Flash News

6/recent/ticker-posts

അൻവറിന്റെ പാർക്കിന് എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് ലൈസൻസ് നൽകിയത് : ഇത്ര വേഗമൊക്കെ അനുമതി കൊടുക്കാൻ പഞ്ചായത്തുകൾക്കു സാധിക്കുമല്ലേ...?ഹൈക്കോടതി

Views
കൊച്ചി: പി.വി.അൻവർ എം എൽ എയുടെ കക്കാടംപൊയിലിലെ പാർക്കിന് ഒറ്റ ദിവസം കൊണ്ട് അനുമതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി ഹൈക്കോടതി. ‘ഇത്ര വേഗമൊക്കെ അനുമതി കൊടുക്കാൻ പഞ്ചായത്തുകൾക്കു സാധിക്കുമല്ലേ’ എന്നായിരുന്നു കേസ് പരി​ഗണിക്കവെ ജസ്റ്റിസ് വിജു എബ്രഹാമിന്റെ ചോദ്യം. അൻവറിന്റെ പാർക്കിന് എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് ലൈസൻസ് നൽകിയതെന്നും കോടതി ചോദിച്ചു. പഞ്ചായത്തുകൾ ഇത്ര വേഗത്തിൽ അനുമതി നൽകിയാൽ കോടതിയിൽ കേസുകൾ പകുതിയായി കുറയുമല്ലോ എന്നും വാദത്തിനിടെ കോടതി പറഞ്ഞു.

കൂടരഞ്ഞി പഞ്ചായത്താണ് പി.വി.അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ പാർക്കിന് ഒറ്റ ദിവസം കൊണ്ട് അനുമതി നൽകിയത്. ലൈസൻസ് ഇല്ലാതെ എങ്ങനെയാണ് ഇത്രനാൾ പ്രവർത്തിച്ചതെന്നു കോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെ, ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണു പഞ്ചായത്ത് അനുമതി നൽകിയത് എന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഒരാൾക്ക് 400 രൂപ വീതം പിരിച്ചാണു സന്ദർശകരെ പ്രവേശിപ്പിക്കുന്നതെന്നും പഞ്ചായത്ത് വിനോദ നികുതി അടക്കം ഒന്നും അടയ്ക്കുന്നില്ലെന്നും ഹർജിക്കാർ പറഞ്ഞു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

എന്നാൽ കുട്ടികളുടെ പാർക്ക് തുറക്കാൻ മാത്രമാണ് അനുമതി എന്നും റൈഡുകളും പൂളുകളും ഉപയോഗിക്കാൻ അനുമതിയില്ലെന്നും പഞ്ചായത്ത് അറിയിച്ചു. പാർക്കിൽ എന്തൊക്കെ പ്രവർത്തിപ്പിക്കാനാണ് അനുമതി നൽകിയത്, എന്തൊക്കെ പാടില്ല തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി സത്യവാങ്മൂലം നൽകാൻ കൂടരഞ്ഞി പഞ്ചായത്തിനും അൻവറിനും കോടതി നിർദേശം നൽകി. കേരള നദീസംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടി.വി.രാജനാണു പാർക്കിന്റെ പ്രവർത്തനത്തിനെതിരെ കോടതിയെ സമീപിച്ചത്.


Post a Comment

0 Comments