Flash News

6/recent/ticker-posts

ഹാദിയയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അച്ഛന്‍ അശോകന്‍ ഹൈക്കോടതിയില്‍; പിന്നാലെ ചാനലിലെത്തി അച്ഛനെതിരെ ആരോപണവുമായി ഹാദിയ

Views കൊച്ചി: ഇന്ത്യയാകെ ശ്രദ്ധനേടിയ ഡോ. ഹാദിയ കേസ് വീണ്ടും സജീവമാക്കി അച്ഛന്‍ അശോകന്‍ ഹൈക്കോടതിയില്‍. ഹാദിയയെ കാണുന്നില്ലെന്ന് കാട്ടിയാണ് അശോകന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അഡ്വ. രാജേന്ദ്രന്‍ മുഖേന ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കി. ഇന്നോ തിങ്കളാഴ്ചയോ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും. തന്റെ മകളെ ഷെഫിന്‍ ജഹാന്‍ ഉപേക്ഷിച്ചുവെന്നും തുടര്‍ന്ന് മറ്റൊരു മുസ്ലിമിനെ വിവാഹം കഴിച്ചുവെന്നും അതിന് ശേഷം മകളെ കാണാനില്ലെന്നുമാണ് അശോകന്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.
വൈക്കം ടിവി പുരം കാരാട്ട് വീട്ടില്‍ കെ.എം അശോകന്റെ മകള്‍ അഖില ഇസ്ലാം സ്വീകരിക്കുകയും തുടര്‍ന്ന് ഷെഫിന്‍ ജഹാന്‍ എന്ന യുവാവിനെ വിവാഹം കഴിക്കുകയും ചെയ്തത് വലിയ വാര്‍ത്തായായിരുന്നു. സേലത്ത് സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഹോമിയോപ്പതി കോഴ്‌സിനു പഠിക്കുമ്പോഴാണു മതംമാറ്റം. സഹപാഠികളുടെ മതത്തില്‍ ആകൃഷ്ടയായാണു മതംമാറിയതെന്ന് ഹാദിയ എന്ന പേര് സ്വീകരിച്ച ശേഷം അവര്‍ പറഞ്ഞത്.
പിന്നീട് സുപ്രീം കോടതിയാണ് ഹാദിയയെ കൊല്ലം സ്വദേശിയായ ഷെഫിന്‍ ജഹാനോടൊപ്പം അയച്ചത്. ഓരോ വ്യക്തിക്കും താല്‍പര്യമുള്ളയാളെ വിവാഹം ചെയ്യാനുള്ള അവകാശം ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ അവിഭാജ്യഘടകമാണെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഇരുവരെയും ഒരുമിപ്പിച്ചത്.

അതേസമയം, ഈ വിവാദം നിലനില്‍ക്കെ അച്ഛനെ ഇപ്പോഴും സംഘ്പരിവാര്‍ ആയുധമാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഹാദിയ രംഗത്തുവന്നു. താനിപ്പോള്‍ പുനര്‍വിവാഹിതയായി ഭര്‍ത്താവിനൊപ്പം തിരുവനന്തരുത്താണു കഴിയുന്നതെന്നും അക്കാര്യം അച്ഛനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെല്ലാം അറിയുമെന്നും ഇന്നലെ മീഡിയാവണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹാദിയ പറഞ്ഞു. താനിപ്പോഴും മുസ്‌ലിമാണെന്നും സുരക്ഷിതയാണെന്നും ഹാദിയ വ്യക്തമാക്കി.

ഇസ്‌ലാം സ്വീകരിച്ചിട്ട് എട്ടുവര്‍ഷമായി. തുടക്കം മുതല്‍ അച്ഛന്‍ എന്നെ ബുദ്ധിമുട്ടിക്കുകയാണ്. അച്ഛനെ ഇപ്പോഴും സംഘ്പരിവാര്‍ ഉപയോഗിക്കുകയാണ്. അച്ഛന്‍ അതിനു നിന്നുകൊടുക്കുന്നുവെന്നത് സങ്കടകരമാണ്. അച്ഛനും അമ്മയുമായി ഫോണിലും മറ്റും നിരന്തരം ആശയവിനിമയം നടക്കുന്നുണ്ട്. ഞാന്‍ സുരക്ഷിതയായാണു കഴിയുന്നത്. അത് ഏറ്റവും നന്നായി എന്റെ മാതാപിതാക്കള്‍ക്ക് അറിയാം. പൊലീസിനും സ്‌പെഷല്‍ ബ്രാഞ്ചിനുമെല്ലാം അത് അറിയാം. അവരെല്ലാം എന്നെ വിളിക്കുന്നതാണ്. അതില്‍ ഇനി എന്തിനാണു വ്യക്തത ആവശ്യമുള്ളതെന്ന് അറിയില്ല. പുതിയ കുടുംബജീവിതത്തില്‍ സന്തോഷവതിയാണ്. അച്ഛന്‍ ഒരു ദിവസം എന്നെ വിളിച്ചു പുതിയ വിവാഹബന്ധത്തെക്കുറിച്ചും സ്ഥലത്തെക്കുറിച്ചുമെല്ലാം ചോദിച്ചിരുന്നു. എല്ലാം വിശദമായി പറയുകയും ഭര്‍ത്താവിന്റെ ഉമ്മ അവരുമായി സംസാരിക്കുകയും ചെയ്തതാണ്. എന്നിട്ടും അച്ഛന്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു കേസ് കൊടുക്കുകയാണ്. ഇപ്പോള്‍ തനിക്കെതിരെ ഉണ്ടാകുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളുന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും ഹാദിയ പറഞ്ഞു.Post a Comment

0 Comments