തിരുവനന്തപുരം: ഒരു മാസത്തെ സാമൂഹിക സുരക്ഷ പെൻഷൻ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ പണം അനുവദിച്ചു. 900 കോടി രൂപയാണ് ഇന്നലെ രാത്രിയോടെ ധനവകുപ്പ് അനുവദിച്ചത്. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയായാൽ തിങ്കളാഴ്ച മുതൽ പെൻഷൻ വിതരണം ആരംഭിക്കും.
1600 രൂപ വീതം 60 ലക്ഷം പേർക്ക് പെൻഷൻ ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഫേസ്ബുക്കിലൂടെ അറിയിച്ചു. നിലവിൽ സാമൂഹിക സുരക്ഷ പെൻഷൻ വിതരണത്തിൽ മൂന്ന് മാസത്തെ കുടിശ്ശികയാണുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനകേരള സദസ് പര്യടനം ആരംഭിക്കാനിരിക്കെയാണ് ഒരു മാസത്തെ പെൻഷൻ നൽകുന്നത്. നാലു മാസത്തെ പെൻഷൻ കുടിശ്ശികയുള്ളപ്പോൾ ഒരു തവണ എങ്കിലും വിതരണം ചെയ്യാതെ ജനങ്ങളെ സമീപിക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് നടപടി.
0 Comments