Flash News

6/recent/ticker-posts

കുറ്റിപ്പുറത്ത് യുവാവിന്റെ മരണത്തിനിടയാക്കിയ അപകടത്തിലെ കാർ പോലിസ് കണ്ടെത്തി

Views

കാർ കോട്ടയം മെഡി. കോളജ് ഡോക്ടറുടേത്; തൃശൂരിൽ പൊളിക്കാൻ എത്തിച്ച കാർ പിടിച്ചെടുത്തു.

കുറ്റിപ്പുറം : കുറ്റിപ്പുറം ദേശിയപാതയില്‍ പാലത്തിനു മുകളിൽ വെച്ച് ബൈക്ക് യാത്രികനായ യുവാവ് ഓട്ടോറിക്ഷ ഇടിച്ച് മരിച്ച സംഭവത്തിലുൾപ്പെട്ട കാർ കണ്ടെത്തി. അപകടത്തിനു ശേഷം പൊളിച്ചു വിൽപന നടത്താൻ തൃശൂരിലെ കടയിലെത്തിച്ച കാർ കുറ്റിപ്പുറം പൊലീസ് പിടിച്ചെടുത്തു. 

സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടറും കോഴിക്കോട് സ്വദേശിയുമായ ബിജു ജോർജിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും തെളിവ് നശിപ്പിക്കലിനുമാണ് കേസ്. 

നവംബർ 27-നാണ് കേസിനാസ്പദമായ അപകടം നടന്നത്. പുലർച്ചെ 4.30-നാണ് ബൈക്ക് യാത്രികനായ കുറ്റിപ്പുറം കഴുത്തല്ലൂർ സ്വദേശി മാങ്ങാട്ടുപള്ളിയാലിൽ റസാഖിന്റെ മകൻ സനാഹ് (22) കുറ്റിപ്പുറം പാലത്തിനു മുകളിൽ വെച്ച് ഓട്ടോറിക്ഷ ഇടിച്ച് മരിക്കുന്നത്. ഓട്ടോറിക്ഷയിൽ ആദ്യം കാർ ഇടിക്കുകയും പിന്നീട് കാറും ഓട്ടോറിക്ഷയും ബൈക്കിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിനുശേഷം ഡോ. ബിജു ജോർജ് കാറുമായി രക്ഷപ്പെട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നിരവധി സ്ഥലങ്ങളിലെ സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചു. ഇതിൽ മുന്നിലെ ബംബർ ഒടിഞ്ഞുതൂങ്ങിയ നിലയിൽ ഒരു കാർ ഓടിച്ചുപോകുന്നത് കാണാമായിരുന്നുവെങ്കിലും നമ്പർ പ്ലേറ്റും മറ്റും വ്യക്തമായിരുന്നില്ല. ഇതിനിടയിലാണ് ചങ്ങരംകുളത്ത് പോലീസ് സ്ഥാപിച്ച നെറ്റ് വർക്ക് ക്യാമറയിൽനിന്ന് കാറിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നത്. 

സംഭവത്തെ തുടർന്ന് കുറ്റിപ്പുറം സിഐ പി.കെ.പത്മരാജന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കാറിനെക്കുറിച്ച് വിവരം ലഭിച്ചത്. ചങ്ങരംകുളത്തെ സിസിടിവിയിൽ നിന്നാണ് നമ്പർ പ്ലേറ്റ് ഒടിഞ്ഞു തൂങ്ങിയ കാറിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൃശൂരിലെ വാഹനങ്ങൾ പൊളിക്കുന്ന മാർക്കറ്റിൽനിന്ന് കാർ പൊലീസ് കണ്ടെത്തിയത്. അപകടത്തിൽപെട്ടശേഷം നിർത്താതെ പോയ കാർ കുന്നംകുളത്തുവച്ച് കേടുവന്നതോടെ അവിടെയുള്ള കടയിൽ പൊളിച്ചുവിൽക്കാനായി ഏൽപിക്കുകയായിരുന്നു. കാർ പൊളിക്കാൻ പിന്നീട് തൃശൂർ അത്താണിയിലെ കേന്ദ്രത്തിലെത്തിച്ചു. അപകടത്തെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് ഡോക്ടർ പൊലീസിനോട് പറഞ്ഞത്. എന്നാൽ അപകടത്തിനുശേഷം തെളിവ് നശിപ്പിക്കാനാണ് കാർ പൊളിച്ചുവിൽക്കാൻ ഡോക്ടർ ശ്രമിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.


Post a Comment

0 Comments