Flash News

6/recent/ticker-posts

ചോദ്യത്തിന് കോഴ വിവാദം: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി

Views

ദില്ലി : ചോദ്യത്തിന് കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. മഹുവ മൊയ്ത്രയ്‍ക്കെതിരായ എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ലോക്സഭയിൽ ചർച്ചയ്ക്ക് വച്ച ശേഷമായിരുന്നു പുറത്താക്കൽ. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മഹുവയെ പാർലമെൻറിൽ നിന്ന് നീക്കണമെന്നാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. മഹുവ മൊയ്ത്രയെ പുറത്താക്കുന്നതിനുള്ള വോട്ടെടുപ്പിൽ പ്രതിപക്ഷം പങ്കെടുത്തില്ല. 

മഹുവ മൊയ്ത്രയെ പുറത്താക്കാൻ ലോകസഭയ്ക്ക് അധികാരമില്ലെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം വാദിച്ചെങ്കിലും സ്പീക്കർ ഓം ബിർള അംഗീകരിച്ചില്ല. ഏഴ് മിനിറ്റെങ്കിലും സംസാരിക്കാൻ മഹുവയെ അനുവദിക്കണമെന്ന തൃണമൂൽ കോൺഗ്രസിൻറെ ആവശ്യവും സ്പീക്കർ അംഗീകരിച്ചില്ല. എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ സംസാരിക്കാൻ അവർക്ക് അവസരം ലഭിച്ചിരുന്നുവെന്നാണ് സ്പീക്കർ വിശദീകരിച്ചത്. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയം ശബ്ദ വോട്ടോടെയാണ് പാസാക്കിയത്. വോട്ടെടുപ്പ് ബഹിഷ്കരിച്ച് പ്രതിപക്ഷം സഭ വിട്ടതോടെ ലോക്സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.

അതേസമയം, അദാനിക്കെതിരായ പോരാട്ടം തുടരുമെന്ന് മഹുവ മൊയ്ത്ര പ്രതികരിച്ചു. തെളിവില്ലാതെയാണ് തനിക്കെതിരായ നടപടിയെന്നും മഹുവ ആരോപിച്ചു. അദാനിക്കെതിരെ സംസാരിച്ചതിനാണ് തന്നെ പുറത്താക്കിയത്.  പാർലമെൻറിന് അകത്തും പുറത്തും പോരാട്ടം തുടരുമെന്ന് മഹുവ മൊയ്ത്ര പറഞ്ഞു.



Post a Comment

0 Comments