Flash News

6/recent/ticker-posts

മൃതദേഹം പുതപ്പിക്കാൻ കഫൻ പുടവയില്ല; ഇൻക്യുബേറ്ററുകളിൽ നൂറിലേറെ നവജാത ശിശുക്കൾ - ഗസയിൽ ഹൃദയഭേദക കാഴ്ചകൾ

Views

ഗസ സിറ്റി - കണ്ണും കരളും തേങ്ങുന്ന കാഴ്ചകളാണ് ഗസയിൽനിന്ന് പുറത്തുവരുന്നത്. ഇസ്രായേൽ ബോംബേറിൽ പിടഞ്ഞുമരിക്കുന്ന ഉറ്റവരുടെ മയ്യിത്ത് ഖബറടക്കാനുള്ള കഫൻ പുടവ (മൃതദേഹം പുതപ്പിക്കാനുള്ള തുണി) പോലും ലഭ്യമല്ലാത്തത്രയും ഹൃദയഭേദകമാണ് ഗസയിലെ കാഴ്ചകളെന്നാണ് റിപോർട്ട്. സെൻട്രൽ ഗസയിലെ ദെയിർ അൽബലാഇലെ അൽഅഖ്‌സ ആശുപത്രിയുടെ മുറ്റത്ത് വെള്ളത്തുണിയിൽ പൊതിഞ്ഞ് മൃതദേഹങ്ങൾ നിരനിരയായി കിടത്തിയിരിക്കുന്ന കാഴ്ച ആരുടേയും കരളലിയിക്കുന്നതാണ്. സ്ത്രീകളെന്നോ പിഞ്ചുകുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ നൂറുക്കണക്കിന് മൃതദേഹങ്ങളാണ് ദിവസവും ഇവിടെ എത്തിച്ചേരുന്നതെന്നാണ് ബി.ബി.സി റിപോർട്ട് ചെയ്തത്. ദിവസവും നിരവധി മയ്യിത്തുകൾ കൈക്കാര്യം ചെയ്യേണ്ടി വരുന്നതിനാൽ കഫൻ പുടവക്ക് പോലും കടുത്ത ക്ഷാമം നേരിടുന്നതായി ആശുപത്രി ജീവനക്കാർ പറഞ്ഞു. നേരം പുലരുമ്പോൾ മുതൽ ഞങ്ങൾ ഇവിടെയുണ്ട്. ചിലർ മുഴുസമയങ്ങളിലായി ഇവിടെയുണ്ട്. മൃതദേഹങ്ങളാണ് ആശുപത്രി മുറ്റം നിറയെ. ആശുപത്രി കെട്ടിടത്തിനുള്ളിലും പുറത്തും റഫ്രിജറേറ്ററുകളിലും അല്ലാതെയും മൃതദേഹങ്ങളുണ്ട്. മൃതദേഹങ്ങളുടെ എണ്ണം വളരെ കൂടുതലായതിനാൽ അവരെയൊന്നും പൊതിയാൻ മാത്രം മതിയായ കഫൻ പുടവ ഞങ്ങളുടെ പക്കലില്ല. മയ്യിത്തുകളിൽ പലതും പല കഷ്ണങ്ങളായാണ് എത്തുന്നത്. മൃതദേഹങ്ങൾ വികൃതമായും ചതഞ്ഞരഞ്ഞ നിലയിലുമായതിനാൽ ഞങ്ങൾക്ക് അത് തിരിച്ചറിയാൻ പോലും കഴിയുന്നില്ല. ഇവ പുതപ്പിക്കാനാവശ്യമായ തുണിയുമില്ലെന്ന് ആശുപത്രി ജീവനക്കാർ വേദനയോടെ മാധ്യമങ്ങളോട് പങ്കുവെച്ചു. 

 ആശുപത്രിയിൽ ഇന്ധനമില്ലാത്തതു കാരണം ഇൻക്യുബേറ്ററുകളിൽ കഴിയുന്ന 120 നവജാത ശിശുക്കളുടെ ജീവൻ അപടത്തിലാണെന്ന് യുനിസെഫ് വ്യക്തമാക്കി.  
 നിലവിൽ ഇൻക്യുബേറ്ററുകളിൽ 120 നവജാതശിശുക്കളുണ്ട്. ഇതിൽ 70 നവജാതശിശുക്കൾ മെക്കാനിക്കൽ വെന്റിലേഷനിലാണ്. ഇത് വളരെ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെന്ന് യു.എന്നിന്റെ ചിൽഡ്രൻസ് ഏജൻസിയുടെ വക്താവ് ജൊനാഥൻ ക്രിക്ക്‌സ് പറഞ്ഞു.    ഇസ്രായേലിന്റെ ബോംബാക്രമണത്തിന്റെ കെടുതികൾക്കൊപ്പം ഉപരോധത്തെ തുടർന്നുള്ള ഭക്ഷ്യ-ഇന്ധന-ഔഷധ ക്ഷാമവും ജീവശ്വാസത്തിനായി പിടയുന്ന ഫലസ്തീൻ ജനതയെ വരിഞ്ഞുമുറുക്കുന്ന അത്യന്തം സങ്കടകരമായ കാഴ്ചയാണെങ്ങും. ഇസ്രായേലിന്റെ നരമേധം 16-ാം ദിവസത്തിലേക്കു കടന്ന ഇന്ന് എൻലേസിലുണ്ടായ വ്യോമാക്രമണത്തിൽ കുട്ടികളുൾപ്പെടെ ഡസൻ കണക്കിന് നിരപരാധികളുടെ ജീവനാണ് നഷ്ടമായതെന്ന് ഫലസ്തീൻ വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. 
 തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനുസ് നഗരത്തിൽ, ഒരു കഫേയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 11 സാധാരണക്കാർ ദാരുണമായി കൂട്ടക്കൊല ചെയ്യപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയുമുണ്ടായി. നേരത്തെ ഇസ്രായേൽ ആക്രമണത്തിൽ വീടുകൾ തകർന്നവരാണ് റിയോ എന്ന ഈ കഫേയിൽ അഭയം കണ്ടെത്തിയിരുന്നത്. രക്ഷാപ്രവർത്തകരും നാട്ടുകാരും ചേർന്ന് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്.
 ഖാൻ യൂനുസിൽ, ഒരു കുടുംബവീട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടെ നാല് ജീവനാണ് അപഹരിക്കപ്പെട്ടത്. കൂടാതെ, ഗസയുടെ വടക്ക് ഭാഗത്തുള്ള ജബാലിയ അഭയാർത്ഥി ക്യാമ്പിലെ രണ്ട് പള്ളികൾ ലക്ഷ്യമാക്കി ഇസ്രായേൽ വ്യോമാക്രമണം നടത്തിയെങ്കിലും ആളപായം ഉണ്ടായില്ലെന്നത് ഭാഗ്യം. എന്നാൽ, തെക്കൻ ഗസയിലെ റഫയുടെ പടിഞ്ഞാറ്, ടെൽ അൽസുൽത്താൻ പരിസരത്തുള്ള അബുഷമാല കുടുംബത്തിന്റെ വീട് ലക്ഷ്യമാക്കിയുള്ള ഇസ്രായേൽ വ്യോമാക്രമണത്തിൽ 11 നിരപരാധികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയുമുണ്ടായി. വടക്കൻ പട്ടണമായ ബെയ്ത് ലാഹിയയിലെ ടെൽ അൽസാതർ പ്രദേശത്ത് കുട്ടികളുൾപ്പെടെയുള്ള സാധാരണക്കാർ കൊല്ലപ്പെട്ടു. സെൻട്രൽ ഗാസ സിറ്റിയിലെ അൽഷിഫ ഹോസ്പിറ്റലിന് സമീപമുള്ള അപ്പാർട്ട്‌മെന്റുകളും ഇസ്രായേൽ ആക്രമണത്തിൽ ചാമ്പലായി. ഇതും നിരവധി മരണങ്ങൾക്ക് ഇടയാക്കിയതായാണ് റിപോർട്ട്. ഗസയിൽ മാത്രം ഇസ്രായേൽ ആക്രമണത്തിൽ 31 പള്ളികൾ ഇതിനകം തകർക്കപ്പെട്ടിട്ടുണ്ട്.
 അതിനിടെ, ഇന്ന് രാവിലെ വെസ്റ്റ് ബാങ്കിൽനിന്ന് ഇസ്രായേൽ സൈന്യം 58 ഫലസ്തീനികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റാമല്ല, ജെനിൻ തുടങ്ങിയ സ്ഥലങ്ങളിൽ വച്ചായിരുന്നു അറസ്റ്റ്. രണ്ടാഴ്ചക്കിടെ വെസ്റ്റ് ബാങ്കിൽനിന്നും ആയിരത്തിലേറെ ഫലസ്തീനികളെയാണ് ഇസ്രായേൽ അറസ്റ്റ് ചെയ്തത്.
 


Post a Comment

0 Comments