Flash News

6/recent/ticker-posts

പ്രവാസികൾക്ക് മുമ്പിൽ വിമാന കമ്പനികൾ മുട്ടുമടക്കും: ഗൾഫിൽ നിന്ന് കേരളത്തിലേക്ക് കപ്പൽ യാത്ര യാഥാർഥ്യമാകുന്നു

Views
ദുബായ് :  ബേപ്പൂർ: കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ യാത്രാ കപ്പൽ സർവീസ് നടത്തുന്നതിന് ടെൻഡർ വിളിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ലോക്‌സഭയിൽ പറഞ്ഞു. ടെൻഡർ പ്രസിദ്ധീകരിക്കാൻ കേരള മാരിടൈം ബോർഡിനെയും നോർക്കയെയും ചുമതലപ്പെടുത്തി.

കഴിഞ്ഞ മാസം ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, നോർക്ക റൂട്ട്സ്, കേരള മാരിടൈം ബോർഡ് എന്നിവയുമായി നടത്തിയ വെർച്വൽ മീറ്റിങിലാണ് ഇക്കാര്യം തീരുമാനിച്ചത്. കേരളത്തിനും ഗൾഫിനും ഇടയിൽ സർവീസ് തുടങ്ങുന്നതിനായി ഉടനടി കപ്പൽ നൽകാൻ കഴിയുന്നവരും അനുയോജ്യമായ കപ്പലുകൾ കൈവശമുള്ളവരും ഇങ്ങനെ സർവീസ് നടത്താൻ താൽപ്പര്യം പ്രകടിപ്പിക്കുന്നവർക്കുമാണ് ടെൻഡറിൽ പങ്കെടുക്കാൻ സാധിക്കുക.

കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്ര കപ്പൽ സർവീസ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളെ സംബന്ധിച്ച് ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് മറുപടി നല്കുകകയായിരുന്നു മന്ത്രി.ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്, കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്, കേരള മാരിടൈം ബോർഡ്, കേരള ഗവൺമെന്റിന്റെ നോർക്ക റൂട്ട്സ് എന്നിവയുമായി, കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രയ്ക്കായി കപ്പൽ സർവ്വീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

യുഎഇ-കൊച്ചി- ബേപ്പൂർ കപ്പൽ സർവീസിന്റെ സാധ്യതകൾ പരിശോധിക്കാൻ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു. സാധാരണക്കാരായ പ്രവാസികളിൽനിന്നു വിമാന കമ്പനികൾ ആഘോഷ - അവധിവേളകളിൽ വൻ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. അതു നിയന്ത്രിക്കാൻ സാധ്യമല്ലെന്ന് വ്യോമയാന വകുപ്പും പ്രധാനമന്ത്രിയും അറിയിച്ച സാഹചര്യത്തിലാണു കപ്പൽ സർവീസ് എന്ന ആവശ്യം ഉയരുന്നത്.

10,000 രൂപ നിരക്കിൽ 200 കിലോ ലഗേജിനോടൊപ്പം മൂന്നു ദിവസം കൊണ്ട് ഗൾഫ് സെക്ടറിൽ നിന്നു കേരളത്തിലേക്കും തിരിച്ചും എത്താനാവുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പുറമേ ചുരുങ്ങിയ ചെലവിൽ കാർഗോ കയറ്റിറക്കുമതിക്കും അവസരം ലഭിക്കുമെന്നാണു വിലയിരുത്തൽ. യു.എ.ഇ. പ്രതിനിധി സംഘം ദുബൈ - കേരള സെക്‌ടറിൽ ചാർട്ടേഡ് യാത്രാകപ്പൽ, വിമാന സർവീസ് ആരംഭിക്കുന്നതിൻ്റെ ആവശ്യകതയും സാധ്യതയും ഉൾപ്പെടുത്തി മലബാർ ഡെവലപ്മെന്റ് കൗൺസിൽ തയാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിക്കു സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തുടർ നടപടികൾ. അടുത്ത ഓണത്തിന് മുമ്പ് സർവ്വീസാണ് ലക്ഷ്യം.


Post a Comment

0 Comments