . അകലകുന്നം ,അയർക്കുന്നം , പാമ്പാടി പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് വോട്ടർമാരെ നേരിൽ കാണുക . ശേഷം വാഹനപ്രചാരണ ജാഥാ ആരംഭിക്കും. വിവിധ പഞ്ചായത്തുകളിലൂടെ ജാഥ കടന്നുപോകും. കൊട്ടിക്കലാശ പരിപാടികൾക്കായി പാമ്പാടിക്ക് സമീപം സ്ഥാനാർത്ഥിയും പ്രവർത്തകരും ഒത്തുചേരും. പഞ്ചായത്തിനുമുമ്പിലൂടെ പൊൻകുന്നം റോഡിലേക്കുള്ള സ്ഥലത്താണ് എൻഡിഎയുടെ കൊട്ടിക്കലാശത്തിനു സ്ഥലം അനുവദിച്ചിരിക്കുന്നത് .
0 Comments