ദോഹ: ഇസ്‌റാഈലിന്റെ വ്യോമാക്രമണം ഒരുമാസം പിന്നിടുകയും പതിനായിരത്തിലധികം പേരുടെ ജീവനെടുക്കുകയും ചെയ്തതിന് പിന്നാലെ ഗസ്സയില്‍ മാനുഷിക സഹായങ്ങള്‍ക്കായി താല്‍ക്കാലിക വെടിനിര്‍ത്തല്‍.
ദിവസവും നാലുമണിക്കൂര്‍ വീതം വെടിനിര്‍ത്തലിന് ഇസ്‌റാഈല്‍ അംഗീകരിച്ചതായി വൈറ്റ്ഹൗസ് അറിയിച്ചു.
വെടിനിര്‍ത്തല്‍ നിലവില്‍വരുന്നതിന് മൂന്നുമണിക്കൂര്‍ മുമ്ബ് പ്രഖ്യാപനം ഉണ്ടാകുമെന്ന് യു.എസ് ദേശസുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ കിര്‍ബി അറിയിച്ചു. വെടിനിര്‍ത്തല്‍ കാലയളവില്‍ യാതൊരു ആക്രമണവും പാടില്ലെന്നും ഈ സമയം മാനുഷികസഹായങ്ങള്‍ നീക്കാന്‍ അനുവാദം നല്‍കണമെന്നും ഇസ്‌റാഈലിനെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധാരണപ്രകാരം നാളെ പുലര്‍ച്ചെ മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍വരേണ്ടതാണ്.
വെടിനിര്‍ത്തലിനായി ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് യു.എസിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ യു.എസ് ചാര സംഘടന സി.ഐ.എയുടെയും ഇസ്‌റാഈല്‍ ചാര സംഘടന മൊസാദിന്റെയും മേധാവികള്‍ ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
ഇസ്‌റാഈലി ബന്ദികളെ ഹമാസ് മോചിപ്പിക്കുകയും പകരമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ കൊണ്ടുവരികയുംചെയ്യുന്ന വിധത്തിലുള്ള പദ്ധതിയായിരുന്നു ആലോചനയില്‍. അതേസമയം, വെടിനിര്‍ത്തലിന് ഇസ്‌റാഈല്‍ മുന്നോട്ടുവച്ച ഉടമ്ബടികള്‍ ഏതെല്ലാമാണെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ ഹമാസിന്റെയും ഇസ്‌റാഈലിന്റെയും ഔദ്യോഗിക പ്രതികരണങ്ങളും പുറത്തുവന്നിട്ടില്ല.
0 Comments