Flash News

6/recent/ticker-posts

പർവ്വതങ്ങളെ പ്രണയിച്ച അദ്ധ്യാപിക; അടുത്ത ലക്ഷ്യം ആഫ്രിക്കയിലെ ഭീമൻ പർവ്വതങ്ങൾ

Views

മലപ്പുറം : കൊടുമുടികളോടും മലനിരകളോടും കലശലായ പ്രേമമാണ് ഈ അധ്യാപികയ്‌ക്ക്. എവറസ്‌റ്റ് കൊടിമുടിയോടു വരെ ഹായ് പറഞ്ഞു മടങ്ങിയിട്ടുണ്ട് പെരിന്തൽമണ്ണ ചെറുകര സ്വദേശി എൻ.പി.ദീപ. കേരളത്തിലെ മലകളായ മലകളേറെയും കയറിയിറങ്ങി. ഈ അധ്യാപികയുടെ കൈത്തണ്ടയിൽ തന്നെയുണ്ട് മലനിരയുടെ ടാറ്റൂ. 20 വർഷത്തോളമായി അധ്യാപികയായി ജോലി ചെയ്യുന്ന എൻ.പി.ദീപ കഴിഞ്ഞ രണ്ടു വർഷമായി കുന്നക്കാവ് ജിഎച്ച്എസ്എസിലെ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലിഷ് അധ്യാപികയാണ്.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് എവറസ്‌റ്റ് കൊടുമുടി കയറിയത്. 17598 അടി ഉയരത്തിൽ ബേസ് ക്യാംപ് വരെയെത്തി. കോഴിക്കോട്ടുനിന്ന് ഡൽഹിയിലേക്കും പിന്നീട് കാഠ്‌മണ്ഡുവിലേക്കും ലുക്‌ലയിലേക്കും വിമാനമാർഗമായിരുന്നു യാത്ര. ഒരാഴ്ച യാത്ര ചെയ്താണ് ബേസ് ക്യാംപിലെത്തിയത്. അവിടെനിന്ന് താഴേക്ക് മടങ്ങുകയായിരുന്നു. 2013ൽ പാങ്ങ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപികയായിരുന്നപ്പോഴാണ് മലനിരകൾ കീഴടക്കിയുള്ള യാത്രകൾ ആരംഭിക്കുന്നത്. തുടക്കത്തിൽ ഒരു സഹാധ്യാപികയുമുണ്ടായിരുന്നു കൂട്ടിന്. പിന്നീട് ഇതൊരു ഹരമായി.

2016ലായിരുന്നു ആദ്യ ഹിമാലയൻ ട്രക്കിങ്. 16,500 അടി ഉയരത്തിലുള്ള, ഉത്തരാഖണ്ഡിലെ രൂപ്‌ഖുണ്ഡിലേക്കായിരുന്നു യാത്ര. 2018ൽ 20,500 അടി ഉയരത്തിലുള്ള, കശ്‌മീരിലെ കാൻഗ്രിയിലേക്കു കയറിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ മുകളിലെത്താനാവാതെ പാതിവഴിയിൽ മടങ്ങേണ്ടി വന്നു.

2019ൽ ഹിമാചൽ പ്രദേശിലുള്ള ഹംപ്‌ത പാസയിലുമെത്തി. 2021ൽ ഉത്തരാഖണ്ഡിലെ, 12,000 അടി ഉയരത്തിലുള്ള ദയര ബുഗ്യാൽ, 2022ൽ ഉത്തരാഖണ്ഡിലെ തന്നെ, 12,500 അടി ഉയരത്തിലുള്ള കുവാരി പാസ് എന്നിവിടങ്ങളിലെത്തി. 2022ൽ തന്നെയാണ് 12,100 അടി ഉയരത്തിലുള്ള തുംഗനാഥിലും ചന്ദ്രശില പീക്കിലും എത്തിയത്. മലകയറ്റങ്ങളിൽ വില്ലനായെത്തുന്ന മഞ്ഞുവീഴ്‌ചകൾ പലപ്പോഴും പാതിവഴിയിൽ യാത്ര മുടക്കിയിട്ടുണ്ട്.

ദീപയുടെ പല പിറന്നാളുകളും ആഘോഷിച്ചത് മലകയറ്റത്തിനിടെയാണ്. മഞ്ഞു പെയ്യുന്ന മീശപ്പുലി മലയിലായിരുന്നു 44–ാം പിറന്നാൾ ആഘോഷം. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ യമുനോത്രിയിലും കേദാർനാഥിലുമെത്തി.

അഗസ്‌ത്യാർകൂടം, മീശപ്പുലിമല, വയനാട്ടിലെ ബ്രഹ്‌മഗിരി, ബാണാസുരമല, തിരുവനന്തപുരത്തെ വരയാട് മൊട്ട, കണ്ണൂരിലെ പൈതൽമല, കാസർകോട് റാണിപുരം എന്നിവിടങ്ങളിലെല്ലാം ഈ അധ്യാപികയുടെ ചവിട്ടടികൾ പതിഞ്ഞിട്ടുണ്ട്.

വർഷങ്ങൾക്ക് മുൻപ് പെരിന്തൽമണ്ണയ്‌ക്കടുത്തുള്ള കൊടികുത്തിമല കയറുന്നതു പോലും ഇവരുടെ സ്വപ്‌നത്തിലില്ലായിരുന്നു. തണുപ്പോ പൊടിയോ ഒന്നും അധികം പറ്റാത്ത പെട്ടെന്ന് ക്ഷീണിക്കുന്ന ശരീരവും മനസ്സും. എന്നാൽ മലകയറ്റത്തോട് മനസ്സ് അടുത്തതോടെ ആരോഗ്യസ്ഥിതിയും മാനസികാവസ്ഥയും കൂടുതൽ ഊർജസ്വലമായതായി ദീപ.

വീണ്ടുമൊരു യാത്രയ്‌ക്കുള്ള തയാറെടുപ്പിലാണ് ദീപ. ആഫ്രിക്കയിലെ ഉയരം കൂടിയ പർവത നിരയായ, കിളിമഞ്ചാരോ പർവതനിരകളാണ് ലക്ഷ്യം.


Post a Comment

0 Comments