Flash News

6/recent/ticker-posts

പുലി വരുന്നേ..പുലി വരുന്നേ.. കഥ നടക്കുന്നത് ഇവിടെ വേങ്ങരയിലും.

Views


വേങ്ങര : വേങ്ങരയിൽ യുവാവ് കണ്ടത് പുലിയോ?  ജനങ്ങളെ ഭീതിയിലാഴ്ത്തിയ സംഭവം വളരെ രസകരമായ രീതിയിൽ ഒരാൾ ചിത്രീകരിക്കുന്നു.

പുലിയെ കണ്ട പയ്യനിട്ട വോയിസ് മെസ്സേജ് കേട്ട്  അയാൾക്ക് ഇരിക്കപ്പൊറുതി കിട്ടിയില്ല.മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് തെളിച്ച് പുറത്തിറങ്ങി. ചുവന്ന,മടക്കാവുന്ന ടോർച്ച് ജനൽപ്പടിയിലിരുന്ന് വിതുമ്പുന്നത് അയാൾ ശ്രദ്ധിച്ചില്ല. ഒരു പട്ടിക കയ്യിലെടുത്തു.... ഒരു സേഫ്റ്റിക്ക്. 
 "പാമ്പല്ല.... പുലിയാണ്...." ഭാര്യ കളിയാക്കുന്നത് കാര്യമാക്കാതെ, പുലിയുടെ മുന്നിൽ ചെന്ന് ചാടരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അയാൾ കവലയിലേയ്ക്കു നടന്നു.

മൊത്തത്തിൽ ഒരാഘോഷത്തിന്റെ പ്രതീതി.  ഓടിക്കൂടിയവരിൽ പലരും വാട്സപ്പിൽ തത്സമയ സംപ്രേഷണം ചെയ്യുന്ന തിരക്കിൽ.
" എടാ ഈ ഭാഗത്തു വാട്സാപ്പ് ജാമാണെന്നാ തോന്നുന്നത്...." മെസ്സേജ് ഷെയർ ചെയ്യാൻ ബുദ്ധിമുട്ടുന്ന ഒരു പുലിമുരുകൻ പരിതപിച്ചു. മെസ്സേജിന് കൊഴുപ്പേകാൻ ചിലർ ഗൂഗിളിൽ കരിമ്പുലിയുടെ അനുയോജ്യമായ ഫോട്ടോ തിരയുന്നതിൻറെ തിരക്കിൽ. പുലി സ്പർശിക്കുന്നുണ്ടോ എന്ന് വാട്സപ്പന്മാർ ഇടയ്ക്കിടെ ഭീതിയോടെ ശ്രദ്ധിക്കുന്നത് അയാൾ കണ്ടു. പുലിയെ കണ്ടത്താതെ മടങ്ങിച്ചെന്നാൽ ഭാര്യയിൽനിന്നു കേട്ടേക്കാവുന്ന പരിഹാസം മനസ്സിൽ പൊങ്ങി... പുലിയെ തിരയുന്ന ചെറുകൂട്ടത്തിന്റെ കൂടെ അയാളും കൂടി.

"ഞാൻ കണ്ടത് പുലി തന്നെ", പയ്യൻ ആണയിട്ടു. "പടച്ചോനേ, നീയതിനെ കാണിച്ചു തരണേ...ഇല്ലെങ്കിൽ എന്റെ മാനം... " പയ്യൻ മനമുരുകി.
പുലിയെ ചവിട്ടിയാലോ എന്നു ഭയന്ന് പലരും ചുവടുകൾ അതീവ ശ്രദ്ധയോടെ വച്ചു. ചിലർ നിലത്തു കണ്ട കാലടയാളങ്ങൾ താരതമ്യ പഠനത്തിന് വിധേയമാക്കുന്നതിന്റെ തിരക്കിലായിരുന്നു. മുമ്പ് പുലിയുടെ കാലടയാളങ്ങൾ കണ്ടിട്ടില്ലെങ്കിലും അയാളും  തന്റെ ഫ്ലാഷടിച്ചു കാലടയാളങ്ങൾ പരിശോധിച്ചു.

"നീ വല്ല 'മെരു'വിനെയായിരിക്കും കണ്ടത്...." ആ പരിസരം നന്നായറിയുന്ന ഒരു ‘വേട്ടക്കാരൻ പരിഹാസം പൊട്ടിച്ചു. പയ്യൻസിൻറെ ചങ്ക് ശക്തമായി ഇടിച്ചു.
"ഞാനിന്നേവരെ അത്തരമൊരു ജന്തുവിനെ കണ്ടിട്ടില്ല.... അത് പുലി തന്നെ.... അടുത്ത പ്രദേശങ്ങളിൽ പുലിയെ കണ്ടെന്ന വാർത്ത കേട്ടിരിക്കുന്നു...."

"ജനുവരിയിലെ തണുപ്പിൽ വിറങ്ങലിച്ചു നിന്നിരുന്ന പല വാട്സപ്പ് ഗ്രൂപ്പുകൾക്കും 'പുലി' ചാകരയായി. പുലിയെ കണ്ടത് സത്യമാണെന്ന വാദക്കാരും, കണ്ടത് പുലിയെയല്ല കറുത്ത പട്ടിയെയാണെന്നുള്ള വാദക്കാരും തമ്മിൽ പൊരിഞ്ഞ വാഗ്വാദത്തിന് വാട്സപ് ഗ്രൂപ്പുകൾ വേദിയായി. നേരിട്ടായിരുന്നെങ്കിൽ അടിയിൽ കലാശിക്കാവുന്ന തർക്കം! 
 "ഇവനൊക്കെ പുലിയുടെ മുന്നിൽ ചെന്ന് പെടണേ...." പുലിയനുകൂലികൾ പ്രാർത്ഥിച്ചു.
" പുലിയെ കണ്ടത് യാഥാർഥ്യമെങ്കിൽ അതിൻറെ  മുന്നിൽ ഇട്ടു കൊടുക്കരുതേ.... അവൻമാർക്ക്  അതിനെ കണ്ടെത്താൻ പറ്റരുതേ...." മറുപക്ഷവും പ്രാർത്ഥിച്ചു. 
വിദേശത്തുള്ളവർ നിരന്തരം നാട്ടിലെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു. കുട്ടികളെ കുറച്ചു ദിവസത്തേയ്ക്ക് വീടിന് പുറത്തേയ്ക്കു വിടേണ്ടന്നും, പയ്യൻസ് രാത്രിയിൽ ബൈക്കിൽ സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നുമൊക്കെയുള്ള ഉപദേശങ്ങളുടെ സന്ദേശവർഷം. 

കോലാഹലങ്ങളെല്ലാം കേട്ട് ചിരിയടക്കാൻ കഴിയാതെ കരിമ്പുലി പതുങ്ങിയിരുന്നു. തന്റെ കയ്യിലുള്ള ജിയോ സിമ്മുള്ള ഫോണിൽ ഗൂഗിൾ മാപ്പെടുത്തു. സുരക്ഷിതമായ താവളം കണ്ടെത്തി പതുങ്ങി നീങ്ങി. വാട്സപ്പന്മാരെ ഒരിക്കൽക്കൂടി പറ്റിച്ച ചാരിതാർത്ഥ്യത്തോടെ.
രാത്രി വൈകിയ തിരച്ചിലിനൊടുവിൽ  അതീവ നിരാശനായിരുന്ന അയാൾ പട്ടിക വലിച്ചെറിഞ്ഞു. ദീർഘനേരം ഫ്ലാഷ് ഉപയോഗിച്ചതുകൊണ്ട് ഫോണിൻറെ  ചാർജ് തീർന്നിരുന്നു. ഏത് സമയവും ഒരലർച്ചയോടെ പുലി മുന്നിൽ ചാടി വീഴുമെന്ന ഭയം മനസ്സിൽ... പുലിയെ കണ്ടെത്താൻ കഴിയാതെ വീടണയുമ്പോൾ നേരിടേണ്ട ഭാര്യയുടെ പരിഹാസശരങ്ങൾ.
അയാൾ പയ്യെ ഇരുട്ടിൽ തപ്പി നടന്നു നീങ്ങി.ദൂരെ ഒരു കറുത്ത രൂപം ഇഴഞ്ഞുനീങ്ങുന്നുണ്ടോ?  മനസ്സിൽ പിടപ്പിൻറെ ഒരു പുലിക്കിതപ്പ് ശക്തമായപ്പോൾ അയാൾക്ക് ഓടാതിരിക്കാൻ കഴിഞ്ഞില്ല.

അബ്ദുല്ലക്കുട്ടി വളപ്പിൽ 
പ്രിൻസിപ്പൽ, ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് സ്കൂൾ, ദുബൈ


Post a Comment

0 Comments