Flash News

6/recent/ticker-posts

ക്രിസ്മസ് വരവറിയിച്ച്‌ വിപണികൾ

Views
തണുപ്പും മഞ്ഞും ക്രിസ്മസിനെ വരവേല്‍ക്കാൻ തെളിയുന്ന നക്ഷത്രവിളക്കും അലങ്കാരങ്ങളുമെല്ലാം ചേരുമ്പോള്‍ അത് ഓരോ വീടിനും നാടിനും നല്‍കുന്നത് പറഞ്ഞറിയിക്കാനാവാത്ത സൗന്ദര്യമാണ്. ഡിസംബര്‍ പിറന്നതോടെ ക്രിസ്മസിനെ വരവേല്‍ക്കാനുള്ള ഒരുക്കവും തുടങ്ങിക്കഴിഞ്ഞു. വീടുകളിലും തെരുവുകളിലും നക്ഷത്രങ്ങള്‍ മിഴി തുറന്നു. അലങ്കാര വിളക്കുകളും പുല്‍ക്കൂടുകളും ക്രിസ്മസ് ഗീതങ്ങളും ഇനി ആഘോഷത്തിന് കൂടുതല്‍ വര്‍ണശോഭ നല്‍കും. സ്നേഹവും സന്തോഷവും പകര്‍ന്നു ക്രിസ്മസ് പാപ്പമാര്‍ തെരുവുകളിലും വീടുകളിലും സജീവമാകും അതെ, ഇനി ആഘോഷത്തിന്റെ പകലിരവുകളാണ്. തെളിച്ചമുള്ള പകലുകളും പ്രഭാതങ്ങളിലെയും വൈകുന്നേരങ്ങളിലെയും തണുപ്പും നിശയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഉയരുന്ന മഞ്ഞുവീഴ്ചയുടെ താളാത്മകമായ ശബ്ദവും ഇലകള്‍ കൂമ്പിയടഞ്ഞു തുടങ്ങിയ മരങ്ങളുടെ ശിഖിരങ്ങള്‍ക്കിടയിലൂടെ പാറിവരുന്ന പാതിമറഞ്ഞ നിലാവിന്റെ വെട്ടവും ആകാശത്തിലെ അസംഖ്യം നക്ഷത്രങ്ങളും.. ക്രിസ്മസിനേയും പുതുവര്‍ഷത്തേയും വരവേല്‍ക്കാൻ വിപണി ഇത്തവണ നേരത്തെ തന്നെ ഉണര്‍ന്നു കഴിഞ്ഞു. കോവിഡ്‌ പ്രതിസന്ധികള്‍ മാറിയതിനാല്‍ വൻ കച്ചവട പ്രതീക്ഷയിലാണ് വ്യാപാരികള്‍. ഡെക്കറേഷൻ ലൈറ്റുകള്‍, നക്ഷത്രങ്ങള്‍, ക്രിസ്മസ് ട്രീ, കേക്കുകള്‍ തുടങ്ങി ക്രിസ്മസിനേയും ന്യൂഇയര്‍ ആഘോഷങ്ങളേയും വരവേല്‍ക്കാനുള്ളതെല്ലാം വിപണിയില്‍ വില്പനയ്ക്കായി എത്തിയിട്ടുണ്ട്. ഓരോ വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പുതിയ മോഡല്‍ നക്ഷത്രങ്ങള്‍, പേപ്പര്‍ സ്റ്റാറുകള്‍, വ്യത്യസ്ത മെറ്റീരിയലുകളിലുള്ള ക്രിബ്സെറ്റുകള്‍, വിവിധ വര്‍ണത്തിലുള്ള എല്‍ഇഡി ബള്‍ബുകള്‍ നിറഞ്ഞ ക്രിസ്തുമസ് ട്രീകള്‍, വര്‍ണ്ണശബളമായ എല്‍ഇഡി ബള്‍ബ് മാലകള്‍, അലങ്കാരവസ്തുക്കള്‍, ഡാൻസ് ചെയ്യുന്ന ഇലക്‌ട്രിക് സാന്താക്ലോസ് തുടങ്ങി നിരവധി ഉല്പന്നങ്ങളാണ് കടകളില്‍ നിറഞ്ഞിരിക്കുന്നത്. നക്ഷത്ര വിളക്കുകളുടെ വിപണിയില്‍ എല്‍ഇഡി, നിയോണ്‍ നക്ഷത്രങ്ങള്‍ക്കും ചുവപ്പും വെള്ളയും ഇടകലര്‍ന്ന വാല്‍നക്ഷത്രങ്ങള്‍ക്കുമാണ് ആവശ്യക്കാരുള്ളത്. കടലാസ് കൊണ്ടുള്ള സാധാരണ നക്ഷത്ര വിളക്കുകള്‍ തേടിയെത്തുന്നവരുമുണ്ട്. ചെറിയ സൈസിലുള്ള 10 രൂപ വിലയുള്ളവ മുതല്‍ 1000 രൂപയുടെ വരെയുള്ള കടലാസ് നക്ഷത്രങ്ങളും, എല്‍ഇഡി നക്ഷത്രങ്ങളും വിപണിയിലുണ്ട്. റെഡിമെയ്ഡ് പുല്‍ക്കൂടുകള്‍ക്കുമുണ്ട് ആവശ്യക്കാര്‍. തടിയിലും മുളയിലും തീര്‍ത്ത പുല്‍ക്കൂടുകളാണ് വിപണിയിലുള്ളത്. പ്ലാസ്റ്റര്‍ ഒഫ് പാരീസ്, തെര്‍മോക്കോള്‍, ഈറ്റ, ചൂരല്‍, ഹാര്‍ഡ്‌ബോര്‍ഡ് എന്നിവയ്ക്ക് പുറമെ ഫൈബറില്‍ തീര്‍ത്ത പുല്‍ക്കൂടുകളും സുലഭമാണ്. ഇത്തവണ വൈവിധ്യമായത് ക്രിസ്മസ് ട്രീകളാണ്. റെഡിമെയ്ഡ് ക്രിസ്മസ് ട്രീകള്‍ക്ക് 350 രൂപ മുതലാണ് വില. 3000 വരെ വിലയുള്ള ക്രിസ്മസ് ട്രീകള്‍ വിപണിയിലുണ്ട്. പ്ലാസ്റ്റിക്, ഫൈബര്‍ നാരുകളില്‍ തീര്‍ത്ത വെളുത്ത ക്രിസ്മസ് ട്രീയാണ് ഇത്തവണത്തെ താരം. ട്രീകള്‍ക്കുള്ള അലങ്കാര വസ്തുക്കള്‍ക്ക് പൊള്ളുന്ന വിലയാണ്. എന്നിരുന്നാലും ക്രിസ്മസ് ട്രീകള്‍ ഭംഗിയാക്കാൻ ക്രിസ്മസ് ബോളുകളും സമ്മാനപ്പൊതികളും മണികളും കുഞ്ഞു നക്ഷത്രവുമൊക്കെ തേടി ആളുകള്‍ എത്തുന്നുണ്ട്.


Post a Comment

0 Comments