ദുബായ് : യുഎഇയിലേയ്ക്ക് 400 ഗ്രാമിൽ കൂടുതൽ അനധികൃത ലഹരിമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. ഇയാളുടെ ബാഗേജ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെടുത്തതെന്ന് ദുബായ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരു യൂറോപ്യൻ രാജ്യത്ത് നിന്ന് ദുബായ് എയർപോർട്ടിൽ എത്തിയ അറസ്റ്റിലായ ആളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സംശയം തോന്നിയ ഒരു ഉദ്യോഗസ്ഥൻ യാത്രക്കാരന്റെ ബാഗുകൾ പരിശോധിക്കാൻ തീരുമാനിച്ചു, ഏകദേശം 300 ഹാലുസിനോജെനിക് ഗുളികകളാണ് കണ്ടെത്തിയത്. 13.8 ഗ്രാം ഹാലുസിനോജെനിക് പൗഡർ, 7.4 ഗ്രാം ക്രാക്ക് കൊക്കെയ്ൻ, 275 ഗ്രാം ക്രിസ്റ്റൽ മെത്ത് എന്നിവയും പിടികൂടിയതായി ദുബായ് കസ്റ്റംസ് അറിയിച്ചു. ലഹരിമരുന്ന് കടത്തിനെതിരെ ദുബായ് കസ്റ്റംസിലെ പാസഞ്ചർ ഓപറേഷൻ വിഭാഗം ആക്ടിങ് ഡയറക്ടർ ഖാലിദ് അഹമ്മദ് മുന്നറിയിപ്പ് നൽകി. എമിറേറ്റിലേക്ക് ലഹരിമരുന്ന് കടത്താനുള്ള ഏത് ശ്രമവും പരാജയപ്പെടുത്താൻ ഉദ്യോഗസ്ഥർ ജാഗരൂകരാണെന്നും അദ്ദേഹം പറഞ്ഞു.
0 Comments