Flash News

6/recent/ticker-posts

ഹൈറിച്ച് തട്ടിപ്പ് കേസ്; പ്രതികൾ സ്വീകരിച്ചത് 3141 കോടിയുടെ നിക്ഷേപം

Views

തിരുവനന്തപുരം: ഹൈറിച്ച് തട്ടിപ്പ് കേസിൽ പ്രതികൾ സ്വീകരിച്ചത് 3141 കോടിയുടെ നിക്ഷേപമെന്ന് സർക്കാർ. അന്തർ സംസ്ഥാന പണമിടപാട് നടന്നിട്ടുള്ളതായി കണ്ടെത്തിയെന്നും അന്താരാഷ്ട്ര പണമിടപാട് നടന്നതിന് തെളിവുകൾ ഇതുവരെയുള്ള അന്വേഷണത്തിൽ ലഭിച്ചിട്ടില്ലെന്നും സർക്കാർ അറിയിച്ചു.  നിയമസഭയിൽ ടി.ജെ വിനോദ് എം.എൽ.എ യുടെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.

കേസിൽ പ്രതികളുടെ സ്വത്ത് ഇ ഡി നേരത്തേ മരവിപ്പിച്ചിരുന്നു. ഹൈറിച്ച് ഉടമകളായ കെ ഡി പ്രതാപന്റെയും ഭാര്യ ശ്രീനയുടെയും പേരിലുള്ള 212 കോടിയുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. ക്രിപ്റ്റോ കറൻസി വഴി പ്രതികൾ 850 കോടി രൂപ തട്ടിയെടുത്തെന്നും ഇ ഡി കണ്ടെത്തിയിരുന്നു. കേസിൽ മുൻകൂർ ജാമ്യം തേടി പ്രതികൾ കലൂരിലെ പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹരജി കോടതി ഇന്നേക്ക് പരിഗണിക്കാൻ മാറ്റുകയായിരുന്നു.

ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ മറവിൽ ഉടമകൾ 2300 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് ഇഡിയുടെ നിഗമനം.  കേരളത്തിൽ മാത്രം 1630 കോടി രൂപയുടെ തട്ടിപ്പു നടത്തി എന്നായിരുന്നു പൊലീസ് റിപ്പോർട്ട്. കഴിഞ്ഞയാഴ്ചയാണ് കമ്പനി മാനേജിങ് ഡയറക്ടർ കെ.ഡി പ്രതാപന്റെയും ഭാര്യയും സിഇഒയുമായ ശ്രീനയുടെയും വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയത്. സായുധ സേനയുടെ അകമ്പടിയോടെ വന്ന ഇ.ഡി വീട്ടിലെത്തും മുമ്പ് ദമ്പതികൾ കടന്നുകടഞ്ഞിരുന്നു. ഇവരെ ബന്ധപ്പെടാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിക്ഷേപകരിൽനിന്ന് സ്വീകരിച്ച നൂറു കോടി രൂപ ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന പരാതിയിലാണ് ഇ.ഡി ഇവരുടെ വീട്ടിലെത്തിയത്. ലാഭവിഹിതവും മറ്റ് ആനുകൂല്യവും നൽകുമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ നിക്ഷേപം സ്വീകരിച്ചിരുന്നത്.


Post a Comment

0 Comments