Flash News

6/recent/ticker-posts

ലീഗുമായുള്ള പ്രശ്‌നം കോൺഗ്രസിനെ ധരിപ്പിച്ച് സമസ്ത; ഇടപെടാമെന്ന് പ്രതിപക്ഷ നേതാവിന്റെ ഉറപ്പ്

Views
കോഴിക്കോട് - സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വവും തമ്മിലുള്ള പ്രശ്‌നത്തിൽ
മഞ്ഞുരുക്കാൻ കോൺഗ്രസ് ഇടപെടുമെന്ന് വിവരം. പ്രശ്‌നത്തിൽ സമസ്തയിലെ ചില നേതാക്കളാണ് ലീഗ് നേതൃത്വത്തിൽനിന്നും തങ്ങൾക്കുണ്ടായ പ്രയാസം പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് തുറന്നുപറഞ്ഞത്. 

 'ഞങ്ങളെ സി.പി.എമ്മായി ചാപ്പകുത്തുന്നതിൽ അങ്ങേയറ്റം പ്രയാസമുണ്ടെന്നും ലീഗ് ജനറൽസെക്രട്ടറി പി.എം.എ സലാമും തുടർന്ന് അതിനെ ന്യായീകരിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും രംഗത്തുവന്നത് സമസ്തയിലെ പലർക്കും കടുത്ത വേദനയുണ്ടാക്കിയെന്നും' ഇവർ പ്രതിപക്ഷ നേതാവിനോട് തുറന്നുപറഞ്ഞു.
 ഞങ്ങൾക്ക് യു.ഡി.എഫ് വിരുദ്ധ നിലപാടില്ലെന്നും അങ്ങനെയുണ്ടെങ്കിൽ ഇത്തരമൊരു ആശയവിനിമയത്തിന് അങ്ങയെ സമീപിക്കുമായിരുന്നോ എന്നും സമസ്ത നേതാക്കൾ ചോദിച്ചു. എന്നാൽ, ഭരണകക്ഷിയാകുമ്പോൾ ഏതൊരു സംഘടനയും തങ്ങളുടേതായ ആവശ്യങ്ങളും അഭിപ്രായങ്ങളും വിമർശങ്ങളും അറിയിക്കേണ്ട സമയത്ത് ബന്ധപ്പെട്ടവരെ അറിയിക്കും. അതിനപ്പുറമുള്ള വ്യാഖ്യാനങ്ങൾ ശരിയല്ലെന്നും നേതൃത്വം പ്രതിപക്ഷ നേതാവിനെ ധരിപ്പിച്ചു.
  സമസ്ത നേതാക്കളുടെ വാക്കുകളെല്ലാം വളരെ ശാന്തമായി കേട്ട ശേഷം വിഷയത്തിന്റെ ഗൗരവം പൂർണമായും മനസ്സിലാക്കുന്നുവെന്നും പ്രശ്‌നപരിഹാരത്തിന് ഇടപെടാമെന്നും മറ്റ് പ്രകോപനത്തിനൊന്നും ആരും മുതിരരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമസ്ത നേതാക്കളോട് പറഞ്ഞു. അതിനവർ സന്നദ്ധതയും അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ സംസാരം വളരെ പോസിറ്റീവായിരുന്നുവെന്നും ഞങ്ങൾക്കിടയിലുണ്ടായ പരുക്കുകൾ പരിഹരിക്കപ്പെടാനുള്ള നയതന്ത്രം അദ്ദേഹം സ്വീകരിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും സമസ്ത നേതാക്കൾ പങ്കുവെച്ചു.
 'മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോൺകോൾ ലഭിച്ചാൽ എല്ലാമായെന്ന് കരുതുന്നവർ സമുദായത്തിലുണ്ടെന്ന' ലീഗ് ജനറൽസെക്രട്ടറി അഡ്വ. പി.എം.എ സലാമിന്റെ ആരുടേയും പേര് പരാമർശിക്കാതെയുള്ള പ്രസ്താവന സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെക്കുറിച്ചാണെന്നാണ് സമസ്തയിലെ ചില നേതാക്കളുടെ വിമർശം. ഇതേ തുടർന്ന് സമസ്തയിലെ 21 പോഷക സംഘടനാ നേതാക്കൾ ലീഗ് നേതൃത്വത്തിന് കത്തെഴുതിയിരുന്നു. എന്നാൽ, 'ഈ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും തലയുള്ളപ്പോൾ വാലാടേണ്ടതില്ലെന്നും സമസ്തയുടെ മസ്തിഷ്‌കം എന്നും ലീഗിനൊപ്പമാണെന്നും' ലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ പ്രതികരിച്ചിരുന്നു. 'തലയുള്ളപ്പോൾ വാലാടേണ്ടെന്ന സാദിഖലി തങ്ങളുടെ പ്രസ്താവന' കൊള്ളേണ്ട ചിലരെങ്കിലും സമസ്തയിലുണ്ടെങ്കിലും പൊതുജന മധ്യേ സാദിഖലി തങ്ങൾ അത്തരമൊരു പ്രസ്താവന നടത്തിയത് പലരെയും ഞെട്ടിച്ചിരുന്നു. പാണക്കാട് തറവാട്ടിൽനിന്ന് എപ്പോഴും സമവായത്തിന്റെയും പക്വതയുടെയും ശബ്ദമാണ് ഉണ്ടാകാറെന്നും എന്നാൽ സാദിഖലി തങ്ങൾ കാര്യമായ മുൻവിധിയോടെയാണ് കത്തിനെ സമീപിച്ചതെന്നുമാണ് കത്ത് എഴുതിയ സമസ്ത നേതാക്കളിൽ ചിലരുടേയെങ്കിലും വികാരം. സമസ്ത-ലീഗ് ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും ഏത് വിഷയത്തിലായാലും പാണക്കാട് നിന്ന് പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളുണ്ടാവാറില്ലെന്നും എന്നാൽ ഇത്തവണ രംഗം കൊഴുപ്പിക്കും വിധത്തിലായിപ്പോയി ഇടപെടലെന്നും നിരീക്ഷണമുണ്ട്. സമസ്ത-ലീഗ് നേതാക്കളിലെ അപസ്വരം ചൂണ്ടിക്കാട്ടി അനുനയത്തിന് കോൺഗ്രസിനെ സമീപിച്ചതും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. പാണക്കാട് കുടുംബത്തെയും ലീഗ് ദേശീയ നേതൃത്വത്തെയും വിട്ട് സമസ്ത പ്രശ്‌നപരിഹാരത്തിന് കോൺഗ്രസിനെ സമീപിച്ചതും ചരിത്രമാണ്. പ്രതിപക്ഷ നേതാവിലും കോൺഗ്രസിലുമുള്ള സമസ്തയുടെ ഈ വിശ്വാസം ബന്ധം വിളക്കിച്ചേർക്കാൻ കൂടുതൽ സഹായകരമാവുമെന്നാണ് പ്രതീക്ഷ.
 കഴിഞ്ഞദിവസം കോഴിക്കോട്ട് ചേർന്ന സമസ്ത കേന്ദ്ര മുശാവറ യോഗം പാണക്കാട് സാദിഖലി തങ്ങളെ നേരിൽ കാണാൻ തീരുമാനിച്ചിരുന്നു. അതിനിടയ്ക്കാണ് പ്രശ്‌നം പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയിൽ പെടുത്തി ഇടപെടണമെന്ന ആവശ്യം സമസ്ത നേതാക്കൾതന്നെ മുന്നോട്ടുവെച്ചത്. ഇന്നലെ മലപ്പുറത്ത് ചേർന്ന മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗവും സമസ്ത വിഷയത്തിൽ പരസ്യ പ്രതികരണത്തിന് ഇനി ആരും മുതിരരുതെന്നും പ്രശ്‌നം വഷളാവുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ പോകരുതെന്നും ഓർമിപ്പിച്ച് രംഗം തണുപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്തായാലും പ്രതിപക്ഷ നേതാവിന്റെ ഇടപെടലോടെ പ്രശ്‌നത്തിൽ മഞ്ഞുരുക്കമാകുമെന്നാണ് കരുതുന്നത്.
Post a Comment

0 Comments