മക്ക - ഖത്തര്‍ ലോകകപ്പ് ഐക്കണും സാമൂഹിക മാധ്യമ സെലിബ്രിറ്റിയും ഖത്തറിന്റെ ഗുഡ്‌വില്‍ അംബാസഡറും ഭിന്നശേഷിക്കാരനുമായ ഗാനിം മുഹമ്മദ് അല്‍മുഫ്താഹ് ഉംറ കര്‍മം നിര്‍വഹിച്ചു. അരക്കു താഴത്തെ ഭാഗം ഇല്ലാത്ത ഗാനിം അല്‍മുഫ്താഹ് കൈകളില്‍ നടന്നാണ് ത്വവാഫ്, സഅ്‌യ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയത്. പ്രയാസരഹിതമായി ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ഗാനിം അല്‍മുഫ്താഹിന് ആവശ്യമായ സൗകര്യങ്ങള്‍ ഹറം മതകാര്യ വകുപ്പ് ഒരുക്കിനല്‍കി. ഗാനിം അല്‍മുഫ്താഹ് ഉംറ കര്‍മം നിര്‍വഹിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയും ഫോട്ടോകളും ദശലക്ഷക്കണക്കിനാളുകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വീക്ഷിച്ചു.
ഇഹ്‌റാം വേഷം ധരിച്ച് വിശുദ്ധ ഹറമില്‍ നിന്നുള്ള ഫോട്ടോകളും മതാഫിലൂടെ കൈകളില്‍ നടന്ന് ത്വവാഫ് കര്‍മം നിര്‍വഹിക്കുന്നതിന്റെയും ഹജ്‌റുല്‍ അസ്‌വദ് ചുംബിക്കുന്നതിന്റെയും ഫോട്ടോകളും ഗാനിം തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തു. 2022 ഖത്തര്‍ ലോകകപ്പ് ഐക്കണ്‍ ആയ ഗാനിം അല്‍മുഫ്താഹ് സര്‍ഗപ്രതിഭയും മറ്റുള്ളവര്‍ക്ക് പ്രചോദനവുമാണ്. സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനായ യുവാവ് സ്ഥിരോത്സാഹത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ്. കൗഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം എന്ന അപൂര്‍വ രോഗം ബാധിച്ച 18 കാരന്‍ അരക്കു താഴെയുള്ള ഭാഗമില്ലാതെയാണ് ജീവിക്കുന്നത്.
ഉംറ കര്‍മം നിര്‍വഹിക്കുമ്പോള്‍ വീല്‍ചെയര്‍ ഉപയോഗിക്കാന്‍ താന്‍ ആഗ്രഹിക്കാതിരിക്കുകയായിരുന്നെന്ന് ഗാനിം പറഞ്ഞു. തനിക്ക് അല്ലാഹു കരുത്ത് നല്‍കിയിട്ടുണ്ട്. വീല്‍ചെയര്‍ ഉപയോഗിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. കാലുകള്‍ക്കു പകരം കൈകള്‍ക്ക് ബലമേകി ദൈവം എനിക്ക് വലിയ അനുഗ്രഹം നല്‍കിയതായും ഗാനിം പറഞ്ഞു.
ഉംറ കര്‍മം നിര്‍വഹിക്കാന്‍ ഗാനിം അല്‍മുഫ്താഹിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഹറം മതകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയ ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ പുത്രനും സൗദിയിലെയും അറബ് ലോകത്തെയും ആദ്യ ബഹിരാകാശ യാത്രികനുമായ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നന്ദി പറഞ്ഞു. സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ തന്നെ ക്ഷണിച്ച സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരനും ഉംറ കര്‍മം നിര്‍വഹിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ തനിക്ക് ഏര്‍പ്പെടുത്തിയതിന് ഹറം മതകാര്യ വകുപ്പ് മേധാവിക്കും ജീവനക്കാര്‍ക്കും ഗാനിം അല്‍മുഫ്താഹ് നന്ദി പറഞ്ഞു. ഗര്‍ഭധാരണത്തിന്റെ ആറാം മാസത്തിലാണ് ഗാനിം അല്‍മുഫ്താഹ് പിറന്നത്. കുഞ്ഞിന്റെ അവയവങ്ങള്‍ പൂര്‍ണമല്ലാത്തതിനാല്‍ ഗര്‍ഭഛിദ്രം നടത്തുന്നതാണ് നല്ലതെന്ന ഉപദേശങ്ങളെല്ലാം ഗാനിമിന്റെ മാതാവ് നിരാകരിക്കുകയായിരുന്നു.
0 Comments