Flash News

6/recent/ticker-posts

മെസി മലപ്പുറത്ത് പന്തുതട്ടും?; സ്റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരമായി നടത്താനാണ് ആലോചനയെന്ന് മന്ത്രി

Views

തിരുവനന്തപുരം: അർജൻ്റീന ഫുട്ബോൾ ടീമിന്റെ സൗഹൃദ മത്സരത്തിൽ ക്യാപ്റ്റൻ ലയണൽ മെസി പങ്കെടുക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. മലപ്പുറത്തെ സ്റ്റേഡിയത്തിൻ്റെ നിർമ്മാണം ആ സമയം പൂർത്തിയാകും. അവിടെ ഉദ്ഘാടന മത്സരമായി നടത്താനാണ് ആലോചന. അർജന്റീനയുമായി ഫുട്ബോൾ പരിശീലനത്തിന് ദീർഘകാല കരാർ ഒപ്പിടും. 5000 കുട്ടികളെ വരെ പരിശീലിപ്പിക്കാൻ തയ്യാറാണെന്ന് അർജന്റീന സമ്മതം അറിയിച്ചെന്നും ലോകകപ്പ് ജയിച്ച അർജന്റീന ടീമംഗങ്ങൾ മുഴുവൻ കളിക്കാൻ
സന്നദ്ധത അറിയിച്ചെന്നും മന്ത്രി പറഞ്ഞു.

അടുത്തവർഷം ഒക്ടോബറിലാകും അർജന്റീനൻ സൂപ്പർ താരം ലയണൽ മെസിയും സംഘവും കേരളത്തിലേക്ക് എത്തുക. ഇതുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രി ഓൺലൈനായി ചർച്ച നടത്തിയിരുന്നു.

അർജന്റീന ടീം കേരളത്തിൽ 2 സൗഹൃദ ഫുട്ബോൾ മത്സരങ്ങൾ കളിക്കുമെന്ന് മന്ത്രി വി.അബ്ദു‌റഹിമാൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അടുത്ത വർഷം ഒക്ടോബറിലാണ് മെസ്സിയും ടീമും കേരളത്തിലെത്തുകയെന്ന് മന്ത്രി ഫെയ്‌സ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.
നേരത്തേ ജൂണിൽ കളിക്കാനെത്തുമെന്നാണ് അർജന്റീന ടീം അറിയിച്ചിരുന്നത്. എന്നാൽ, ആ സമയം മൺസൂൺ കാലമായതിനാൽ കേരള പ്രതിനിധികൾ പ്രയാസം അറിയിക്കുകയായിരുന്നു. ഇതോടെയാണ് അടുത്ത വർഷം ഒക്ടോബറിൽ കളിക്കാനെത്താൻ അർജൻ്റീന സമ്മതിച്ചത്. കേരളവുമായി ഫുട്ബോൾ മേഖലയിൽ സജീവമായ സഹകരണത്തിനുള്ള സന്നദ്ധതയും അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.


Post a Comment

0 Comments