Flash News

6/recent/ticker-posts

അഹമ്മദാബാദില്‍ ടോസ് കിട്ടിയാല്‍ ബൗളിംഗോ ബാറ്റിംഗോ? പിച്ചൊരുക്കിയ ക്യൂറേറ്റര്‍ പറയാനുളളത് ഇങ്ങനെ

Views


അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ കലാശക്കൊട്ടിനാണ് ഞായറാഴ്ച്ച അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക. മൂന്നാം ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. 1983ലും 2011ലും കപ്പുയര്‍ത്തിയ ഇന്ത്യ ഫൈനലിലെത്തുന്നത് നാലാം തവണയാണ്. എട്ടാം തവണ ഓസീസ് ഫൈനലിലെത്തുന്നത്. ഇതില്‍ അഞ്ച് തവണയും അവര്‍ കിരീടം നേടി. അവസാനം കിരീടം 2015ല്‍ ആരോണ്‍ ഫിഞ്ചിന് കീഴില്‍. ഇത്തവണ ഓസീസ് സംഘമെത്തുന്നത് പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തിലാണ്.

അഹമ്മദാബാദിലെ പിച്ചില്‍ എത്ര റണ്‍സ് പിറക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ക്യൂറേറ്ററുടെ വാക്കുകള്‍ പ്രധാനമാണ്. ടോസ് നേടിയാല്‍ ബാറ്റിംഗ് എടുക്കണോ ഫീല്‍ഡോ ചെയ്യണോ എന്നുള്ളത് അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അനുസരിച്ചിരിക്കും. ടോസ് നേടിയാല്‍ ബാറ്റിംഗ് എടുക്കുന്നതാണ് ഉചിതമെന്ന് ക്യൂറേറ്റര്‍ പറയുന്നു. രണ്ടാമത് ബാറ്റ് ചെയ്യുക ബുദ്ധിമുട്ടായിരിക്കുമെന്നും 315 പ്രതിരോധിക്കാന്‍ കഴിയുന്ന സ്‌കോറാണെന്നും പിച്ച് ക്യൂറേറ്ററുടെ വാക്കുകള്‍.

ടോസിന് മുമ്പ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ കാത്തിരിക്കുന്നത് വിസ്മയിപ്പിക്കുന്ന എയര്‍ ഷോയാണ്. ഫൈനലിലെ എയര്‍ ഷോയുടെ റിഹേഴ്‌സല്‍ ഇന്ന് സ്റ്റേഡിയത്തിന് മുകളില്‍ തുടങ്ങി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇന്ത്യന്‍ വായുസേനയുടെ സൂര്യകിരണ്‍ എയറോബാറ്റിക് സംഘമായിരിക്കും സ്റ്റേഡിയത്തിന് മുകളില്‍ എയര്‍ ഷോ നടത്തുക. 10 മിനിറ്റ് നേരം നീണ്ടു നില്‍ക്കുന്നതായിരിക്കും എയര്‍ ഷോ. ഇന്നും എയര്‍ ഷോയുടെ റിഹേഴ്‌സല്‍ നടക്കും.

അതേസമയം, ഫൈനല്‍ പോരാട്ടം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനെയും മത്സരം കാണാന്‍ ഇന്ത്യ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യം നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരം കാണാന്‍ മോദിയും ആന്റണി ആല്‍ബനീസും എത്തിയിരുന്നു.



Post a Comment

0 Comments